ഒറ്റയ്‌ക്കൊരു സങ്കീര്‍ത്തനമാല…

ലോകത്തിന് കിട്ടിയ വലിയൊരു അക്ഷയനിധിയാണ് വിശുദ്ധ ഗ്രന്ഥം. തളര്‍ന്നിരിക്കുന്നവന് തണലായും വേദനിച്ചിരിക്കുന്നവന് ആശ്വാസമായും ഒറ്റപ്പെട്ടുപോയവന് കൂട്ടായും ദുര്‍ബലന് കരുത്തായും ബൈബിള്‍ മാറിയിട്ടുണ്ട്. ലോകത്തിലെ സര്‍ഗ്ഗാത്മകരായ അനേകം കലാകാരന്മാര്‍ക്ക് ബൈബിള്‍ എത്ര കോരികുടിച്ചാലും തീര്‍ന്നുപോകാത്ത ഒരു ജലാശയമാണ്. തങ്ങള്‍ക്ക് ദൈവം നല്കിയ താലന്തുകള്‍ അനുസരിച്ച് വിവിധ രൂപത്തിലും ഭാവത്തിലും അളവിലും പാത്രങ്ങളിലുമായി അവര്‍ ബൈബിള്‍ എന്ന നിധിയെ സ്വീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു.
സിബിച്ചന്‍ ഇരിട്ടി എന്ന സംഗീതസംവിധായകനും ആ വഴിക്കാണ് നീങ്ങിയത്. ബൈബിളിലെ 150 സങ്കീര്‍ത്തനങ്ങള്‍ ഗാനരൂപത്തില്‍ അവതരിപ്പിച്ചാണ് വിശുദ്ധ ഗ്രന്ഥത്തോടുള്ള തന്റെ സ്‌നേഹവും ഭക്തിയും ആദരവും അദ്ദേഹം പ്രകടമാക്കിയിരിക്കുന്നത്. സിബിച്ചന്‍ ഇരിട്ടി എന്ന് കേട്ടിട്ടില്ലാത്തവര്‍ പോലും ശാലോം ടിവിയുടെ തീം സോങ്ങായ മാടപ്പിറാവായി പറക്കണം എന്ന ഗാനവും അമ്മ മടിയിലിരുത്തി കുരിശുവരപ്പിച്ച സന്ധ്യകളും എന്ന ഭക്തി ഗാനവും ഒരുവട്ടമെങ്കിലും കേട്ടിട്ടുണ്ടാവും. ആത്മാവിന്റെ സ്പര്‍ശവും ദൈവത്തിന്റെ കൃപയും ഒഴുകിയിറങ്ങിയിട്ടുള്ളവയാണ് അദ്ദേഹം ഈണമിട്ട എല്ലാ ഗാനങ്ങളും തന്നെ. ദൈവം അദ്ദേഹത്തിന് നല്കിയ പ്രതിഭയുടെ മികച്ച ഉദാഹരണമായി മാറിയിരിക്കുകയാണ് സങ്കീര്‍ത്തനങ്ങളുടെ ഈ ഗാനരൂപം.
സങ്കീര്‍ത്തനങ്ങള്‍ ഇതിന് മുമ്പും പലരും ഗാനരൂപത്തിലാക്കിയിട്ടുണ്ടെങ്കിലും ഒറ്റയ്‌ക്കൊരാള്‍ 150 സങ്കീര്‍ത്തനങ്ങളും ഈണം നല്കി ഓര്‍ക്കസ്‌ട്രേഷനും നിര്‍വഹിച്ച് പുറത്തിറക്കിയിരിക്കുന്നത്് മലയാളത്തില്‍ ഇത് ആദ്യമായിട്ടായിരിക്കും. നാലുവര്‍ഷത്തെ തന്റെ ധ്യാനത്തിന്റെയും പ്രാര്‍ത്ഥനയുടെയും അദ്ധ്വാനത്തിന്റെയും ഫലമാണ് ഈ സങ്കീര്‍ത്തനോപഹാരമെന്ന് സിബിച്ചന്‍ ഇരിട്ടി പറയുന്നു.ബൈബിള്‍ മൂലകൃതിയിലെ സങ്കീര്‍ത്തനങ്ങള്‍ ഗാനരൂപത്തിലുളളതാണെങ്കിലും മലയാളത്തിലുളള അതിന്റെ തര്‍ജ്ജമ പാടാന്‍ കഴിയുന്ന വിധത്തിലല്ല. ഇത്തരമൊരു തിരിച്ചറിവില്‍ നിന്നാണ് സങ്കീര്‍ത്തനങ്ങളെ ഗാനരൂപത്തില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ താന്‍ ഇറങ്ങിത്തിരിച്ചതെന്ന് സിബിച്ചന്‍ പറയുന്നു.

ദൈവരാജ്യത്തിന് വേണ്ടി നിസ്വാര്‍ത്ഥമായും ആത്മാര്‍ത്ഥമായും വേല ചെയ്യണമെന്ന് ആഗ്രഹിക്കുന്ന പേരു പോലും വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാളുടെ പിന്തുണയും പ്രോത്സാഹനവുമാണ് സങ്കീര്‍ത്തനങ്ങളെ ഇത്തരമൊരു രൂപത്തില്‍ അവതരിപ്പിക്കാന്‍ കാരണമായതെന്ന് സിബിച്ചന്‍ നന്ദിയോടെ അനുസ്മരിക്കുന്നു. ഒപ്പം കൂടെ പ്രവര്‍ത്തിച്ച മറ്റുള്ളവരെയും.

ദൈവത്തിന് വേണ്ടി ഇത്രയുമെങ്കിലും എനിക്ക് ചെയ്യാന്‍ കഴിഞ്ഞുവല്ലോ? സിബിച്ചന്‍ വിനയാന്വിതനാകുന്നു. സാധാരണക്കാര്‍ക്ക് പോലും വളരെ എളുപ്പത്തില്‍ പാടാന്‍ കഴിയത്തക്കവിധത്തിലാണ് ഈണം നല്കിയിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
ജീവിതത്തിലെ വലിയൊരു സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് സിബിച്ചന്‍ ഇരിട്ടി. തലശ്ശേരി അതിരൂപതയുടെ ധ്യാനകേന്ദ്രമായ മദര്‍ ഹോം പുറത്തിറക്കിയ കെടാവിളക്കാണ് സിബിച്ചന്റേതായി ഏറ്റവും പുതുതായി പുറത്തിറങ്ങിയ സിഡി. ഇരുപതിലധികം സിഡികള്‍ക്ക് അദ്ദേഹം സംഗീതം നിര്‍വഹിച്ചിട്ടുണ്ട്. ശാലോം ടിവി, ആത്മീയയാത്ര, ഗുഡ്‌നെസ് ടിവി എന്നി ചാനലുകളില്‍ സംഗീതസംവിധായകനായി ജോലി ചെയ്തതിന് പുറമെ  അനവധി സംഗീത പ്രോഗ്രാമുകളും അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ അധ്യാപികയായ സിജിമോള്‍.
രണ്ട് പെണ്‍മക്കള്‍.

You must be logged in to post a comment Login