ഓര്‍മ്മ വന്ന് തിരി തെളിക്കുന്നു…( സെലിന്റെ കഥ; മാര്‍ട്ടിന്റെയും) 14

Mother and Daughter Holding Hands

അമ്മയില്ലാത്ത വീട്..

മാര്‍ട്ടിന്റെയും സെലിന്റെയും മക്കള്‍ക്ക് അതോര്‍മ്മിക്കാന്‍ കൂടി കഴിഞ്ഞില്ല. അമ്മ ഒരു നാള്‍ പെട്ടെന്ന് നിലാവു പോലെ മാഞ്ഞുപോകുമെന്ന് ആരറിഞ്ഞു? മക്കളുടെ ജീവിതത്തില്‍ അമ്മയ്ക്കുള്ള സ്ഥാനം എത്രയോ അനിഷേധ്യമാണ്.!

മരണത്തിന്റെ മണം വിട്ടൊഴിയാത്ത മുറിയില്‍ മക്കള്‍ അഞ്ചുപേരും കൂടി പരസ്പരം നോക്കി വിഷാദത്തോടെ ഇരിക്കുകയായിരുന്നു. അമ്മയെക്കുറിച്ചുള്ള ഓര്‍മ്മ പുഴ പോലെ അവരിലൂടെ ഒഴുകി. അമ്മച്ചിക്ക് അവസാനമായി ഉമ്മ കൊടുത്തതിന്റെ ഓര്‍മ്മ തെരേസയുടെ മനസ്സിലേക്ക് കടന്നുവന്നു.

അമ്മച്ചിയെ കിടത്തിയിരുന്ന പെട്ടിയുടെ ചിത്രവും അവളുടെ മനസ്സിലേക്ക് കടന്നുവന്നു. അത്തരമൊരു പെട്ടി ആദ്യമായിട്ടായിരുന്നു അവള്‍ കാണുന്നത്. സെലിനെ കൃത്യമായി അതിനുള്ളില്‍ കാണാന്‍ കഴിയാത്തതിനാല്‍ തെരേസയ്ക്ക് ഏന്തിവലിഞ്ഞുനോക്കേണ്ടി വന്നു. അമ്മച്ചിയുടെ മുഖം ശാന്തമായിരുന്നുവെങ്കിലും ആ കാഴ്ചയുടെ നടുക്കം തെരേസയുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോയിരുന്നില്ല. സെലിനെയും തെരേസയെയും ഓര്‍ത്തായിരുന്നു എല്ലാവരുടെ വിഷമം. പൊടിക്കുഞ്ഞുങ്ങള്‍.. അമ്മയില്ലാതെ അവരെങ്ങനെ വളരും?

പെട്ടെന്നായിരുന്നു സെലിനെയും തെരേസയെയും നോക്കി ളൂയിസാ കരഞ്ഞത്..

ഈ കുഞ്ഞുങ്ങള്‍ക്ക് അമ്മയില്ലാതെപോയല്ലോ..

അതുകേട്ടയുടനെ സെലിന്‍ മരിയയുടെ തോളിലേക്ക് ചാഞ്ഞു.

ഇനി ചേച്ചിയാണ് എന്റെ അമ്മ.. സെലിന്‍ എന്തു ചെയ്താലും അത് അനുകരിക്കുന്ന ശീലമുള്ളവളായിരുന്ന തെരേസ ഉടനെ പൗളിന്റെ തോളിലേക്ക് ചാഞ്ഞു.

എങ്കില്‍ എന്റെ അമ്മ ചേച്ചിയായിരിക്കും..
ഈ രംഗമെല്ലാം മാര്‍ട്ടിന്‍ കാണുന്നുണ്ടായിരുന്നു. ഇളയവര്‍ക്ക് മുത്ത സഹോദരങ്ങള്‍ അമ്മമാരായിത്തീര്‍ന്നിരിക്കുന്നു. ഹോ എന്റെ ദൈവമേ.. എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ..

അങ്ങനെ പ്രാര്‍ത്ഥിക്കാനല്ലാതെ മറ്റൊന്നിനും മാര്‍ട്ടിന് കഴിയുമായിരുന്നില്ല.
സെലിന്റെ അഭാവത്തില്‍ പ്രാര്‍ത്ഥനയ്ക്കായി മുട്ടുകുത്തിയപ്പോള്‍ അവരുടെ മനസ്സിലേക്ക് അമ്മയുടെ ഓര്‍മ്മ വീണ്ടും കടന്നുവന്നു. പ്രാര്‍ത്ഥന ചൊല്ലാന്‍ എപ്പോഴും തങ്ങളെ സഹായിക്കാറുണ്ടായിരുന്ന അമ്മയുടെ ഓര്‍മ്മ.

സെലിന്‍ രോഗാവസ്ഥയില്‍ കഴിഞ്ഞ നാളുകളില്‍ മാര്‍ട്ടിന്റെ രണ്ടാമത്തെ സഹോദരി ഫാന്നി മാര്‍ട്ടിന്റെ മകന്‍ ലെറിക്കിന്റെ ഭാര്യ സെലിനെയും തെരേസയെയും അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമായിരുന്നു. പകല്‍ മുഴുവന്‍ കുട്ടികള്‍ അവിടെയായിരുന്നു ചെലവഴിച്ചിരുന്നത്.

ഒരു ദിവസം പ്രഭാതജപം ചൊല്ലാതെയാണ് അവര്‍ ആ വീട്ടിലേക്ക് പുറപ്പെട്ടത്.പ്രാര്‍ത്ഥന ചൊല്ലാതെയാണ് തങ്ങള്‍ വന്നിരിക്കുന്നതെന്ന് അറിയിച്ചപ്പോള്‍ മാഡം ലെറിക്ക് കുട്ടികളെ ഒരു മുറിയില്‍ ആക്കിയിട്ട് നിങ്ങള്‍ പ്രാര്‍ത്ഥിച്ചോളൂ കുട്ടികളേ എന്ന് പറഞ്ഞ് പുറത്തേക്ക് പോയി. ആ നേരമാണ് അമ്മയുടെ സാന്നിധ്യത്തിന്റെ വില തെരേസ ആദ്യമായി അറിഞ്ഞത്. അമ്മ ഇങ്ങനെ അല്ലായിരുന്നുവല്ലോ ചെയ്യുമായിരുന്നത് എന്ന ഓര്‍മ്മയില്‍ അന്ന് തെരേസ പൊട്ടിക്കരഞ്ഞുപോയി.

അമ്മ എപ്പോഴുംപ്രാര്‍ത്ഥിക്കാന്‍ സഹായിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ മുട്ടുകുത്തിയപ്പോഴും ആ ചിന്ത തെരേസയുടെ മനസ്സിലേക്ക് കടന്നുവന്നു. കുരിശുവരയ്ക്കാന്‍ കഴിയാതെ അവള്‍ കരഞ്ഞു. പൗളിന് അവള്‍ കരയുന്നതിന്റെ കാരണം മനസ്സിലായി. പൗളിന്‍ ഓടിച്ചെന്ന് തെരേസയെ തന്നോട് ചേര്‍ത്തണച്ചു.

മോള് കരയണ്ടാ ചേച്ചിയമ്മ കുരിശ് വരപ്പിച്ചുതരാം..

അത് പറയുമ്പോള്‍ പൗളിന്റെ തൊണ്ട ഇടറുകയും മിഴികള്‍ നനയുകയും ചെയ്തു.

ദിവസങ്ങള്‍ കടന്നുപോയി. തെരേസ മുറ്റത്തുകൂടി നടക്കുമ്പോഴാണ് ഒരു ആപ്രിക്കോട്ട് പഴം വീണുകിടക്കുന്നത് കണ്ടത്. അവള്‍ അത് ഓടിച്ചെന്നെടുത്തു. സെലിന് ഏറെ ഇഷ്ടമുള്ള പഴമായിരുന്നു അത്. അമ്മ അകത്തുണ്ടല്ലോ അമ്മയ്ക്ക് അതുകൊണ്ടുപോയി കൊടുക്കാം എന്നായിരുന്നു അവള്‍ കരുതിയത്. സെലിന്‍ചേച്ചിയായിരുന്നു അക്കാര്യത്തില്‍ തെരേസയുടെ മാതൃക. ആപ്രിക്കോട്ട് പഴവുമായി അമ്മയുടെ അടുത്തേക്ക് ഓടിപ്പോകാറുണ്ടായിരുന്ന സെലിന്‍ ചേച്ചിയെ അവള്‍ക്ക് പ രിചയമുണ്ടായിരുന്നു.

രോഗം മുര്‍ച്ഛിച്ച അവസരത്തിലും ആപ്രിക്കോട്ട് പഴവുമായി സെലിന്‍ചേച്ചി അമ്മച്ചിയുടെ അടുക്കലെത്തിയതായിരുന്നു. പക്ഷേ അതൊന്നും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു സെലിന്‍ അപ്പോള്‍. ആപ്രിക്കോട്ട് പഴം നോക്കി നില്ക്കുമ്പോള്‍ തെരേസയുടെ കണ്ണ് നിറഞ്ഞു.

ഇനി ഇത് കൊടുക്കാന്‍ അമ്മയില്ല.. അവള്‍ ആകാശത്തിലേക്ക് നോക്കി. അമ്മ സ്വര്‍ഗ്ഗത്തിലാണ്.. സ്വര്‍ഗ്ഗത്തിലെത്താന്‍ വേണ്ടി അമ്മ മരിച്ചുപോകാന്‍ പ്രാര്‍ത്ഥിച്ചിരുന്നതും തെരേസ ഓര്‍ത്തു. വേണ്ടിയിരുന്നില്ല.. അങ്ങനെ പ്രാര്‍ത്ഥിക്കേണ്ടിയിരുന്നില്ല. ആപ്രിക്കോട്ട് പഴം നിലത്തുതന്നെ ഉപേക്ഷിച്ച് തെരേസ വീടിനുള്ളിലേക്ക് ഓടിപ്പോയി. നിശ്ശബ്ദത അവളെ ചൂഴ്ന്നുനിന്നു. അവളുടെ മനസ്സിന്റെ മുറിവുകള്‍ വലുതായിരുന്നു.. അധികം കരയാതെയും ബഹളം വയ്ക്കാതെയുമാണ് സെലിനെ നിത്യസമ്മാനത്തിനായി യാത്ര ആക്കിയതെങ്കിലും അവളുടെ മനസ്സ് മുഴുവന്‍ സങ്കടമായിരുന്നു.

തെരേസയുടെ ഉത്സാഹവും സന്തോഷവും മങ്ങിപ്പോയത് വീട്ടിലെ എല്ലാ അംഗങ്ങളും മനസ്സിലാക്കി. ഈ കൊച്ചുകുഞ്ഞിനെ അമ്മയുടെ മരണം ഇത്രമേല്‍ തകര്‍ത്തുകളയുമെന്ന് ആരറിഞ്ഞു? ഒന്നോ രണ്ടോ ആഴ്ചകള്‍ക്കപ്പുറം ഈ വിരഹം മുറിവായി മാറില്ലെന്നും കരുതി. പക്ഷേ.. കുടുംബത്തിലേക്കും കുടുംബത്തിലെ സ്‌നേഹത്തിലേക്കും മാത്രമായി തെരേസയുടെ ലോകം ചുരുങ്ങി.

സെലിന്റെ അഭാവത്തില്‍ അമ്മത്തത്തിന്റെ പുതുഭാവങ്ങളാല്‍ മാര്‍ട്ടിന്‍ തെരേസയ്ക്ക് അമ്മയായി മാറുകയായിരുന്നു. ( തുടരും)

You must be logged in to post a comment Login