‘ഒളിംപിക്‌സ്’ ലക്ഷ്യംവയ്‌ക്കേണ്ടത് ജീവിതസന്തോഷവും വികസനവും

‘ഒളിംപിക്‌സ്’ ലക്ഷ്യംവയ്‌ക്കേണ്ടത് ജീവിതസന്തോഷവും വികസനവും

ജനീവ: കായികവിനോദത്തിന്റെ ലക്ഷ്യം വികസനവും ജീവിതസന്തോഷവുമായിരിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ഐവാന്‍ യര്‍ക്കോവിച്ച്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ ജനീവ കേന്ദ്രത്തിലെ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകനാണ് ആര്‍ച്ച്ബിഷപ്പ് യര്‍ക്കോവിച്ച്.
കായികോത്സവങ്ങളിലെ മനുഷ്യാവകാശ മൂല്യങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടു നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒളിംപിക്‌സ് ആദര്‍ശങ്ങള്‍ക്കും മാനവികമൂല്യങ്ങള്‍ക്കും വിരുദ്ധമായ ഘടകങ്ങള്‍ കായികോത്സവങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടണമെന്ന് ആര്‍ച്ച്ബിഷപ്പ് യര്‍ക്കോവിച്ച് പറഞ്ഞു. സാമൂഹികവും ധാര്‍മ്മികവുമായ മൂല്യങ്ങളും ആരോഗ്യകരമായ മത്സരബുദ്ധിയുമാണ് ഒളിംപിക്‌സ് വേദികളില്‍ ഉണ്ടാവേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെച്ചപ്പെട്ട സാമൂഹികബന്ധവും സാഹോദര്യവും വളര്‍ത്താന്‍ ഒളിംപിക്‌സ് സഹായകമാകണമെന്നും മനുഷ്യന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വേദിയാവണം ഒളിംപിക്‌സ് എന്നും ആര്‍ച്ച് ബിഷപ്പ് ഐവാന്‍ യര്‍ക്കോവിച്ച് വ്യക്തമാക്കി.

ബ്രസീലിലെ റിയോ നഗരത്തില്‍ ഓഗസ്റ്റ് 5 മുതല്‍ 21 വരെയാണ് ഒളിപിക്‌സ് മത്സരങ്ങള്‍.

You must be logged in to post a comment Login