കണ്ണടക്കടയില്‍ പാപ്പയെത്തിയപ്പോള്‍….

കണ്ണടക്കടയില്‍ പാപ്പയെത്തിയപ്പോള്‍….

New-Glassesകണ്ണട മാറ്റിവാങ്ങാനായി അലക്‌സാന്‌ഡ്രോ സ്പീസിയയുടെ കണ്ണടക്കടയില്‍ എത്തിയതായിരുന്നു, ഇവാന്‍. കണ്ണ് ടെസ്റ്റ് കഴിഞ്ഞു മുഖമൊന്നുയര്‍ത്തിയതേയുള്ളൂ. മുന്നിലതാ ഫ്രാന്‍സിസ് പാപ്പായെ പോലുള്ള ഒരു പുരോഹിതന്‍! ഇവാന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കണ്ണു തുടച്ചു വീണ്ടും സൂക്ഷിച്ചു നോക്കി. ഫ്രാന്‍സിസ് പാപ്പ തന്നെ! ഒറ്റയ്ക്ക് കയറി വന്നിരിക്കുന്നു, കണ്ണട ലെന്‍സ് വാങ്ങിക്കാന്‍!

കാഴ്ചയെ മറച്ചു തുടങ്ങിയ പഴയ ലെന്‍സിനു പകരം പുതിയതൊന്നു വാങ്ങാനെത്തിയതായിരുന്നു ഫ്രാന്‍സിസ് പാപ്പ. അലക്‌സാന്‍ഡ്രോ നേരിട്ട് മാര്‍പാപ്പയുടെ വസതിയിലെത്തി ലെന്‍സ് നല്കാമെന്നു പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഈ വരവ് അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. മാര്‍പാപ്പയുടെ സന്ദര്‍ശനസമയത്ത് അലക്‌സാന്‍ഡ്രോയും മകന്‍ ലൂക്കായും കടയിലുണ്ടായിരുന്നു.

‘ഇതാ മാര്‍പാപ്പ എത്തിയിരിക്കുന്നു..’ അത്ഭുതാരവങ്ങളോടെ ജനങ്ങള്‍ വിളിച്ചു പറഞ്ഞു. അതോടെ ഫ്രാന്‍സിസ് പാപ്പയെ കാണാന്‍ നഗരത്തിലെ ഓരോ കോണുകളില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങി. അലക്‌സാന്‍ഡ്രോയുടെ കടയുടെ മുന്‍പില്‍ മാര്‍പാപ്പയെ കാണാന്‍ ആളുകള്‍ തടിച്ചുകൂടി. എല്ലാവരേയും ഹൃദ്യമായ പുഞ്ചിരിയോടെ അദ്ദേഹം വരവേറ്റു.

ഫ്രാന്‍സിസ് പാപ്പയെ അടുത്തറയാവുന്നവര്‍ക്ക് ഈ സംഭവം ഒരത്ഭുതമായി തോന്നാനിടയില്ല. നടപ്പുശീലങ്ങളെ ഭേദിച്ച് ലാളിത്യത്തിന്റെ പര്യായമായി മാറിയ വ്യക്തിയാണ് അദ്ദേഹം. സ്ഥാനമേറ്റപ്പോള്‍ പോലും അദ്ദേഹമണിഞ്ഞ പേപ്പല്‍ മോതിരം തന്റെ മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്തമായി വെള്ളിയില്‍ തീര്‍ത്തതായിരുന്നു. എല്ലാ സൗകര്യങ്ങളുമുള്ള പേപ്പല്‍ അപ്പാര്‍ട്ട്‌മെന്റിനു പകരം ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്തത് സാന്റാ മാര്‍ത്തയിലെ സാധാരണ വസതിയാണ്. അദ്ദേഹം യാത്ര ചെയ്യുന്നതു പോലും സാധാരണക്കാരോടൊപ്പം സാധാരണ ബസിലാണ്. ഈ ജീവിതമാതൃകയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട പുതിയ കണ്ണിയായിരിക്കുകയാണ് അലക്‌സാന്‍ഡ്രോയുടെ അനുഭവം.

You must be logged in to post a comment Login