ഓശാന ഞായര്‍ അഥവാ രക്ഷാഞായര്‍

ഓശാന ഞായര്‍ അഥവാ രക്ഷാഞായര്‍

സ്വയം രക്ഷാ യാത്രകള്‍ നടത്തിയിട്ട് കാര്യമായ ഫലങ്ങള്‍ സ്വന്തമാക്കാനാവില്ല എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് തിരുലിഖിതം ആരംഭിക്കുന്നത്. ദൈവം, ഞങ്ങളുടെ രക്ഷകനാവണ്ട; ഞങ്ങള്‍ തനിയെ നടന്നോളാം എന്ന മനുഷ്യന്റെ മനസ്സിലേക്കുള്ള ദുര്‍വിചാരത്തെ ഹനിക്കുന്നതിന്റെ ശക്തമായ ചിത്രമാണ് ഉല്‍പത്തിയിലെ മനുഷ്യന്റെ പതനത്തിലൂടെ ദൈവാത്മാവ് വെളിപ്പെടുത്തിതരുന്നത്.

ആദവും ഹവ്വയും തനിയെ രക്ഷ നേടാന്‍ ശ്രമിച്ച് പരാജയപ്പെട്ടു എന്ന് കുഞ്ഞു നാള്‍ മുതല്‍ നാം പഠിച്ച് ഹൃദിസ്ഥമാക്കിയിട്ടും എന്തേ നാം ഇപ്പോഴും തനിയെ രക്ഷതേടി അലയുന്നു എന്നതാണ് ദൈവത്തിന്റെ എക്കാലത്തെയും ഖേദം.

എല്ലാ പ്രവാചകരും ഈ സത്യം പൊള്ളുന്ന വാക്കുകളിലൂടെ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കാള തന്റെ ഉടയവനേയും കഴുത തന്റെ യജമാനനെയും തിരിച്ചറിഞ്ഞിട്ടും നിങ്ങളെന്തേ നിങ്ങളുടെ ദൈവത്തെ തിരിച്ചറിയാതെപോയി എന്ന പ്രവാചകന്റെ മൊഴികള്‍ പഴയനിയമ സംഭവം മാത്രമല്ല…ആ വാക്കുകളുടെ അനുസരണങ്ങള്‍ ഇപ്പോഴും ഭൂമുഖത്ത് മുഖരിതമാക്കുന്നുണ്ട്.

നിങ്ങളുടെ ബലിയില്‍ ഞാന്‍ സംപ്രീതനല്ലെന്ന് യാഹ്‌വേ തന്നോടു പറഞ്ഞെന്ന് ജനത്തോടു പങ്കുവയ്ക്കുന്ന പ്രവാചകനും, നിങ്ങള്‍ ബാഷാനിലെ പശുക്കളെപോലെയാണെന്ന് പറഞ്ഞ് ഒരു ജനതക്കുനേരെ മറ്റൊരു പ്രവാചകന്‍ ശബ്ദമുയര്‍ത്തുന്നതും തനിയെ നടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള താക്കീതുകളാണെന്ന് നമുക്ക് മറക്കാതിരിക്കാം.

തനിയെ രക്ഷനേടാന്‍ ശ്രമിച്ച ഒരു ജനതയെ ചിതറിച്ചതിന്റെ എത്രയെത്ര ഉദാഹരണങ്ങളുണ്ട് വിശുദ്ധ ലിഖിതത്തില്‍ ഫറവോയെയും കൂട്ടരെയും മഹാമാരികളയച്ച് ദൈവം തോല്‍പ്പിച്ചതും, ബാബേല്‍ ഗോപുരം ഭാഷ ചിതറിച്ച് തകര്‍ത്തതും, ദൈവം രക്ഷക്കായ് വേണ്ടന്ന് പറഞ്ഞ് ജനത ബാല്‍ ദൈവത്തെ ആശ്രയിച്ചപ്പോഴുമെല്ലാം ഒരു ജനത മുഴുവന്‍ പരാജയവും ഏറ്റുവാങ്ങി എന്നത് പകല്‍വെളിച്ചം പോലെ നമ്മുടെ മുന്നിലുണ്ട്.

പുതിയ നിയമത്തിലും ഇതേ ശ്രുതി അലയടിക്കുന്നുണ്ട്. സന്തോഷത്തിന്റെയും ശാന്തതയുടെയും പര്യായമായ കടല്‍ പ്രക്ഷുബ്ധമായി അന്ന് പ്രതികരിച്ചത് ക്രിസ്തുവിനെ കൂടാതെ സ്വയം രക്ഷനേടാന്‍ ശിഷ്യര്‍ മാര്‍ഗം തിരഞ്ഞപ്പോഴായിരുന്നില്ലേ?

ഞങ്ങളുടെ പഴയ തൊഴിലിലേക്ക് തിരികെ പോവുകയാണെന്ന് തെല്ലും സങ്കോചമില്ലാതെ പറഞ്ഞ് യാത്രയായ ശിഷ്യരെ മത്സ്യങ്ങള്‍ ഒളിച്ചേ കണ്ട് തോല്‍പിച്ചതും വെറുതെയായിരുന്നോ? ഒരു രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഒരു പൊടിമീന്‍ പോലും കിട്ടിയില്ലെന്ന് സുവിശേഷകന്‍ പരിഹസിക്കുമ്പോള്‍ നിഴലിക്കുന്നത് സ്വയം രക്ഷ തേടുന്നവര്‍ക്ക് സംഭവിക്കുന്ന ഇനിയും സംഭവിക്കാനിരിക്കുന്ന വിനകളെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളാണെന്ന് ആര്‍ക്കാണ് അറിയാത്തത്?

വെറുതെ ഈ നോമ്പുകാലത്ത് നീ മിഴിപൂട്ടി അതേ ചോദ്യമൊന്നു ആവര്‍ത്തിക്കണം. എനിക്ക് തനിയെ രക്ഷപ്പെടാനാകുമോ? ഉത്തരം ‘യെസ്’ എന്നാണെങ്കില്‍ നീ ഇനിയും ശിക്ഷകളുടെ വറചട്ടിയിലേക്ക് വീഴാന്‍ ഇരിക്കുന്നതേയുള്ളൂ എന്നാണ് തിരുലിഖിത സാക്ഷ്യം എന്ന് മറക്കണ്ട. ഓശാന ഞായര്‍ നമുക്ക് ഒന്നും തരാതെ ആഘോഷത്തിന്റെ ആരവങ്ങളില്‍ ഒലിച്ചു പോകും,നീ തനിയെ രക്ഷക്കായ് പരിശ്രമിക്കുമ്പോള്‍.

മറിച്ച് നീ ഇന്ന് ബോധപൂര്‍വ്വം ആ കഴുതപ്പുറത്ത് വരുന്നവനോട് രക്ഷ നല്‍കണേ എന്ന് യാചിച്ചാല്‍ നീ അനുഭവിക്കാന്‍ പോകുന്ന ആനന്ദം, തിരുലിഖിതത്തില്‍ പറയുന്നതുപോലെ കണ്ണു കണ്ടിട്ടില്ലാത്തതും കാത് കേട്ടിട്ടില്ലാത്തതുമായിരിക്കും. തീര്‍ച്ച;

ഒരു പുരോഹിതനായ ഞാന്‍ ഇത്തരമൊരു കുറിപ്പ് ഓശാന തിരുനാളില്‍ രേഖപ്പെടുത്താന്‍ ഒരേ ഒരു കാരണമേയുള്ളൂ. അവനില്‍ ആശ്രയിക്കാതെ പൗരോഹിത്യ ശുശ്രൂഷകള്‍ പരികര്‍മം ചെയ്തപ്പോള്‍ അനുഭവിക്കാതെ പോയ ആനന്ദം എന്നെ രക്ഷിക്കണേ ഈശോയെ എന്ന് ഹൃദയത്തില്‍ ഏറ്റുചൊല്ലി ആരംഭിച്ച ശുശ്രൂഷയ്ക്ക് മിശിഹാ നൂറുമേനി ഫലം തന്നുകൊണ്ടിരിക്കുന്നത്‌കൊണ്ടാണ് ഇപ്പോഴും ഒരു പുരോഹിതനെന്ന് നിലയിലുള്ള എന്റെ ആനന്ദം. എന്റെ ജീവിതം അവനോട് ചേര്‍ത്തു വച്ചപ്പോള്‍മാത്രം ലഭിച്ച ആനന്ദമാണെന്ന് പറയാതെ വയ്യ.

ഒരു വരിപോലും അക്ഷരത്തെറ്റില്ലാതെ കുറിക്കാന്‍ അറിയാതിരുന്ന എനിക്ക് എന്നെ രക്ഷിക്കണമേ എന്നും വാക്കിന്റെ വാതായനങ്ങള്‍ മിശിഹായെ എനിക്കായ് തുറന്നു തരണമേ എന്ന് താഴ്മയോടെ അപേക്ഷിച്ചപ്പോള്‍ അവനെനിക്ക് വാക്കിന്റെ പൂക്കാലം നല്‍കിയത് എനിക്ക് വര്‍ണ്ണിക്കാനാവില്ല; ഒരു മൂളിപ്പാട്ടുപോലും പാടാനറിയാത്ത എനിക്ക് എന്റെ ദൈവമേ നിന്റെ മാലാഖമാരുടെ മന്ത്രം ഉരുവിടാന്‍ കൃപയുണ്ടാകണമേ എന്ന ഒറ്റ മൊഴിയാല്‍ അവന്‍ എനിക്ക് നല്‍കിയത് സംഗീതത്തിന്റെ ഞാന്‍ പോലുമറിയാത്ത രാഗങ്ങളാണ്.

സൗഖ്യവും, അഭിഷേകവും ഞാനിപ്പോള്‍ അനുഭവിക്കുന്നത് രക്ഷിക്കണേ തമ്പുരാനേ എന്ന ഒറ്റ വാക്കിന്റെ ബലത്തില്‍ മാത്രമാണ്. അപമാനങ്ങളുടെ വയല്‍വരമ്പില്‍ വീണുപോയ എത്രയെത്ര സന്ദര്‍ഭങ്ങള്‍ എന്റെ ജീവിതത്തില്‍ അരങ്ങേറിയിട്ടും പിന്നെയും ഈ കൃപയുടെ നടവഴിയിലേക്ക് ഞാന്‍ നടന്നു കയറിയത് ആ കരുണാമയനില്‍ ആശ്രയിച്ച് എന്നെ രക്ഷിക്കണേ എന്ന ചങ്കുപ്പൊട്ടിയുള്ള പ്രാര്‍ത്ഥനകൊണ്ടുമാത്രമാണ്.

നാണംകെട്ട് നാട്ടുകാരുടെ മുമ്പിലും അധികാരികളുടെ മുമ്പിലും തലതാഴ്ന്ന് പോകാന്‍ സാധ്യതകള്‍ ഒരുപാട് ഉണ്ടായിരുന്ന എന്റെ ജീവിത വഴികളില്‍. എന്നിട്ടും തലയുയര്‍ത്തി നില്‍ക്കാന്‍ ആയത് അവനെ എന്റെ ചങ്കോട് ചേര്‍ത്ത് പിടിച്ച് എന്നെ രക്ഷിക്കണേ ഈ നാണക്കേടില്‍ നിന്ന് എന്ന് നിലവിളിച്ച് കരഞ്ഞതുകൊണ്ട് മാത്രമാണ്. നിറവേറ്റാനാവാത്ത വാക്കും, പാളിപോകുന്ന തീരുമാനങ്ങളും, പ്രലോഭനങ്ങള്‍ക്ക് അടിപ്പെട്ടു പോകുന്ന ശരീരവും; ഒന്നിലും സന്തോഷം കണ്ടെത്താനാവാത്ത ആത്മാവുമായിരിക്കും ഇപ്പോള്‍ നമ്മെ ഭാരപ്പെടുത്തുന്ന അനുഭവങ്ങള്‍.

എങ്കിലും നീ ഒന്നു കണ്ണുയര്‍ത്തി നോക്കിയാല്‍ ഒരു രക്ഷകന്‍ ഇതാ നിന്റെ വഴിയിലൂടെ ഒരു കഴുതപ്പുറത്ത് ഏറെ കടന്നുവരുന്നുണ്ട്. അവനോട് എല്ലാം മറന്ന് എന്നെ രക്ഷിക്കണേ.. സങ്കട തിരമാലകളേറ്റ് എന്‍ ജീവ നൗക ആടിയുലയുന്നത് നീ കാണുന്നില്ലേ എന്ന് മാത്രം ഒന്നു പറയാന്‍ നിനക്കായാല്‍ നീ ഒരു രക്ഷാകരപ്രവൃത്തികാണും.

ഇത് വെറും വാക്കല്ല; ജീവിതവഴിയില്‍ ഞാന്‍ കണ്ടെത്തിയ ഏറ്റവും വലിയ സത്യമാണത്. ഓശാന ഞായര്‍ നിനക്ക് ഒരു രക്ഷാ ഞായറാകട്ടെ എന്ന് പ്രാര്‍ത്ഥനയോടെ..

ഫാ. സ്റ്റാഴ്‌സണ്‍ കള്ളിക്കാടന്‍

You must be logged in to post a comment Login