ഓമനയും ബളാല്‍ മാതാവും പിന്നെ അത്ഭുതങ്ങളും…

സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ദൈവം പരിശുദ്ധ കന്യാമറിയം വഴി ചെയ്യുന്ന അത്ഭുതങ്ങള്‍ കണ്ട് ഇന്ന് കേരളത്തിലെ ക്രൈസ്തവസമൂഹം അത്ഭുതപരതന്ത്രരാകുകയാണ്. തട്ടിപ്പെന്നും കൃത്രിമമെന്നും ഒരിക്കല്‍ ആരോപിച്ചിരുന്നവര്‍ പോലും ഇന്ന് ഈ ദൈവികഇടപെടലിന് മുമ്പില്‍ പ്രാര്‍ത്ഥനാനിമഗ്നരായി കൈ കൂപ്പുന്നു.

പതിനാറ് വര്‍ഷം മുമ്പ് ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവന്ന അമ്പതു വയസുകാരിയായ ഓമന എന്ന അല്‍ഫോന്‍സയുടെ ജീവിതം ദൈവത്തിന്റെ ഇടപെടല്‍ മൂലം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2014 നവംബര്‍ 18 മുതല്‍. മജ്ജയില്‍ കാന്‍സര്‍ രോഗബാധിതയായി ശരീരം മുഴുവനും വേദനയും നീരുമായി കട്ടിലില്‍ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു അക്കാലങ്ങളില്‍ ഓമന.

റബര്‍ടാപ്പിംങും അയല്‍വീടുകളിലെ ജോലിയും ചെയ്താണ് ഓമന കുടുംബം നോക്കി നടത്തിയിരുന്നത്. നാലു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണമടയുകയും മകള്‍ വിവാഹിതായി കോട്ടയത്തേക്ക് പോവുകയും ചെയ്തതോടെ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൈാസൈറ്റി നിര്‍മ്മിച്ചുകൊടുത്ത ചെറിയ വീട്ടില്‍ ഇളയമകനും ഓമനയും മാത്രമായിരുന്നു താമസം. അയല്‍ക്കാരുടെ സഹായത്തോടെ ചികിത്സ മുന്നോട്ടുപോകുന്നുണ്ടായിരുന്നുവെങ്കിലും കഠിനമായ വേദനയില്‍ ഓമന നീറിപിടയുകയായിരുന്നു.

അത്തരമൊരു ദിവസമാണ് മുറ്റത്തുനിന്ന് ആരോ വിളിക്കുന്നത് കട്ടിലില്‍ കിടക്കുകയായിരുന്ന ഓമന കേട്ടത്. ആദ്യത്തെയും രണ്ടാമത്തെയും വിളിക്ക് പ്രത്യുത്തരിക്കാന്‍ തയ്യാറായില്ലെങ്കിലും വീണ്ടും വിളി തുടര്‍ന്നുകൊണ്ടിരുന്നതിനാല്‍ മനസ്സില്ലാമനസ്സോടെ ഓമന കട്ടിലില്‍ നിന്നെണീറ്റ് മുന്‍വശത്തേക്ക് ചെന്നു. മുറ്റത്ത് ചട്ടയും മുണ്ടും ധരിച്ചുനില്ക്കുന്ന ഒരു അമ്മച്ചിയെയാണ് ഓമന കണ്ടത്. ഇന്നേവരെ കണ്ടിട്ടില്ലാത്ത ആള്‍.

മോളേ നിനക്ക് നല്ല ക്ഷീണം തോന്നുന്നുവല്ലോ.. നിനക്കെന്തുപറ്റിയെന്ന് വല്യമ്മച്ചിയുടെ ക്ഷേമാന്വേഷണത്തിന് ഓമന തന്റെ ശാരീരികവല്ലായ്മകള്‍ പറഞ്ഞു.

അതുകേട്ടപ്പോള്‍ അമ്മച്ചി ഉദാരവതിയും സ്‌നേഹമയിയുമായി..

നീ അകത്തുപോയി എണ്ണയോ കുഴമ്പോ ഉണ്ടെങ്കില്‍ അത് എടുത്തുകൊണ്ടുവാ..ഞാന്‍ തിരുമ്മിത്തരാം..

അമ്മച്ചി പറഞ്ഞു. ഉപയോഗിച്ച് ബാക്കിവന്നിരുന്ന കുഴമ്പ് അകത്തുനിന്ന് ഓമന എടുത്തുകൊണ്ടുവന്നു. അമ്മച്ചി അത് വാങ്ങി ഓമനയുടെ കൈകാലുകള്‍ തിരുമ്മി. അപ്പോള്‍തന്നെ എന്തോ ഒരു ആശ്വാസം പോലെ ഓമനയ്ക്ക് അനുഭവപ്പെട്ടു.

അമ്മച്ചി എവിടുന്നാ.. എന്ന ഓമനയുടെ ചോദ്യത്തിന് ഞാന്‍ നേര്‍ച്ചയ്ക്ക് വന്നതാ എന്ന് അമ്മച്ചി മറുപടി പറഞ്ഞു. നേര്‍ച്ചപ്പണവുമായി തിരിച്ചുവന്നപ്പോള്‍ ഓമന കസേരയില്‍ അമ്മച്ചിയെ കണ്ടില്ല. അമ്മച്ചി എവിടെ പോയി എന്ന് അമ്പരന്നു നിന്ന ഓമന അയല്‍വീടുകളില്‍ അമ്മച്ചിയുണ്ടായിരിക്കുമെന്ന് കരുതി അവിടേയ്ക്ക് അന്വേഷിച്ചു ചെന്നു.

ഇന്നലെ വരെ രോഗബാധിതയായി കട്ടിലില്‍ കിടന്നിരുന്ന ഓമന ആരോഗ്യവതിയായി മുമ്പില്‍ നില്ക്കുന്നതുകണ്ടപ്പോള്‍ അയല്‍ക്കാരാണ് അമ്പരന്നത്. അപ്പോഴാണ് തനിക്ക് ലഭിച്ച അത്ഭുതരോഗസൗഖ്യത്തെക്കുറിച്ച് ഓമന തിരിച്ചറിയുന്നത്.

.ഇല്ല..ശരീരത്തില്‍ വേദനയില്ല.. പരിപൂര്‍ണ്ണസൗഖ്യം. ഇതെങ്ങനെ സംഭവിച്ചു എന്ന് അയല്‍ക്കാരുടെ ചോദ്യത്തിന് ഓമന സംഭവിച്ചതെല്ലാം വിവരിച്ചു.

അത് മാതാവ്തന്നെ.. മറ്റൊരിടത്തും ആ അമ്മച്ചിയെ കണ്ടെത്താതെ വന്നപ്പോള്‍, ഓമനയ്ക്ക് പരിപൂര്‍ണ്ണസൗഖ്യം ലഭിച്ചപ്പോള്‍ എല്ലാവരും തീര്‍ച്ചപ്പെടുത്തി.

തന്നെപോലെ സാധാരണക്കാരിയായ ഒരുവള്‍ക്ക് മാതാവ് പ്രത്യക്ഷപ്പെടുമോ.. മാതാവ് പ്രത്യക്ഷത്തില്‍ അത്യത്ഭുതകരമായ സൗഖ്യം നല്കുമെന്നോ.. ഓമനയ്ക്ക് അത് വിശ്വസിക്കാനായില്ല.. ഓമന ഓടിച്ചെന്ന് വികാരിയച്ചനെ വിവരമറിയിച്ചു. അച്ചന്‍ രാവിലെയും വന്ന് ഓമനയുടെ സൗഖ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുപോയതാണ്. വിവരമറിഞ്ഞപ്പോള്‍ അച്ചന്‍ പറഞ്ഞു, ജപമാല ചൊല്ലി പ്രാര്‍ത്ഥിക്ക്.. കൂടുതലായ പ്രാര്‍ത്ഥനയിലേക്കും വിശ്വാസത്തിലേക്കും ഓമനയുടെ ജീവിതം വഴിമാറി.

ഡിസംബര്‍ മൂന്ന്. വെളുപ്പിന് മാതാവിന്റെ രൂപത്തിന് മുമ്പില്‍ നിന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു ഓമനയും മകനും. വല്യമ്മച്ചിക്ക് കൊടുത്ത കുഴമ്പുകുപ്പി ആ രൂപത്തിന് മുമ്പില്‍ അപ്പോഴും ഉണ്ടായിരുന്നു. അപ്പോഴാണ് മറ്റൊരു അത്ഭുതം ഓമന കണ്ടത്. ആ കുപ്പിനിറഞ്ഞുകവിഞ്ഞ് എണ്ണ ഒഴുകുന്നു..

വിവരമറിഞ്ഞ് ആളുകള്‍ ഓടിക്കൂടി.. ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന ബളാലിലെ മാതാവിന്റെ അത്ഭുതങ്ങളുടെ തുടക്കമായിരുന്നു അത്…

***

കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിന് സമീപമാണ് ബളാല്‍. ഇവിടെ രജിസ്‌ട്രേഷന്‍ ഓഫീസിന് എതിര്‍വശത്താണ് ഓമനയുടെ വീട്. ആദ്യ അത്ഭുതം നടന്നുകഴിഞ്ഞപ്പോള്‍ തന്നെ ആളുകളുടെ പ്രവാഹമായിരുന്നു ഓമനയുടെ വീട്ടിലേക്ക്.. നിറഞ്ഞുതുളുമ്പിയ കുപ്പിയില്‍ നിന്ന് എണ്ണ ധാരാളമായി ആളുകള്‍ അവരുടെ വീടുകളിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. എത്ര എടുത്താലും വീണ്ടും എണ്ണ കുപ്പിയില്‍ നിറയുകയാണ്.

ആദ്യം എണ്ണ മാത്രമാണ് ഇങ്ങനെ ഒഴുകിയിരുന്നതെങ്കില്‍ ഇന്ന് നെയ്യ്, തേന്‍, പാല്‍ എന്നിവയും ഒഴുകിത്തുടങ്ങിയിട്ടുണ്ട്. സുഗന്ധാഭിഷേകവും അനുഭവിക്കാന്‍ കഴിയുന്നു.ഇക്കഴിഞ്ഞ സെപ്തംബര്‍ എട്ടിന് മാതൃരൂപത്തില്‍ നിന്ന് പാലാണ് ഒഴുകിയത്. ബുധന്‍, ശനി ദിവസങ്ങളിലാണ് കൂടുതലായും ഈ അത്ഭുതങ്ങള്‍ നടക്കുന്നത്. ദിനംപ്രതി ആയിരത്തി അഞ്ഞൂറോളം പേരാണ് ഇവിടെ പ്രാര്‍ത്ഥനയ്ക്കായി എത്തിച്ചേരുന്നത്.

അവിശ്വാസത്തോടെ വന്നവര്‍ പലരും വിശ്വാസികളായി തിരിച്ചുപോയതിന്റെ നിരവധി കഥകളും പറയാനുണ്ട്.. ഇതെന്തുകൊണ്ട് സംഭവിക്കുന്നു, എങ്ങനെ സംഭവിക്കുന്നു എന്നതിന് മാനുഷികമായ രീതിയില്‍ ഉത്തരം പറയുവാന്‍ ആര്‍ക്കും സാധിക്കുന്നില്ല. തട്ടിപ്പാണെന്ന് ആരോപിക്കുന്നവര്‍ക്ക് മാതൃരൂപത്തില്‍ നിന്ന് ഇപ്രകാരം എങ്ങനെ എണ്ണ ഒഴുക്കാന്‍ സാധിക്കുന്നു എന്നതിന് വിശദീകരണം നല്കാനും സാധിക്കുന്നില്ല.

ഏഴുലിറ്റര്‍ കൊള്ളുന്ന വലിയ ബെയ്‌സനിലാണ് മാതാവിന്റെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിന്റെ അടുത്ത് വല്യമ്മച്ചിക്ക് കൊടുത്ത കുപ്പിയും വച്ചിട്ടുണ്ട്. ഇവിടെ നിന്ന് ശേഖരിച്ചുകൊണ്ടുപോകുന്ന എണ്ണയും നെയ്യും അനേകരുടെ രോഗശാന്തിക്കും കാരണമാകുന്നു. ഓമനയുടെ അടുക്കല്‍വന്ന വല്യമ്മച്ചി ഇരുന്ന കസേരയില്‍ ഇരിക്കുന്നവര്‍ക്ക് അത്ഭുതകരമായ രോഗസൗഖ്യം ഉണ്ടായതായും സാക്ഷ്യങ്ങളുണ്ട്.കൂടുതലും കാന്‍സര്‍ രോഗികള്‍ക്കായാണ് ഓമന പ്രാര്‍ത്ഥിക്കുന്നത്.

ആരും നേര്‍ച്ചകാഴ്ചകള്‍ ഇവിടെ സമര്‍പ്പിക്കരുതെന്നും സംഭാവനകള്‍ നല്കരുതെന്നും രൂപതയുടെ കര്‍ശനമായ നിര്‍ദ്ദേശമുണ്ട്. രൂപതയുടെയും വികാരിയച്ചന്റെയും വാക്കുകള്‍ അക്ഷരംപ്രതി അനുസരിച്ചാണ് ഓമന മുന്നോട്ടുപോകുന്നതും.

വിശ്വാസികളുടെ ബാഹുല്യം നിമിത്തം ഇവിടെ പൊതുജനങ്ങളുടെ സഹകരണത്തോടെ, ഏഴുസെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വീടിനോട് ചേര്‍ന്ന് ഒരു ഷെഡ് നിര്‍മ്മിച്ചിട്ടുണ്ട്. ഈ വീട്ടിലേക്ക് കോണ്‍ക്രീറ്റ് നടപ്പാതയും നിര്‍മ്മിച്ചിട്ടുണ്ട്.

അടുത്തദിവസങ്ങളില്‍ തലശ്ശേരി ആര്‍ച്ച് ബിഷ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഇവിടെയെത്തി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. വെളുപ്പിന് മുതല്‍ ഈ കൊച്ചുഭവനത്തിലേക്ക് വിശ്വാസികളുടെ പ്രവാഹമാണ്. ഇപ്പോള്‍ ഓമനയ്ക്ക് പഞ്ചക്ഷതങ്ങളും ലഭിച്ചുതുടങ്ങിയിട്ടുണ്ട.

കഠിനമായ വേദനയോടെ പഞ്ചക്ഷതങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനും അപ്രത്യക്ഷമാകുന്നതിനും കന്യാസ്ത്രീകള്‍ ഉള്‍പ്പടെ അനേകര്‍ സാക്ഷികളായിട്ടുണ്ട്..

വേളാങ്കണ്ണി പോലെ, ഫാത്തിമ പോലെ, ലൂര്‍ദ്ദ് പോലെ..നാളെ ബളാലും മാറുമെന്നാണ് വിശ്വാസികളുടെ പ്രതീക്ഷ. അതിന് വേണ്ടിയാണ് ഇവരുടെ പ്രാര്‍ത്ഥനയും…

You must be logged in to post a comment Login