‘കണ്ണു നട്ടു കാത്തിരുന്നിട്ടും എന്റെ കിനാവിന്റെ കരിമ്പുപാടം കട്ടെടുത്താരാണ്?’

‘കണ്ണു നട്ടു കാത്തിരുന്നിട്ടും എന്റെ കിനാവിന്റെ കരിമ്പുപാടം കട്ടെടുത്താരാണ്?’

ഒരാളെ നിര്‍വീര്യനാക്കാന്‍ നമുക്ക് ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം അയാളെ മാനസികരോഗിയെന്ന് അധിക്ഷേപിക്കലാണ്. പക്ഷേ അയാള്‍ അസ്വഭാവികമായി പെരുമാറുന്നത് അയാളുടെ മാനസികനില തകരാറിലായതു കൊണ്ടു മാത്രമായിരിക്കണമെന്നില്ല.

ഓരോ പ്രതികരണവും ഓരോ ഇടപെടലുകളാണ്. ചില വിപരീത സാഹചര്യങ്ങളെ നേരിടാനുള്ള മനസ്സിന്റെ ചില പ്രതിരോധമാര്‍ഗ്ഗങ്ങള്‍…

പെരുമ്പാവൂരില്‍ മൃഗീയമായി കൊല ചെയ്യപ്പെട്ട ജിഷയുടെ അമ്മ മനോരോഗിയാണെന്നായിരുന്നു ആദ്യം മാധ്യമങ്ങള്‍ നമ്മുക്ക് വിളമ്പി തന്നത്. പക്ഷേ ഇന്നത്തെ ചില പത്രങ്ങള്‍ അവയ്ക്ക് പിന്നിലെ മനശ്ശാസ്ത്രം വിശദീകരിച്ചു കൊടുത്തിട്ടുണ്ട്.

പുറമ്പോക്കിലെ മണ്ണില്‍ അടച്ചുറപ്പില്ലാത്ത വീട്ടില്‍ പ്രായപൂര്‍ത്തിയായ മകളുടെ മാനത്തിന് കാവലിരുന്ന അമ്മയുടെ മകളെയോര്‍ത്തുള്ള ഉത്കണ്ഠകളും ഭയാശങ്കകളും ആയിരുന്നു അവയെന്ന്.

രാത്രികാലങ്ങളില്‍ അസ്വഭാവികമായി കേള്‍ക്കുന്ന ഒരനക്കത്തിന് മുമ്പില്‍ പോലും ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് പാരയുമായി മുറ്റത്തിന് ചുറ്റും ഓടിനടന്നിരുന്ന ഒരമ്മ. കാല്‍പെരുമാറ്റങ്ങളുടെ തിരിച്ചറിവില്‍ പോലും ഉറക്കെ ശബ്ദമുണ്ടാക്കിയിരുന്ന അമ്മ..അതുകേള്‍ക്കുമ്പോള്‍ ഓടിപ്പോകുന്ന നിഴല്‍രൂപങ്ങള്‍ ചില അയല്‍ക്കാരുടെയെങ്കിലും ഓര്‍മ്മയിലുണ്ടത്രെ.

കഴുകന്മാര്‍ പറന്നുവരുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഓടി രക്ഷപ്പെടാനും ഒളിക്കാനുമായി ശബ്ദമുണ്ടാക്കുന്ന തള്ളക്കോഴികളെ ഓര്‍മ്മവരുന്നു. ചെറുപ്പത്തില്‍ കോഴിക്കുഞ്ഞുങ്ങളെ നോക്കിനടന്നിരുന്ന കാലത്തായിരുന്നു തള്ളക്കോഴിയുടെ ആ പ്രകൃതം മനസ്സിലായത്. അതേ തള്ളക്കോഴിയുടെ മനസ്സായിരുന്നു ജിഷയുടെ അമ്മയ്ക്കും. അത് മനസ്സിലാക്കാത്തവര്‍ അതുകൊണ്ട് ആ അമ്മയെ മനോരോഗിയെന്ന് മുദ്ര കുത്തി.

എത്രയേറെ കരുതലോടെയിരുന്നിട്ടും എത്രകാലം കാത്തിരുന്നിട്ടും ഒടുവില്‍ ആ അമ്മയ്ക്ക മകള്‍ നഷ്ടപ്പെട്ടുപോയല്ലോ ദൈവമേ? ഒരമ്മയ്ക്ക് എത്രകാലം തന്റെ മക്കളെ ചിറകിലൊതുക്കി കാത്തുസൂക്ഷിക്കാന്‍ കഴിയും? അതെത്രത്തോളം സാധ്യമാവും? അറിയില്ല. കഴുകന്മാര്‍ ഏതു മാംസവും എങ്ങനെയും കൊത്തിതിന്നും. കഴുകന്മാരുടെ ചിറകുകള്‍ അരിയണം.. ഇനിയൊരു മാംസത്തിന് മേലെയും ഒരു കഴുകനും പറന്നുപോകാതിരിക്കത്തക്കവിധത്തില്‍..

ലോഹിതദാസിന്റെ ഭൂതക്കണ്ണാടി എന്ന ചിത്രം വെറുതെ ഓര്‍മ്മിച്ചുപോകുന്നു. അമ്മയില്ലാതെ, അമ്മാവന്മാരുടെ സംരക്ഷണയില്‍ കഴിയുന്ന തന്റെ പൊന്നുമകള്‍ വയസറിയിച്ചു എന്ന് സരോജിനിയില്‍ നിന്ന് കേള്‍ക്കുന്ന ദിവസം തൊട്ടാണ് വിദ്യാധരനില്‍ മാനസികവിഭ്രാന്തി അധികരിക്കുന്നത്. സരോജിനിയുടെ മകള്‍ മരണമടഞ്ഞതുപോലെ തന്റെ മകളും നഷ്ടപ്പെട്ടേക്കാം എന്ന ആകുലതയും ഭീതിയും ആ അച്ഛനെ ക്രമേണ മനോരോഗിയായി വളര്‍ത്തുകയായിരുന്നു. നമ്മള്‍ മാതാപിതാക്കന്മാരെല്ലാം ഇങ്ങനെ പോയാല്‍ മനോരോഗികളാകുന്ന കാലം അതിവിദൂര കാലത്തൊന്നുമല്ല എന്ന് ഞാന്‍ ഭയക്കുന്നു. എല്ലാ മക്കള്‍ക്കും കാവലാളാകാന്‍ എപ്പോഴും നമുക്ക് കഴിയണമെന്നില്ലല്ലോ?

ഒരു ദുരന്തം നടന്നുകഴിയുമ്പോള്‍ കുറ്റപ്പെടുത്താന്‍ നമുക്ക് പലരുമുണ്ടാകും. പലതിന് നേരെയും നമുക്ക് വിരല്‍ചൂണ്ടാനും കഴിയും.പക്ഷേ അതുകൊണ്ടെന്ത് പ്രസക്തി? ഇന്നും കേരളത്തിന്റെ ഏതെങ്കിലുമൊക്കെ മുക്കിലും മൂലയിലും സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ജിഷമാരും അമ്മമാരുമുണ്ടാവും. ഒറ്റപ്പെട്ടുപോയവര്..ദരിദ്രര്‍..ഏകാകികള്‍.. സുരക്ഷിതമായ ഇടങ്ങളില്‍ അന്തിയുറങ്ങാന്‍ ഭാഗ്യം കിട്ടിയിട്ടില്ലാത്തവര്‍.. അത്തരക്കാര്‍ക്ക് സംരക്ഷണത്തിന്റെ കൂടാരം ഒരുക്കാനുള്ള അവസരമാകണം ഇത്.

ജിഷയുടെ ആത്മാവിന് നീതി നേടിക്കൊടുക്കുന്നതിനൊപ്പം അത്തരം ജിഷമാര്‍ക്കും അമ്മമാര്‍ക്കും സുരക്ഷിത്വവും പിന്തുണയും നേടിക്കൊടുക്കാന്‍ നമ്മുക്ക് കഴിയണം.. ജനപ്രതിനിധികള്‍ക്ക്.. മതനേതാക്കള്‍ക്ക്..അയല്‍ക്കാര്‍ക്ക്..

അതോടൊപ്പം നമ്മുടെ പൊന്നുമക്കളെ ദൈവത്തിന്റെ കരങ്ങളില്‍ നിത്യവും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയും വേണം.. ഇരയാകരുത് എന്ന് മാത്രമല്ല വേട്ടക്കാരനും ആയിത്തീരരുതേയെന്ന്..

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login