ഓര്‍മ്മിക്കാനൊരു സ്‌നേഹം

ഓര്‍മ്മിക്കാനൊരു സ്‌നേഹം

ഓര്‍മ്മയ്ക്കായുള്ളതാണ് ഓരോ സ്മാരകങ്ങളും. സ്മാരകങ്ങളാകട്ടെ ഓര്‍മ്മ പുതുക്കാനുള്ളതും. ഓര്‍മ്മകളുടെ തിരുവത്താഴ മേശയില്‍ ഉയര്‍ന്നുനില്ക്കുന്ന സ്‌നേഹത്തിന്റെ സ്മാരകമാണ് വിശുദ്ധ കുര്‍ബാന. ‘നിങ്ങള്‍ ഇത് എന്റെ ഓര്‍മ്മയ്ക്കായി ആചരിക്കുവിന്‍..

ലോകത്തില്‍ നശ്വരമായ വസ്തുക്കളുടെയും വ്യക്തികളുടെയും പേരില്‍ പോലും സ്മാരകങ്ങള്‍ പണിയാന്‍ തുടക്കമായത് ക്രിസ്തുവിന്റെ അനശ്വരമായ ആ സ്മാരകത്തിന്റെ സ്വാധീനം മൂലമാണ്. അങ്ങനെ ലോകത്തിലെ ആദ്യത്തെ സ്മൃതിമണ്ഡപം തീര്‍ത്തവന്‍ എന്ന ഖ്യാതിയും ക്രിസ്തുവിന് സ്വന്തമാകുന്നു.

അനശ്വരമായ ഓര്‍മ്മയ്ക്കായി ക്രിസ്തു വിശുദ്ധ കുര്‍ബാന സ്ഥാപിച്ചില്ലായിരുന്നുവെങ്കില്‍ ക്രിസ്തുപോലും വിസ്മരിക്കപ്പെടുമായിരുന്നില്ലേ? കാരണം ഓര്‍മ്മിക്കുവാന്‍ സ്‌നേഹം വേണം. സ്‌നേഹിക്കുവാന്‍ ഓര്‍മ്മ വേണം. സ്‌നേഹമില്ലാത്തവന് ഓര്‍മ്മിക്കാനാവില്ല.. ഓര്‍മ്മകളില്ലാത്തവന് സ്‌നേഹിക്കാനുമാവില്ല. സ്‌നേഹിക്കുന്നവന്‍ സ്‌നേഹിക്കപ്പെടാനായി സ്‌നേഹത്തിന്റെ സ്മാരകങ്ങള്‍ പണിയുന്നു. അല്ലെങ്കില്‍ അവന്റെ സ്‌നേഹം തന്നെ സ്മാരകമായി മാറുന്നു. സ്‌നേഹം സ്മാരകമായി മാറുമ്പോള്‍ അതിന് ജീവനോളം വിലയുണ്ട്.

അതെ, രക്തം പൊടിഞ്ഞ ത്യാഗത്തിന്റെ നനവാണ് വിശുദ്ധ കുര്‍ബാന..സ്‌നേഹത്തിന്റെ ഓര്‍മ്മയ്ക്കായുള്ള ആഗ്രഹമാണ് വിശുദ്ധ കുര്‍ബാന.
കാഴ്ചക്കപ്പുറത്തേക്ക് രൂപവും കേള്‍വിപ്പുറത്തിനപ്പുറം ശബ്ദവും മറയുമ്പോള്‍ മറന്നുപോകുന്ന സഹജസ്വഭാവമുള്ളവരാണ് നമ്മള്‍. എന്നിട്ടും അങ്ങനെയല്ലാതെയും ചില സ്‌നേഹങ്ങള്‍, ബന്ധങ്ങള്‍… അത് ഈ ഭൂമിയുടെ സമ്പത്താണ്, സൗഭാഗ്യവും.

ഒരത്താഴമേശ സ്‌നേഹത്തിന്റെ ഓര്‍മ്മയാകുമ്പോള്‍, അതേക്കുറിച്ചോര്‍ക്കുമ്പോള്‍ അറിയാതെ കണ്ണ് നിറയുന്നു. വീണ്ടും വീണ്ടും എത്തിച്ചേരാന്‍ കൊതിക്കുന്ന, ഒരു വീടകമാകുന്നു ഓരോ ബലിവേദിയും. അവിടെ ആശ്വാസമുണ്ട്.. അഭയമുണ്ട്.. സന്തോഷമുണ്ട്.

പക്ഷേ ഏതു മനോഭാവത്തോടെയാണ് അവിടം സമീപിക്കുന്നത് എന്നതാകുന്നു മുഖ്യം. മനോഭാവങ്ങള്‍ ജീവിതത്തിന്മേലുള്ള കാഴ്ചപ്പാടുകളെ നിര്‍ണ്ണയിക്കുന്നു. ഒരേ ബലി ഒരാള്‍ക്ക് വിരസവും മറ്റൊരാള്‍ക്ക് അനുഭവവും വേറെയൊരാള്‍ക്ക് ആനന്ദവുമാകുന്നത് അങ്ങനെയൊക്കെയാണ്.

ശരീരം മുറിയുന്നതിന്റെയും ചോര വാര്‍ന്നൊഴുകുന്നതിന്റെയും കഠിനവേദനകള്‍ എത്രയായിരിക്കാം, എങ്ങനെയായിരിക്കാം എന്ന് ചിലപ്പോഴെങ്കിലും അതനുഭവിക്കാത്ത ഒരാള്‍ക്കുപോലും മനസ്സിലായെന്നുവരാം. എന്നാല്‍ ആത്മാവില്‍ ഏല്ക്കുന്ന മുറിവുകളുടെ ആഴം ആര്‍ക്കും കണ്ടെത്താനാവില്ല.

ഒരാള്‍ തള്ളിപ്പറയാന്‍ നാവൊരുക്കുന്നു..വേറൊരാള്‍ ഒറ്റുകൊടുക്കാന്‍ അധരങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു.. മറ്റ് ചിലരാകട്ടെ ഓടിപ്പോകാനായി, ചിതറിക്കപ്പെടാനായി കാലുകള്‍ നീട്ടിവയ്ക്കുന്നു..എല്ലാം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവിക്കാവുന്ന ചില അനിവാര്യതകള്‍..

എന്നിട്ടും ഒരാള്‍ മാത്രം നെഞ്ചോട് ചേര്‍ന്നുകിടക്കുന്നു.. നെഞ്ചിലെ കനലിന്റെ ചൂടറിയാനെന്നവണ്ണം.. അടര്‍ത്തിമാറ്റുവാന്‍ തോന്നുന്നില്ല ക്രിസ്തുവെന്ന സ്‌നേഹത്തിന്. ഭൂമിയുടെ നൈമിഷികതയില്‍ ഇനി ഇങ്ങനെയൊരിക്കലും ചേര്‍ന്നിരിക്കാന്‍ അവസരമുണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ക്രിസ്തു നല്കുന്ന സൗജന്യം..അവന്‍ ഇവിടെ കിടന്നുകൊള്ളട്ടെ.. എന്റെ അരുമയായ യോഹന്നാന്‍.

ഇങ്ങനെ സ്‌നേഹത്തിന്റെയും സ്‌നേഹനിരാസത്തിന്റെയും വഞ്ചനയുടെയും മാറിമാറിവരുന്ന ആത്മസംഘര്‍ഷങ്ങള്‍ക്കിടയിലാണ് ക്രിസ്തു അനശ്വരമായ ബലി സ്ഥാപിക്കുന്നത്. പ്രതികൂലങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും മധ്യേ ഹിതകരമല്ലാത്ത പലതും തീരുമാനമായി എടുത്തുപോകുന്ന മനുഷ്യര്‍ക്കൊക്കെ ഒരു പാഠമായി ക്രിസ്തു ഉറച്ചതും വ്യക്തതയാര്‍ന്നതും മനോഹരവുമായ ഒരു പ്രഖ്യാപനം നടത്തുന്നു.
ഇതെന്റെ ശരീരമാകുന്നു
ഇതെന്റെ രക്തമാകുന്നു
നിങ്ങള്‍ ഇതില്‍ നിന്ന് വാങ്ങി ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുവിന്‍..
നിങ്ങള്‍ ഇത് എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍…

ഒറ്റുകൊടുക്കപ്പെട്ട രാത്രിയായിരുന്നു അത്. ഒറ്റുകൊടുക്കുക എന്നാല്‍ ഇന്നലെ വരെ കൂടെനിന്നവന്‍ മാറിനിന്ന് ചതിക്കുന്നതാണ്. വൈരിയാണ് എന്നോട് ദ്രോഹം ചെയ്തിരുന്നതെങ്കില്‍ എനിക്കത് ക്ഷമിക്കാമായിരുന്നു. പക്ഷേ ഉറ്റബന്ധുവായ നീയാണ് അത് ചെയ്തതെന്ന് മട്ടിലുള്ള ആത്മസങ്കടം ബൈബിളില്‍ നിന്ന് മുഴങ്ങുന്നുണ്ട്. അതേ അവസ്ഥയിലായിരുന്നു ക്രിസ്തുവും.

നെടിയൊരു ആശയക്കുഴപ്പത്തിന്റെ പേരില്‍ പോലും എത്രയാണ് നമ്മുടെ തീരുമാനങ്ങള്‍ തെറ്റിപ്പോകുന്നത്? അപ്പോഴാണ് ഒരിക്കലും തിരുത്തലാവശ്യമില്ലാത്ത, തീരുമാനമെടുത്തതിന്റെ പേരില്‍ ആത്മസംഘര്‍ഷങ്ങള്‍ അനുഭവിക്കാതെ ക്രിസ്തു എല്ലാ മനുഷ്യവംശത്തിന് വേണ്ടിയും ആ ഒരു തീരുമാനം എടുത്തത്. ഞാനെന്റെ ശരീരം വിഭജിച്ച് നിങ്ങള്‍ക്കായി വീതം വയ്ക്കുന്നു.
രക്തം പാനം ചെയ്യുക..ശരീരം ഭക്ഷിക്കുക…

കുഞ്ഞുകാലങ്ങളില്‍ കേട്ടപ്പോഴൊക്കെ എന്തോ അരുതായ്ക തോന്നിയിരുന്നു. കാരണം രക്തം കുടിക്കുന്നത് ഏതോ അമാനുഷികശക്തികളും നിഷേധാത്മകപ്രവണതകളും ഉള്ളവരാണെന്നായിരുന്നു അതുവരെ മനസ്സിലാക്കിയിരുന്നത്. പക്ഷേ പിന്നീട് മനസ്സിലായി രക്തം ജീവനാണെന്ന്.. രക്തം വാര്‍ന്നുപോയി മരണമടയുന്ന വാര്‍ത്തകള്‍ പറഞ്ഞുതന്നത് അതാണ്. അപ്പോള്‍ രക്തത്തിന്റെ അഭാവം ജീവനെടുക്കുന്നുവെന്ന് മനസ്സിലായി. രക്തത്തില്‍ ജീവനുണ്ട്. അതുകൊണ്ടാണ് ബലിവേദിയില്‍ കൂദാശചെയ്യപ്പെടുന്ന വീഞ്ഞ് ഒരുവന്റെ ആത്മാവിനും ശരീരത്തിനും ജീവനേകുന്നത്..

വര്‍ഷങ്ങളായി വിശുദ്ധകുര്‍ബാന മാത്രം സ്വീകരിച്ച് ജീവിച്ച മിസ്റ്റിക്കുകളെക്കുറിച്ച് നാം വായിച്ചിട്ടില്ലേ? ക്രിസ്തുവിന്റെ വിയര്‍പ്പുതുള്ളികള്‍ ആത്മസംഘര്‍ഷങ്ങളുടെ പൂങ്കാവനത്തിലും പ്രാര്‍ത്ഥനകളുടെ ഗദ്‌സ്‌തെമനിയിലും വച്ച് രക്തത്തുള്ളികളായി മാറിയിരുന്നുവല്ലോ? ആ പരിണാമം അതിന്റെ പൂര്‍ണ്ണതയിലെത്തിയത് തിരുവത്താഴമേശയ്ക്കലായിരുന്നു.

ചരിത്രമായി മാറിയ ഒരു കര്‍മ്മത്തിന്റെ നൈരന്തര്യത്തിന്റെ ആരംഭമായിരുന്നു അത്. പിന്നെ എത്ര കാലങ്ങള്‍.. എത്ര ബലിയര്‍പ്പണങ്ങള്‍..എത്ര പങ്കാളികള്‍…

ശരീരം അപ്പമാണ് എന്ന പാഠത്തിനൊപ്പം ശരീരത്തിന്റെ പവിത്രതയും കൂടിയാണ് ക്രിസ്തു വ്യക്തമാക്കിത്തന്നത്. നിങ്ങളത് മറ്റൊരാളുമായി പങ്കുവയ്ക്കുമ്പോള്‍, അതുവരേയ്ക്കു മാത്രമല്ല അതിന് ശേഷവും പവിത്രമായി അത് സൂക്ഷിക്കേണ്ടിയിരിക്കുന്നു.

അപ്പവും പാനീയവുമായി ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു ക്രിസ്തു ചെയ്ത പല അത്ഭുതങ്ങളും എന്ന് ഓര്‍മ്മിക്കുന്നതും നന്നായിരിക്കും. പച്ചവെള്ളത്തെ മുന്തിരിവീഞ്ഞാക്ക ിമാറ്റിയതു മുതല്‍ അഞ്ചപ്പം അയ്യായിരങ്ങള്‍ക്കായി പങ്കുവച്ചും പിന്നെ ചൂടുപ്രാതലൊരുക്കി കടല്‍ത്തീരത്ത് ശിഷ്യരെ കാത്തിരുന്നതുവരെയുള്ള രേഖപ്പെടുത്തിയ ഒരുപിടി സംഭവങ്ങള്‍ ഇതിനെ സാധൂകരിക്കുന്നുണ്ട്.

ഭക്ഷണമേശയ്ക്കലിരിക്കുമ്പോള്‍ ഭക്ഷണത്തെയല്ലാതെ അത് പാകം ചെയ്തവരെ നമ്മില്‍ എത്ര പേര്‍ ഓര്‍മ്മിക്കുന്നുണ്ട്? വീട്ടിലെ അടുക്കളക്കാരി( അമ്മ, ഭാര്യ, പെങ്ങള്‍….) മുതല്‍ മുന്തിയ ഹോട്ടലുകളില്‍ വരെ ഭക്ഷണം കഴിക്കുമ്പോള്‍ അതിന് വേണ്ടി കഷ്ടപ്പെട്ടവരെ നാം ഓര്‍ക്കാറേയില്ല.

ജേര്‍ണലിസം പഠിച്ച കാലത്തെ ഒരനുഭവം എക്കാലവും ഓര്‍ത്തുവയ്ക്കണമെന്ന് മനസ്സില്‍ ആഗ്രഹിക്കുന്ന ഒന്നാണ്. ഞാനും സുഹൃത്തും കൂടിയാണ് ഉച്ചനേരത്ത് ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയത്. വയര്‍ തൃപ്തമായിരുന്നിട്ടും രണ്ടാമതും സേര്‍വ് ചെയ്യാന്‍ വന്ന വെയിറ്ററോട് വീണ്ടും ഭക്ഷണം ആവശ്യപ്പെട്ടു. കഴിക്കാന്‍ വേണ്ടിയായിരുന്നില്ല, പണം കൊടുത്ത് കഴിക്കുന്നതല്ലേ ഹോട്ടലുകാര്‍ക്ക് അത്രയും ലാഭം വേണ്ട എന്ന് കരുതിയായിരുന്നു അത്. എന്റെ മനോഭാവം വ്യക്തമാക്കിയപ്പോഴാണ് സുഹൃത്ത് പറഞ്ഞത്, ‘എടാ, നീ എത്രയോ പേരുടെ അദ്ധ്വാനമാണ് ആര്‍ക്കും ഉപകരിക്കാതെ ഇങ്ങനെ ഉച്ഛിഷ്ടമാക്കി മാറ്റിയത്. വയലില്‍ വിത്തുവിതച്ച കര്‍ഷകന്‍ മുതല്‍ വിളമ്പിതന്നെ വെയിറ്റര്‍ വരെയുള്ള എത്രയോ പേരുടെ അദ്ധ്വാനം. ആ അദ്ധ്വാനം കാണാതെ പോകരുത്..’

അത് വലിയൊരുപാഠമായിരുന്നു. പിന്നീട് വിളമ്പിക്കിട്ടിയതിന് മുമ്പിലൊക്കെ മനസ്സിലെങ്കിലും ഒന്നു നമസ്‌ക്കരിക്കാതെ ഭക്ഷണം കഴിച്ചിട്ടേയില്ല. അതിനും ശേഷമാണ് ചോറു കഴിക്കാനിരിക്കുമ്പോള്‍ ഒരു ഗ്ലാസ് വെള്ളവും സൂചിയും കരുതിയിരുന്ന തിരുവള്ളുവരിനെക്കുറിച്ച് വായിക്കുന്നത്. അറിയാതെ വീണുപോകുന്ന ഒരു വറ്റ്‌പോലും പെറുക്കിയെടുത്ത് കഴുകി കഴിക്കാന്‍ വേണ്ടിയായിരുന്നുവത്രെ അത്.

വിളമ്പിക്കിട്ടിയ ഓരോ സ്‌നേഹത്തിനും സഹായത്തിനും സൗഹൃദത്തിനും മുമ്പില്‍ ആദരപൂര്‍വ്വം ശിരസ് നമിക്കുന്നു. ഉദരപൂരണത്തിന് മാത്രമുള്ള ഈ ഭക്ഷണത്തെ പോലും നാം അത്രകണ്ട് ബഹുമാനിക്കുകയും സ്‌നേഹപൂര്‍വ്വം സ്മരിക്കുകയും ചെയ്യേണ്ടതുണ്ടെങ്കില്‍ ക്രിസ്തു തന്നെയായ തിരുവപ്പം നാം എങ്ങനെയായിരിക്കണം സ്വീകരിക്കേണ്ടത്? എത്ര സ്‌നേഹം..എത്ര നന്ദി..എത്ര ആദരവ്..പക്ഷേ എത്രപേരുണ്ടാവും അങ്ങനെ..? അറിയില്ല.

എഴുതിയിട്ടുള്ളത് ആവര്‍ത്തിക്കാതിരിക്കാനാവില്ല, ചൂടാറാത്ത കുമ്പസാരക്കൂട്ടില്‍ നിന്നല്ലാതെ എനിക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കാനാവില്ല. കഴിയുന്നത്ര അങ്ങനെതന്നെയാണ് താനും. അര്‍ഹതയില്ലാതെ സ്വീകരിച്ചിട്ട് പാപം ചെയ്യുന്നതിനെക്കാള്‍ എത്രയോ നല്ലതാണ് സ്വീകരിക്കാതെ പാപം വര്‍ദ്ധിപ്പിക്കാതിരിക്കുന്നത്.

മനസ്സും ശരീരവും ശുദ്ധിയോടെ വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോഴെല്ലാം ജീവനുള്ള അപ്പത്തിന്റെ മുറിയപ്പെടുന്ന സ്‌നേഹത്തിന്റെ വേദനകള്‍ ആത്മാവില്‍ എനിക്ക് അനുഭവിക്കാന്‍ കഴിയുന്നു. ആ സെഹിയോന്‍ മാളിക.. അവിടെത്തെ രംഗങ്ങള്‍…ജീവിതം അപ്പമായി മാറ്റേണ്ടിവരുന്നവന്റെ ത്യാഗവേദനകള്‍.. ആത്മസംഘര്‍ഷങ്ങള്‍..

വെറുതെ ഇനിയൊരിക്കലും അത് സ്വീകരിക്കരുതേ.. അതിനെ തീരെ വിലയില്ലാത്തതായി കരുതരുതേ.. ക്രിസ്തുവായി മാറാനുള്ള അമൂല്യമായ അവസരമാണ് ഓരോ ദിവ്യകാരുണ്യസ്വീകരണവേളയും. ആ നിമിഷത്തെ സ്‌നേഹിക്കണം.. അതിന് പിന്നിലെ സ്‌നേഹത്തെ സ്മരിക്കണം.. ആ സ്മരണയ്ക്ക് മുമ്പില്‍ കൂപ്പുകൈകളോടെ…

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login