ഓശാനയും പനയോലയും നമ്മുടെ കുരുത്തോലയും

ഓശാനയും പനയോലയും നമ്മുടെ കുരുത്തോലയും

നാം കേരളീയര്‍ ഓശാനപ്പെരുനാളിന് വീശുന്നത് തെങ്ങിന്‍ കുരുത്തോലയാണെങ്കിലും പരമ്പരാഗതമായി ആഗോളസഭ ഓശാന ഞായറിനെ വിശേഷിപ്പിക്കുന്നത് പാം സണ്‍ഡേ അഥവാ പനയോലകളുടെ ഞായര്‍ എന്നാണ്. യേശു ക്രിസ്തു രാജപ്രതാപങ്ങളോടെ ജരുസലേമിലേക്ക് പ്രവേശിച്ച നേരം ആദരവും ആവേശവും തിരയിളക്കിയ യഹൂദജനം പനയോലകള്‍ വീശി യേശുവിനെ എതിരേറ്റ സംഭവത്തിന്റെ ഓര്‍മയാണ് ഓശാന ഞായര്‍ അഥവാ പാം സണ്‍ഡേ. കൈകളില്‍ പനയോലകളും നാവില്‍ ഓശാന സ്തുതികളുമായിട്ടാണ് ജനം ക്രിസ്തുവിനു ചുറ്റും ആര്‍ത്തിരമ്പിയത്. അപ്പോള്‍ ഓശാന ഞായര്‍ എന്നോ പാം സണ്‍ഡേ എന്നോ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.

വിജയവീഥിയില്‍ വിരിക്കുന്ന പനയോല

എവിടെ നിന്നാണ് ഈ പനയോല പാരമ്പര്യത്തിന്റെ ഉത്ഭവം? രണ്ടു വിശദീകരണങ്ങളുണ്ട് അതിന്. പുരാതന കാലത്ത് നിലനിന്നിരുന്ന ഒരു അനുഷ്ഠാനമാണ് ഒന്ന്. ഒരു രാജാവോ യുദ്ധം ജയിച്ചെത്തുന്ന ഒരു വീരനായകനോ പ്രതാപങ്ങളോടെ പ്രവേശിക്കുമ്പോള്‍ ജനസഞ്ചയം അദ്ദേഹം നടന്നു വരുന്ന വീഥിയില്‍ ആദരസൂചകമായി ചില്ലകള്‍ വിതറിയിടുന്ന രീതിയുണ്ടായിരുന്നു. ഗ്രീസില്‍ മത്സരവിജയികള്‍ക്ക് സമ്മാനിച്ചിരുന്നത് പനയുടെ ചില്ലയായിരുന്നു. പനയോലയുടെ ചില്ലകള്‍ വിരിച്ച് രാജാവിനെ എതിരേല്ക്കുന്ന രീതി റോമാക്കാര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു. പനയോലകളുടെ സമൃദ്ധിയുണ്ടായിരുന്ന പലസ്തീനായില്‍ പനയോല തന്നെ ക്രിസ്തുവിനായി വിരിച്ചത് സ്വാഭാവികം മാത്രം.

രണ്ടാമത്തെ വിശദീകരണത്തിന്റെ ആധാരം ലേവായരുടെയും നിയമാവര്‍ത്തന പുസ്തകത്തിലെയും പരാമര്‍ശങ്ങളാണ്. കൂടാരത്തിരുനാള്‍ സംബന്ധിച്ച കല്‍പനയില്‍ ഇങ്ങനെ പറയുന്നുണ്ട്: ആദ്യ ദിവസം മുന്തിയ വൃക്ഷങ്ങളുടെ ഭംഗിയുള്ള പഴങ്ങളും ഈന്തപ്പനയോലയും ഇടതൂര്‍ന്ന ചില്ലകളും ആറ്റരളിക്കൊമ്പുകളും നിങ്ങള്‍ എടുക്കണം’ (ലേവി: 23-40).

നന്മയുടെയും സമൃദ്ധിയുടെയും പ്രതീകം

പനയോല പഴയ കാലത്ത് നന്മയുടെയും സമൃദ്ധിയുടെയും വിജയത്തിന്റെയും പ്രതീകമായിരുന്നു. പുരാതന കാലത്തെ നാണയങ്ങളിലും സുപ്രധാന കെട്ടിടങ്ങളിലുമെല്ലാം പനയോലയുടെ ചിത്രം പതിക്കുമായിരുന്നു. സോളമന്‍ രാജാവ് പനയോലയുടെ ചിത്രം ദേവാലയ ഭിത്തിയിലും കവാടത്തിലും ആലേഖനം ചെയ്തിരുന്നതായി രാജാക്കന്മാരുടെ പുസ്തകത്തില്‍ പറയുന്നുണ്ട്.

സകല ജനപഥങ്ങളും പനയോലയുമായി...

Pope Francis celebrates Palm Sunday Mass in St. Peter's Square at the Vatican March 29. (CNS photo/Paul Haring) See POPE-PALMSUNDAY March 29, 2015.

ശ്രദ്ധേയമായ മറ്റൊരു കാര്യം വെളിപാടിന്റെ പുസ്തകത്തില്‍ സകല ദേശങ്ങളില്‍ നിന്നുമുള്ള ജനാവലി പനയോലകള്‍ വീശി യേശുവിന് മഹത്വം പ്രഖ്യാപിക്കുന്നതിന്റെ വിവരണമുണ്ടെന്നതാണ്. ‘അവര്‍ വെള്ളയങ്കിയണിഞ്ഞ് കൈകളില്‍ പനയോലകളുമായി സിംഹാസനത്തിനു മുമ്പിലും കുഞ്ഞാടിന്റെ മുന്നിലും നിന്നിരുന്നു’ (വെളി; 7-9).

 

പനയോലകള്‍ എവിടെ നിന്ന്?

നമ്മുടെ നാട്ടില്‍ യഥാര്‍ത്ഥ പനയോല ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ട്, തെങ്ങിന്‍ കുരത്തോലകള്‍ ഉപയോഗിക്കുന്നത് അനുവദിച്ചിരിക്കുന്നു. ഒലിവ് ചില്ലകളും വില്ലോ മരച്ചില്ലകളും പനയോലക്കു പകരമായി ഉപയോഗിക്കുന്ന രാജ്യങ്ങളുമുണ്ട്. എന്നാല്‍ പനയോലകള്‍ നട്ടുവളര്‍ത്താനും സ്വന്തമാക്കാനും സാഹചര്യമുള്ള മറ്റു പല രാജ്യങ്ങളും യഥാര്‍ത്ഥ പനയോല തന്നെയാണ് പാം സണ്‍ഡേക്ക് ഉപയോഗിക്കുന്നത്.

18000 ത്തോളം കത്തോലിക്കാ ഇടവകകളുള്ള അമേരിക്കയില്‍ ഓരോ ഇടവകയിലും വേണം പനയോല. ലക്ഷക്കണക്കിന് പനയോലയാണ് ഓരോ ഓശാന ഞായറിനും ആവശ്യമായി വരുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഈ ആവശ്യത്തിനായി പനയോലകള്‍ ഇറക്കുമതി ചെയ്യുകയാണ് അവര്‍ ചെയ്യുന്നത്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വലിയ പ്രക്രിയയാണ് ഈ പനയോല തയ്യാറാക്കല്‍.

ലോകത്തെമ്പാടുമായി 2600 തരം പനവൃക്ഷങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉഷ്ണമേഖലകളിലോ അര്‍ദ്ധോഷ്ണമേഖളിലോ ആണ് സാധാരണയായി പനമരങ്ങള്‍ വളരുന്നത്. ഇവയില്‍ വൃക്ഷങ്ങളുടെ വലുപ്പമുള്ളതും കുറ്റിച്ചെടിയോളം വലുപ്പമുള്ളവുമുണ്ട്. നമ്മുടെ തെങ്ങും പനവര്‍ഗത്തില്‍ പെടും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പനമരത്തിന് 197 അടി ഉയരമുണ്ട്! ഇവ കൊളംബിയയിലാണുള്ളത്.

 
അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login