ഓസ്‌ക്കാര്‍ വൈല്‍ഡിന്റെ അന്ത്യനിമിഷങ്ങള്‍

ഓസ്‌ക്കാര്‍ വൈല്‍ഡിന്റെ അന്ത്യനിമിഷങ്ങള്‍

ഓസ്‌ക്കാര്‍ വൈല്‍ഡ്! പാപത്തിന്‍റെ ആസക്തികളിലും പുണ്യത്തിന്‍റെ നിര്‍മമ്മതകളിലും ഒരേപോലെ പെട്ടുപോയ ആള്‍.  അരാജകവാദിയെന്ന് സമൂഹം വിധിയെഴുതിയ കലാകാരന്‍.  സ്വവര്‍ഗ്ഗരതിയുടെ പേരില്‍ കഠിനതടവു വരെ അനുഭവിക്കേണ്ടിവന്ന  കീടജന്മമെന്ന്  ലോകം വിധിയെഴുതിയ നിസ്സഹായന്‍..മദ്യവും മയക്കുമരുന്നും വിഷാദവും ആണ്‍സുഹൃത്തുക്കളും കയറിയിറങ്ങിപ്പോയ ജീവിതവണ്ടി..എന്നിട്ടും ജീവിതത്തിന്‍റെ ആ പാളിച്ചകള്‍ക്കൊടുവിലും ഏതോ ഒരു നിമിഷം ദൈവം അദ്ദേഹത്തെയും തൊട്ടു.

പത്തൊന്‍പതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തരായ എഴുത്തുകാരില്‍ ഒരാളായിരുന്നു ഓസ്ക്കാര്‍ വൈല്‍ഡ്. ദ പിക്ച്ചര്‍ ഓഫ് ഡോറിയന്‍ ഗ്രേയും ദ ഇംപോര്‍ട്ടന്‍സ് ഓഫ് ബീയിംങ് ഏര്‍ണസ്റ്റും പോലെയുള്ള കൃതികള്‍ രചിച്ച ആള്‍.

1854 ല്‍ അയര്‍ലണ്ടിലെ ഡബ്ലിനിലായിരുന്നു വൈല്‍ഡിന്റെ ജനനം. ആംഗ്ലിക്കന്‍ സഭാപാരമ്പര്യമുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. എങ്കിലും കത്തോലിക്കാസഭയുടെ വിശ്വാസങ്ങളോടും ആചാരങ്ങളോടും അടുപ്പമുള്ള സാഹചര്യങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായി കഴിയുന്ന അവസരത്തിലാണ് ഒരു കത്തോലിക്കനായിത്തീരുന്നതിനെക്കുറിച്ച് അദ്ദേഹം ഗൗരവത്തില്‍ ചിന്തിക്കുന്നത്. ഒരു കത്തോലിക്കാവൈദികനായിത്തീരുന്നതിനെക്കുറിച്ചുവരെ അദ്ദേഹം ആലോചിച്ചിരുന്നു. പക്ഷേ വൈല്‍ഡിന്റെ വിധി മറ്റൊന്നായിരുന്നു. ഫ്രീമേസണില്‍ അംഗമാകുകയാണ് വൈല്‍ഡ് ചെയ്തത്.

പക്ഷേ 1877 ല്‍ പോപ്പ് പിയൂസ് ഒമ്പതാമനുമായുള്ള കണ്ടുമുട്ടല്‍ വൈല്‍ഡിന്റെ ജീവിതത്തെ പിന്നെയും മാറ്റിമറിച്ചു. കാര്‍ഡിനല്‍ ന്യൂമാന്റെ കൃതികളുമായുള്ള അടുപ്പം അങ്ങനെയാണ് ആരംഭിച്ചത്. അടുത്തവര്‍ഷം കത്തോലിക്കാസഭയില്‍ ചേരാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. പക്ഷേ വീട്ടില്‍ നിന്ന് ശക്തമായ എതിര്‍പ്പുകള്‍ അദ്ദേഹത്തിന് നേരിടേണ്ടതായി വന്നു. കത്തോലിക്കാസഭയില്‍ ചേര്‍ന്നാല്‍ കൈ രണ്ടും മുറിക്കും എന്നുവരെയായിരുന്നു ഭീഷണി. അതേറ്റു. അവസാനനിമിഷം വൈല്‍ഡ് പിന്മാറി.

1895 ആയപ്പോഴേയ്ക്കും വൈല്‍ഡ് പ്രശസ്തനായിതുടങ്ങി. അതേ കാലയളവില്‍ തന്നെ സ്വവര്‍ഗ്ഗരതിയുടെ പേരില്‍ ഓസ്‌ക്കാര്‍ വൈല്‍ഡ് അറസ്റ്റിലുമായി. അക്കാലത്ത് ഇംഗ്ലണ്ടില്‍ സ്വവരഗ്ഗരതി ക്രിമിനല്‍ കുറ്റമായിരുന്നു.

പരസ്യമായ നീണ്ട വിചാരണകള്‍ക്ക് ശേഷം രണ്ട് വര്‍ഷത്തെ ജയില്‍വാസത്തിനും കഠിനവേലയ്ക്കും വൈല്‍ഡ് വിധിക്കപ്പെട്ടു. ജയില്‍വാസം വൈല്‍ഡിന്റെ ആരോഗ്യത്തെ മുഴുവന്‍ കാര്‍ന്നുതിന്നു. പക്ഷേ ആത്മീയമായ നവോത്ഥാനം അദ്ദേഹത്തിനുണ്ടാവുകയും ചെയ്തു.

ജയില്‍മോചിതനായ വൈല്‍ഡ് ഈശോസഭ വൈദികരോട് ഒരു ധ്യാനത്തില്‍ പങ്കെടുക്കാന്‍ അപേക്ഷിച്ചുവെങ്കിലും അത് നിരസിക്കപ്പെട്ടു. അത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വലിയ ഹൃദയഭേദകമായിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ടില്‍ നിന്ന് അദ്ദേഹം ഫ്രാന്‍സിലേക്ക് യാത്രയായി. വൈല്‍ഡ് വിഷാദസമുദ്രത്തില്‍ മുങ്ങിത്താണ നാളുകള്‍. ദാരിദ്ര്യവും വിഷാദവും അദ്ദേഹത്തെ കലക്കിയെറിഞ്ഞു.

1900 ല്‍ സെറിബ്രല്‍ മൈനിഞ്ചൈറ്റീസ് പിടികൂടി. മരണം അദ്ദേഹത്തിന്റെ തൊട്ടരികിലായി. വൈല്‍ഡിന്റെ സുഹൃത്ത് റോബി റോസ് മാത്രമായിരുന്നു ഈ സമയം അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നത്. റോബി റോസിന് അറിയാമായിരുന്നു കത്തോലിക്കനാകാനുള്ള വൈല്‍ഡിന്റെ ആഗ്രഹം. റോസ് ഓടിച്ചെന്ന് ഒരു കത്തോലിക്കാ വൈദികനെ വിളിച്ചുകൊണ്ടുവന്നു.

ആ വൈദികനോട് കത്തോലിക്കാസഭയില്‍ തന്നെ ചേര്‍ക്കണമെന്ന് വൈല്‍ഡ് അപേക്ഷിച്ചു. കണ്ടീഷനല്‍ ബാപ്റ്റിസമാണ് വൈദികന്‍ വൈല്‍ഡിന് നല്കിയത്. പിന്നീട് രോഗീലേപനം നല്കി. മരണാസന്നര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലി.

വൈദികനെ തിരിച്ചറിയാന്‍ വൈല്‍ഡിന് സാധിച്ചു. താങ്കളെ കത്തോലിക്കാസഭയിലേക്ക് സ്വീകരിച്ചിരിക്കുന്നുവെന്നും അന്ത്യകൂദാശകള്‍ നല്കിയെന്നും വൈദികന്‍ വൈല്‍ഡിനെ അറിയിച്ചു. വൈല്‍ഡിന്റെ ചെവിയുടെ അടുക്കലേയ്ക്ക് ചെന്ന് ഈശോമറിയം യൗസേപ്പേ എന്ന പ്രാര്‍ത്ഥനയും അനേകം വിശുദ്ധ നാമങ്ങളും വൈദികന്‍ ചൊല്ലിക്കൊടുത്തു. മരണത്തിനപ്പുറമുള്ള സുന്ദരമായ ലോകത്തെക്കുറിച്ചുള്ള ചിന്തകളും പ്രത്യാശകളും പങ്കുവയ്ക്കുകയും ചെയ്തു.

ദൈവേഷ്ടത്തിന് പൂര്‍ണ്ണമായും കീഴടങ്ങുക.. അച്ചന്‍ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു.

അടുത്ത ദിവസം പരമശാന്തതയില്‍ ഓസ്‌ക്കാര്‍ വൈല്‍ഡ് മരണമടഞ്ഞു.

 

ബിജു

You must be logged in to post a comment Login