ഓരോ പ്രഭാതവും പുതിയതാണ്..

0d246deഓരോ പ്രഭാതത്തിലും കര്‍ത്താവിന്റെ സ്‌നേഹം പുതിയതാണ് എന്നാണ് വിശുദ്ധ ഗ്രന്ഥം നമ്മോട് പറയുന്നത്. അതായത് പഴയകാലത്തെ മുറിവുകളും നന്ദികേടുകളും മറന്നുകൊണ്ട് എല്ലാം ആദ്യം മുതല്‍ക്കേ തുടങ്ങാന്‍ കര്‍ത്താവ് സന്നദ്ധനാകുന്നു

. പുതിയ സ്‌നേഹം കൊണ്ട് അവിടുന്ന് നമ്മെ നിറയ്ക്കുന്നു. ഓരോ ദിവസത്തിലും പുതിയ സ്‌നേഹം കൊണ്ട് കര്‍ത്താവ് നമ്മെ നിറയ്ക്കുന്നുവെങ്കില്‍ അനുദിനജീവിതത്തിലെ വ്യാപാരങ്ങളില്‍ നമുക്ക് ഇത് എത്രമാത്രം സാധിക്കുന്നുണ്ട് എന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും.

നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, നമ്മള്‍ പലപ്പോഴും ഇന്നലെത്തെ മുറിവുകള്‍ ഇന്നും ഉള്ളില്‍ കൊണ്ടുനടക്കുന്നവരാണ്. അവന്‍ അല്ലെങ്കില്‍ അവള്‍ ഇന്നലെ ചെയ്ത പ്രവൃത്തി, നമ്മോട് കാണിച്ച നീതികേട് അതുമല്ലെങ്കില്‍ നമ്മോട് അഹിതകരമായി പെരുമാറിയത് …ഒന്നിനെയും ക്ഷമിച്ചുകളയാന്‍ നമുക്കാവുന്നില്ല.. ഫലമോ അവയുമായി നാം ഓരോ ദിവസവും ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു.

പുതിയൊരു സ്‌നേഹത്തിലേക്ക് നമ്മുടെ ജീവിതങ്ങള്‍ ഇനിയും മാറ്റപ്പെടുന്നില്ല എങ്കില്‍ നാം എന്നും പഴയ അവസ്ഥയില്‍ തന്നെ തുടരും.
പുതിയ മനുഷ്യരാവുക എന്നതാണ് പ്രധാനം. പഴയ മനുഷ്യനെ അവന്റെ എല്ലാ ദുരാശകളോടും കൂടി പിഴുതുകളയുവാനാണ് ദൈവം നമുക്ക് ഓരോ പ്രഭാതങ്ങള്‍ കൂടി നല്കിക്കൊണ്ടിരിക്കുന്നത്.

എന്നിട്ടും പഴയ പാപങ്ങളും പഴയ കോപങ്ങളും പഴയ പകയും പഴയ തഴക്കദോഷങ്ങളുമായി നാം മുന്നോട്ടുപൊയ്്‌ക്കൊണ്ടിരിക്കുന്നു. പഴയതെല്ലാം കടന്നുപോയി പുതിയത് വന്നുചേര്‍ന്നിരിക്കുന്നുവെന്നാണല്ലോ ബൈബിള്‍ പറയുന്നത്. അതിനാല്‍ പുതിയതായ സ്‌നേഹത്തിലേക്ക് നമുക്ക് പ്രവേശിക്കാം.. സ്‌നേഹത്തിന്റെ , ക്ഷമയുടെ , സഹിഷ്ണുതയുടെ, കരുണയുടെ പുതിയ പ്രഭാതത്തിലേക്ക് നമുക്ക് കടന്നുചെല്ലാം… ഓരോ പ്രഭാതവും പുതിയ അവസരമാണ്..

കുറെക്കൂടി നന്മ ചെയ്യാനും നല്ലവരാകാനുമുളള അവസരം.. പൂര്‍ണ്ണമായും ഒറ്റയടിക്ക് ഇതൊന്നും വിജയിച്ചില്ലെങ്കിലും അതിലേക്കുള്ള ചെറിയൊരു ശ്രമമെങ്കിലും ഇന്ന് തുടങ്ങിവച്ചുകൂടെ?

You must be logged in to post a comment Login