ഓസ്‌കര്‍ ജേതാവിന്റെ സംഗീതം മാര്‍പാപ്പയ്ക്കായി

ഓസ്‌കര്‍ ജേതാവിന്റെ സംഗീതം മാര്‍പാപ്പയ്ക്കായി

oscarതിയേറ്ററുകളിലെ അരണ്ട വെളിച്ചത്തിലിരുന്നായിരിക്കാം ഇതിനു മുമ്പ് ഇനിയോ മോറിക്കോണിന്റെ ഈണങ്ങള്‍ നാം കേട്ടിട്ടുണ്ടാവുക. തിരശ്ശീലയില്‍ പകര്‍ന്നാടിയ അനേകം കഥാപാത്രങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സംഗീതം ഭാവഭദ്രത നല്‍കി. ആ സംഗീതനൈപുണ്യത്തിനു മകുടം ചാര്‍ത്തി ഓസ്‌കാര്‍ അവാര്‍ഡ് വരെ അദ്ദേഹത്തെ തേടിയെത്തി. ഒടുവില്‍ പുതിയ ഈണങ്ങള്‍ തേടിയുള്ള യാത്രക്കിടയില്‍ തിയേറ്ററുകളുടെ ചുമരുകളും ഭേദിച്ച് ആ സംഗീതം റോമിലെ വിശ്വാസികളെയും പുളകം കൊള്ളിച്ചു.

 

റോമിലെ ജസ്യൂട്ട് സഭയുടെ കീഴിലുള്ള ദേവാലയത്തില്‍ നടന്ന ദിവ്യബലിയില്‍ ഗായകവൃന്ദത്തിനു നേതൃത്വം നല്‍കിയത് അദ്ദേഹമാണ്. റോമിലെ വിവിധ ഗായകസംഘത്തില്‍പ്പെട്ട പാട്ടുകാര്‍ ഇനിയെ മോറിക്കോണിനു കീഴില്‍ അണി നിരന്നപ്പോള്‍ വിശ്വാസികള്‍ക്ക് അത് നവ്യാനുഭവമായി. ഇത് ജസ്യൂട്ട് സഭയിലെ ആദ്യമാര്‍പാപ്പയായ ഫ്രാന്‍സിസ് പാപ്പയ്ക്കായി സമര്‍പ്പിക്കുന്നുവെന്ന് മോറിക്കോണ്‍ പറഞ്ഞു.
സഭയുടെ പ്രാര്‍ത്ഥനാക്രമത്തിനും പാരമ്പര്യത്തിനും യോജിക്കുന്ന രീതിയില്‍ ഗ്രിഗോറിയന്‍ പശ്ചാത്തലത്തിലുള്ള സംഗീതമാണ് മോറിക്കോണ്‍ ഒരുക്കിയത്. അതേസമയം അതില്‍ പുതുമയുടെ അംശങ്ങള്‍ ഇഴചേര്‍ക്കാനും അദ്ദേഹം മറന്നില്ല. ‘ദിവ്യബലിക്കുവേണ്ടി സംഗീതമൊരുക്കുക എന്നത് എന്റെ ഭാര്യ വളരെക്കാലമായി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. അങ്ങനെയിരിക്കെയാണ് ഈശോസഭാദേവാലയത്തിലെ റെക്ടര്‍ ഇത്തരമൊരാവശ്യവുമായി എന്നെ സമീപിക്കുന്നത്. ഏറെ സന്തോഷത്തോടെ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഏറ്റവും രസകരമായ കാര്യം വടക്കേ അമേരിക്കയിലുള്ള ജസ്യൂട്ട് കുടുംബത്തിന്റെ കഥ പറഞ്ഞ ദ മിഷന്‍ എന്ന സിനിമക്കാണ് എനിക്ക് ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചത് എന്നതാണ്’, ഇനിയോ മോറിക്കോണ്‍ പറയുന്നു.
ദ മിഷനു പുറമേ ദ അണ്‍ടച്ചബിള്‍സ്, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അമേരിക്ക, ജാങ്കോ അണ്‍ചെയിന്‍ഡ്, കരോള്‍: എ മാന്‍ ഹു ബികെയിം എ പോപ്പ് എന്നീ പ്രശസ്തസിനിമകളുടെ സംഗീതവും മോറിക്കോണിന്റേതാണ്. 2007ല്‍ ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചു. കൂടാതെ 5 തവണ ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം നേടി. ഇതിനും പുറമേ 3 ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍, 3 ഗ്രാമി അവാര്‍ഡുകള്‍, എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

 

അനൂപ.

You must be logged in to post a comment Login