കണ്ണും കൈയുമില്ലാതെ അവര്‍ നട്ട പതിനായിരം മരങ്ങള്‍ നിങ്ങള്‍ കാണുന്നുണ്ടോ?

കണ്ണും കൈയുമില്ലാതെ അവര്‍ നട്ട പതിനായിരം മരങ്ങള്‍ നിങ്ങള്‍ കാണുന്നുണ്ടോ?

blindനേരം പുലരുന്നതേ ഉള്ളൂ. ഹിബെയ്‌ ഗ്രാമത്തില്‍ വെളിച്ചം വീഴുമ്പോള്‍ കൈകള്‍കോര്‍ത്തുപിടിച്ചുകൊണ്ട്‌ രണ്ടുപേര്‍ ‘യെ’ നദിയുടെ തീരത്തേയ്‌ക്ക്‌ നടന്നടുക്കുന്ന ദൃശ്യം അവ്യക്തമായി കാണാം. അവര്‍ നദിക്കരയെ സമീപിക്കുമ്പോള്‍ ചിത്രം അല്‍പംകൂടി വ്യക്തമായി. ഒരാള്‍ തന്റെ കൂടെയുള്ളയാളിന്റെ ഷര്‍ട്ടിന്റെ കൈയിലാണ്‌ പിടിച്ചിരിക്കുന്നത്‌. ഇരുചുമലുകള്‍ക്ക്‌ താഴെ വലിയൊരു ശൂന്യത. തൂങ്ങിക്കിടക്കുന്ന വസ്‌ത്രത്തിന്റെ കൈകളില്‍ ആത്മവിശ്വാസത്തോടെ പിടിച്ചുനടക്കുന്നയാളുടെ ദൃഷ്ടികള്‍ നിശ്‌ചലമാണ്‌. നദീതീരത്തെത്തി അവര്‍ നില്‍ക്കുന്നു. പിന്നെകാണുന്നത്‌ കരങ്ങളില്ലാത്ത ചുമലില്‍ സുഹൃത്തിനെ വഹിച്ച്‌ നദികടക്കുന്നതാണ്‌. ആകാശം തൊട്ടുനില്‍ക്കുന്ന കേദാര്‍മരങ്ങള്‍ക്കിടയിലാണ്‌ ഇപ്പോളവര്‍. സൂഹൃത്തിന്റെ ചുമലില്‍ നിന്നിറങ്ങിയ അയാളുടെ കരങ്ങള്‍ ഏതോ ഒരു കേദാര്‍ മരത്തില്‍ തൊട്ടു. വിരലുകള്‍ കൊണ്ട്‌ മെല്ലെ തഴുകുമ്പോള്‍ കണ്ണെത്താദൂരം പരന്നുകിടക്കുന്ന ഹരിതാഭ അയാള്‍ ഒരുനിമിഷംകൊണ്ട്‌ ഉള്‍ക്കണ്ണാലെ കണ്ടു. പിന്നില്‍ മറ്റൊരാള്‍ ഉള്ളില്‍ അവ തൊട്ടറിയുകയായിരുന്നു. ചാരിതാര്‍ഥ്യത്തിന്റെ ഒരു നിമിഷത്തിനു ശേഷം അവര്‍ തങ്ങളുടെ ജോലിയാരംഭിച്ചു.

കരങ്ങളില്ലാത്ത ജിയെ വെന്‍ചൈയുടെയും (53 )അന്ധനായ സൂഹൃത്ത്‌ ജിയെ ഹയിക്‌സിയായുടെയും (54)കഥ അതിജീവനത്തിന്റേതാണ്‌, പാരിസ്ഥികഉണര്‍വിന്റേതാണ്‌. മധ്യചൈനയിലെ ഹിബായ ്‌വലിയൊരു വ്യവസായ മേഖലയും ചൈനയിലെതന്നെ ഏറ്റവും പരിസ്ഥിതിമലീനീകരണബാധിത പ്രദേശങ്ങളിലൊന്നുമാണ്‌. കടുത്ത വ്യവസായവത്‌കരണവും പരിസ്ഥിതി മലിനീകരണവും വനനശീകരണവുമൊക്കെ കാരണം ശുദ്ധമായ വായു പോലും സംലഭ്യമല്ലാത്ത അവസ്ഥ.

 
ഇത്തരമൊരു സ്ഥലത്ത്‌ 12000 മരങ്ങളാണ്‌ അംഗഹീനരായ ഈ ബാല്യകാലസുഹൃത്തക്കള്‍ നട്ടുവളര്‍ത്തിയതെന്നറിയുമ്പോഴാണ്‌ അവരുടെ മാഹാത്മ്യം നാം തിരിച്ചറിയുക.. 13 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഇതുപോലെ ഒരു പ്രഭാതത്തില്‍ തൊഴില്‍തേടിയിറങ്ങിയതായിരുന്നു ഇവര്‍. ഭിന്നശേഷിയുള്ളവര്‍ക്ക്‌ തൊഴില്‍അവസരങ്ങളോ വേണ്ടത്ര നിയമനിര്‍മ്മാണമോ ഇല്ലാത്ത രാജ്യത്ത്‌, ജീവിക്കാന്‍ സ്വയംതൊഴില്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു 2002ല്‍ അവര്‍ മരങ്ങള്‍ നടാന്‍ ആരംഭിച്ചത്‌. ആദ്യ വര്‍ഷം 800 മരത്തൈകളാണ്‌ നട്ടത്‌. എന്നാല്‍ സാമ്പത്തികമായ യാതൊരു നേട്ടവും അവര്‍ക്കുണ്ടായില്ലെന്ന്‌ മാത്രമല്ല ആരും അവരെ പിന്തുണച്ചില്ല. എന്നാല്‍ വൈകാതെതന്നെ ലാഭനഷ്‌ടങ്ങള്‍ക്കുമപ്പുറം തങ്ങള്‍ ചെയ്യുന്നതിന്റെ പാരിസ്ഥികമൂല്യം അവര്‍ തിരിച്ചറിഞ്ഞു. മരങ്ങള്‍ നടുന്നത്‌ വായുവിന്റെ ഗുണത്തെയും അന്തരീക്ഷത്തെയും മെച്ചപ്പെടുത്തുമെന്ന്‌ അവര്‍ മനസ്സിലാക്കി. പിന്നെ പിന്തിരിഞ്ഞിട്ടില്ലാത്ത ഈ സുഹൃത്തുക്കള്‍ നിസ്വാര്‍ഥമായി അവരുടെ അധ്വാനം വരുംതലമുറകള്‍ക്കായി സമര്‍പ്പിക്കുകയാണ്‌. അവര്‍ പറയുന്നു: “ഞങ്ങള്‍ മരങ്ങള്‍ വളര്‍ത്തുന്നു. ഒപ്പം ഞങ്ങളുടെ മനസും വളരുന്നു.”
എങ്കിലും അധികം താമസിയാതെ ഇത്‌ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടു. സമൂഹം അവരുടെ സേവനം തിരിച്ചറിഞ്ഞുതുടങ്ങി. ഇന്ന്‌ പ്രാദേശിക ഭരണസമിതി ഇവര്‍ക്ക്‌ മരങ്ങള്‍ നടുവാന്‍ 7 ഹെക്ടര്‍സ്ഥലം നല്‍കിയിരിക്കുകയാണ്‌.

 
“ഈ നദിക്കര ഒരിക്കല്‍ വരണ്ടതും കല്ലുകള്‍ നിറഞ്ഞതുമായിരുന്നു. വര്‍ഷങ്ങളോളം തരിശായിരുന്നു. സാധാരണ ആളുകള്‍ക്ക്‌ ഇവിടെ മരങ്ങള്‍ നടുന്നത്‌ ബുദ്ധിമുട്ടായി തോന്നാം. പക്ഷേ ഇച്ഛാശക്തിയുണ്ടെങ്കില്‍ എന്തും സാധ്യമാണ്‌.” വെന്‍ചൈ പറയുന്നു.
കൈകളില്ലാത്ത വെന്‍ചൈയ്‌ക്ക്‌ ഒന്നും തന്നെ അസാധ്യമല്ലെന്നു പറയാം. തൈകള്‍ നടുവാന്‍ കുഴിയുണ്ടാക്കുന്നതും, ചെടിനനയ്‌ക്കുന്നതുമെല്ലാം വെന്‍ചൈ തന്നെ.
” ഒരു സാധാരണവ്യക്തിയോട്‌ കൈകള്‍ പോക്കറ്റില്‍ വച്ചുകൊണ്ട്‌ ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടല്‍..സാധിക്കുമോ വെന്‍ചൈയെ പോലെ..!” ഹയിക്‌സിയ ചോദിക്കുന്നു. “ഞങ്ങളെപ്പോലുള്ളവര്‍ക്ക്‌ മറ്റുള്ളവരെക്കാള്‍ അല്‍പം കൂടുതല്‍ സഹനശേഷിയുണ്ട്‌.” വെന്‍ചൈയുടെ ചുമലിലിരുന്നുകൊണ്ട്‌ അനുയോജ്യമായ മരക്കമ്പുകള്‍ കണ്ടെത്തുന്നത്‌ ഹയ്‌ക്‌സിയ ആണ്‌.

 
വര്‍ഷങ്ങളോളം തൊഴില്‍ തേടിനടന്നവരാണീ കൂട്ടുകാര്‍, 13 വര്‍ഷം മുമ്പ്‌ തങ്ങളുടെ ജീവിതനിയോഗം കണ്ടെത്തുന്നതുവരെ. ജോലിക്കിടെ ഉണ്ടായ ഒരു അപകടത്തിലാണ്‌ ഹയിക്‌സിയയുടെ കാഴ്‌ച നഷ്ടപ്പെടുന്നത്‌. വെന്‍ചൈയ്‌ക്ക്‌ തന്റെ മൂന്നാം വയസില്‍ വൈദ്യുദാഘാതമേറ്റതുമൂലം കരങ്ങള്‍ മുറിച്ചുമാറ്റേണ്ടി വന്നു. വിധി അവരിരുവരേയും ജീവിതപ്രതീക്ഷകള്‍ ക്രൂരമായി കവര്‍ന്നെടുക്കുമ്പോള്‍ സഹതപിച്ചവരാരും കരുതിയിട്ടുണ്ടാവില്ല ഇവര്‍ വിധിയെ തിരുത്തുമെന്ന്‌, തലമുറകള്‍ക്ക്‌ തണലൊരുക്കുമെന്ന്‌.

 
“ഞങ്ങളുടെ മരംനടല്‍ ഇന്നത്തെ തലമുറയ്‌ക്ക്‌ വലിയ സംഭാവന നല്‍കുന്നുണ്ടാവില്ല. എന്നാല്‍ അടുത്തതലമുറയ്‌ക്ക്‌ ഹരിതാഭമായ ഒരു പരിസ്ഥിതി ഒരുക്കുന്നു. ഞങ്ങള്‍ ശാരീരികമായി വൈകല്യമുള്ളവരാകാം. പക്ഷേ ആരോഗ്യമുള്ള മനസ്സുണ്ട്‌ ഞങ്ങള്‍ക്ക്‌. ഞങ്ങളുടെ മക്കള്‍ക്ക്‌ സമ്മാനിക്കുവാന്‍ പച്ചപ്പിന്റെ ഒരു ഭൂമിയാണ്‌ ഞങ്ങളുടെ സ്വപ്‌നം.”
ഒരുപക്ഷേ ലോകത്തിലെ ഏറ്റവും സുന്ദരമായ സൗഹൃദമെന്ന്‌ ഇവരുടെ ബന്ധത്തെ വിശേഷിപ്പിക്കാം. പരസ്‌പരം കരംഗ്രഹിക്കാനാകുന്നില്ലെങ്കിലും കാണാനാവുന്നില്ലെങ്കിലും അന്യോന്യം കണ്ണുകളും കരങ്ങളുമാകുന്നു.. കുറവുകളില്ലാത്തവരെ ലജ്ജിപ്പിച്ചുകൊണ്ട്‌ കുറവ്‌ എത്ര നിറവാണെന്ന്‌ കാട്ടിത്തരുന്നു..

 

അഞ്ജു റോസ്‌.

You must be logged in to post a comment Login