ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ ക്രിസ്തുമസ് സമ്മാനം

സിനിമയില്‍ മാത്രമല്ല, ജീവിതത്തിലുമുണ്ടാകും അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകള്‍. അത്തരത്തിലൊന്നാണ് ഏഴു വയസ്സുകാരി ദിവ്യയുടെയും കുടുംബത്തിന്റെയും ജീവിതത്തില്‍ സംഭവിച്ചത്. ഗുജറാത്തിലെ തെരുവുകളില്‍ ഓരോ രാവും പകലും തള്ളിനീക്കിയ അരികു ജീവിതങ്ങളിലേക്ക് ഈ ക്രിസ്തുമസ് കാലത്ത് വെളിച്ചം വീശിയത് ആസ്‌ട്രേലിയന്‍ സ്വദേശികളുമായ ഡിക്ക് സ്മിത്തും ഭാര്യയുമാണ്.

ഇന്ത്യ സന്ദര്‍ശിക്കുന്ന സമയത്താണ് ഡിക്ക് സ്മിത്തും ഭാര്യയും ദിവ്യയെ കാണുന്നത്. ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു അവര്‍. റെയില്‍വേ പാലത്തിന്റെ അടുത്ത് കുറേ നേരം ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നപ്പോളാണ് അവര്‍ ആ കാഴ്ച കാണുന്നത്. പാലത്തിനു താഴെയുള്ള കൂരകളിലൊന്നില്‍ അച്ഛനും അമ്മക്കുമൊപ്പം നില്‍ക്കുകയായിരുന്നു അവള്‍.

വിശപ്പൊട്ടിച്ച വയറുകള്‍… നിറം മങ്ങിയ മുത്തുമാല…കുഴിഞ്ഞ കണ്ണുകള്‍.. ദിവ്യയെയും മാതാപിതാക്കളെയും കണ്ടപ്പോള്‍ സ്മിത്തിന്റെ ഉള്ളു തേങ്ങി. മനസാക്ഷി പ്രേരിപ്പിച്ചതനുസരിച്ച് സ്മിത്ത് തന്റെ ക്യാമറയില്‍ അവളുടെ ഒരു ഫോട്ടോ പകര്‍ത്തി, ഒപ്പം ആ സ്ഥലത്തു കണ്ട ഒരു പരസ്യബോര്‍ഡിന്റെ ചിത്രവും. സ്ഥലം മനസ്സിലാക്കാനായിരുന്നു അത്. അവളെ സഹായിക്കണമെന്ന് അന്നേ സ്മിത്ത് ഉറപ്പിച്ചിരുന്നു.

സിഡ്‌നിയില്‍ മടങ്ങിയെത്തിയപ്പോള്‍ അതിനു പറ്റിയ രണ്ടു പേരെ സ്മിത്ത് കണ്ടെത്തി, വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരായ ക്രിസ് ബേയും ഭാര്യ ജെസ്സും. സുഹൃത്തിന്റെ ആവശ്യം സന്തോഷത്തോടെ സ്വീകരിച്ച് ക്രിസും ഭാര്യയും ഇന്ത്യയിലേക്കു തിരിച്ചു. ഇന്ത്യയിലെത്തിയ ക്രിസിനും ഭാര്യക്കുമൊപ്പംആ പെണ്‍കുട്ടിയെ കാണാനുള്ള ഉദ്യമത്തില്‍ വഡോദരയിലെ ഒരു ബാങ്ക് മാനേജരും സഹൃത്തായ കോളേജ് അദ്ധ്യാപകനും ഒപ്പം ചേര്‍ന്നു. നിരാശയിലവസാനിച്ച അനേകം രാവുകളും പകലുകളും പിന്നിട്ട് ഒടുവില്‍ അവര്‍ ദിവ്യയെയും കുടുംബത്തെയും കണ്ടെത്തി.

കൂലിവേലക്കാരനായ അച്ഛന്‍ നരേഷും അമ്മ കൃഷ്ണയും പറഞ്ഞ കഥകളില്‍ നിന്നും അവര്‍ ആ കുടുംബത്തെ അടുത്തറിഞ്ഞു. എല്ലാ വിവരങ്ങളും ക്രിസ് ഡിക്ക് സ്മിത്തിനെ അറിയിച്ചു. അദ്ദേഹം ഉടന്‍ ദിവ്യയുടെ പേരില്‍ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി. ഒരു വാടകവീട് സംഘടിപ്പിച്ചു കൊടുത്തു. ദിവ്യക്ക് പുത്തനുടുപ്പുകളും ആഭരണങ്ങളും വാങ്ങിച്ചു കൊടുത്തു, ഒപ്പം പഠന സാമഗ്രികളും. ആ കുഞ്ഞിക്കണ്ണുകള്‍ നനഞ്ഞു, മനസ്സ് കൂടുതല്‍ ആര്‍ദ്രമായി…

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ് ദിവ്യയെ കണ്ടെത്തിയത് എന്നാണ് ഡിക്ക് സ്മിത്തും ഭാര്യയും പറയുന്നത്. ഈ ക്രിസ്തുമസ് കാലത്ത് ദിവ്യയെ സഹായിക്കാന്‍ കഴിഞ്ഞത് ദൈവീകമായ പദ്ധതിയുടെ ഭാഗമാണെന്നും ഇരുവരും പറയുന്നു.

 

അനൂപ സെബാസ്റ്റ്യന്‍

You must be logged in to post a comment Login