ഓശാനത്തിരുനാള്‍ ദിനത്തില്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തി പാപ്പ

ഓശാനത്തിരുനാള്‍ ദിനത്തില്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തി പാപ്പ

വത്തിക്കാന്‍: അഭയാര്‍ത്ഥികളെക്കുറിച്ചോര്‍ത്തപ്പോള്‍ ഓശാനത്തിരുനാള്‍ ദിനമായ ഇന്നലെ ഫ്രാന്‍സിസ് പാപ്പ തയ്യാറാക്കിയ പ്രസംഗത്തില്‍ നിന്ന് തെല്ലൊന്നു വ്യതിചലിച്ചു. ദൈവപുത്രന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ദിനത്തില്‍ അഭയാര്‍ത്ഥികളെ അവരുടെ വിധിക്കു വിട്ടുകൊടുത്ത് കൈകഴുകുന്നവരെ വിമര്‍ശിക്കാന്‍ ഫ്രാന്‍സിസ് പാപ്പ മറന്നില്ല.

കുരുത്തോലത്തിരുനാള്‍ ദിവസം യേശുവിനെ ഓശാന പാടിയവര്‍ അധികം കഴിയുന്നതിനു മുന്‍പേ അവിടുത്തെ കുരിശില്‍ തറച്ചു. യേശുവിനുണ്ടായ ഈ നീതിനിഷേധത്തെക്കുറിച്ച് പ്രസംഗിക്കുമ്പോഴാണ് അഭയാര്‍ത്ഥികളുടെ കാര്യം ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിച്ചത്.

അഭയാര്‍ത്ഥികളെയും നീതി നിഷേധിക്കപ്പെട്ടവരേയും പാര്‍ശ്വവത്കരിക്കപ്പെട്ടവരേയും പരിഗണിക്കാതെ അവരുടെ വിധിയാണിതെന്നും പറഞ്ഞ് തങ്ങളുടെ ഉത്തരവാദിത്വത്തെ ബോധപൂര്‍വ്വം മറക്കുന്നവരുണ്ട്. 11 ലക്ഷത്തോളം അഭയാര്‍ത്ഥികളാണ് ആഭ്യന്തരയുദ്ധവും ഭരണകൂടഭീകരതയും മൂലം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാതൃരാജ്യം വിട്ട് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയത്. ഇപ്പോഴും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം തുടരുകയാണ്. എന്നാല്‍ സമ്പന്നരാജ്യങ്ങളില്‍ പലതും അവര്‍ക്കു നേരെ വാതിലുകള്‍ കൊട്ടിയടക്കുന്നു. ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.

പതിനായിക്കണക്കിനു വിശ്വാസികള്‍ ഇന്നലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന ഓശാനത്തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചു. ഇന്ത്യന്‍ സമയം ഉച്ചക്ക് 2 മണിക്കാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചത്. തിരുക്കര്‍മ്മങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

You must be logged in to post a comment Login