കത്തിനശിക്കാത്ത ഒരു വിവാഹ മോതിരത്തിന്റെ കഥ..

കത്തിനശിക്കാത്ത ഒരു വിവാഹ മോതിരത്തിന്റെ കഥ..

നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നരകയാതനകള്‍ അനുഭവിച്ച് കഴിയുന്ന യഹൂദസമൂഹത്തിന്റെ ഇടയിലേക്ക്ദൈവം അയച്ചുകൊടുത്ത ഒരു മാലാഖയായിരുന്നു ഒഡോര്‍ഡോ ഫൊക്കറിനി. വെളിച്ചം അണഞ്ഞുപോയ അനേകരുടെ ജീവിതങ്ങളിലേക്ക് പ്രത്യാശയുടെ മെഴുകുതിരിവെട്ടവുമായി കടന്നുവന്ന മനുഷ്യസ്‌നേഹി.

ദൈവസ്‌നേഹത്തെപ്രതിയും സഹോദരസ്‌നേഹത്തെപ്രതിയും സ്വജീവന്‍ പോലും ബലിയര്‍പ്പിക്കാന്‍ സന്നദ്ധനായ ആ ആത്മത്യാഗി. ആ വീരോജ്വലമായ വിശ്വാസജീവിതത്തിന് ആഗോള കത്തോലിക്കാസഭയ്ക്കുള്ള ആദരവിനും സ്‌നേഹത്തിനും സ്വര്‍ഗത്തില്‍ നിന്ന് ലഭിച്ച ആശീര്‍വാദമായിരുന്നു 2013 ജൂണ്‍ പതിനഞ്ചിന് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയര്‍ത്താനുള്ള അനുവാദപത്രം.

ചരിത്രത്തില്‍ യഹൂദസമൂഹം ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ക്ക് വിധേയമായ ഒരു കാലഘട്ടമായിരുന്നു 1940 കള്‍. ഹിറ്റ്‌ലറുടെ മാനസികവൈകല്യം കൊടുംപീഡനമായി യഹൂദസമൂഹത്തെ കൊന്നൊടുക്കിക്കൊണ്ടിരുന്ന ഇരുണ്ട കാലഘട്ടം. മരിച്ചുവീണുകൊണ്ടിരിക്കുന്നത് സ്വസഹോദരനാണെന്ന ചിന്ത ഫൊക്കിറിനിയുടെ ദിനരാത്രങ്ങളെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. അവരെ രക്ഷിക്കാന്‍ എന്താണ് മാര്‍ഗ്ഗം? അവരെ എങ്ങനെ രക്ഷിക്കും?

ഇറ്റലിയിലെ കാര്‍പ്പിയില്‍ 1907 ജൂണ്‍ ആറിനായിരുന്നു ഫൊക്കറിനിയുടെ ജനനം. രണ്ട് വയസുള്ളപ്പോള്‍ അമ്മ മരണമടഞ്ഞു. പിതാവ് രണ്ടാമതും വിവാഹം കഴിച്ചു. പക്ഷേ കേട്ടകഥകളിലെ പോലെ ക്രൂരതയുടെ പര്യായമായിരുന്നില്ല ആ സ്ത്രീ. അവര്‍ ഫൊക്കറിനിയെ സ്വന്തം മകനെപ്പോലെ സ്‌നേഹിച്ചു.. വിശ്വാസജീവിതത്തിലേക്ക് ആഴപ്പെടുത്താനുള്ള പരിശീലനം നല്കി.

ഊര്‍ജ്ജസ്വലമായ വ്യക്തിത്വമായിരുന്നു ഫൊക്കറിനിയുടേത്. കലയും സാഹിത്യവും നാടകവും സാഹസികതയും എല്ലാം ആ വ്യക്തിത്വത്തിന്റെ വിവിധ മുഖങ്ങളായിരുന്നു. ഇടവകപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. കത്തോലിക്കാ ആക്ഷന്റെ പ്രസിഡന്റായി സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവച്ചിരുന്നത്.ഒസര്‍വത്താേേരാ റൊമാനോയിലെ എഴുത്തുകാരനും കൂടിയായിരുന്നു ഫൊക്കറിനി.

അതോടൊപ്പം നിരവധിയായ സാമൂഹ്യസംഘടനകളില്‍ അംഗമായിക്കൊണ്ട് ദരിദ്രരുടെയും രോഗികളുടെയും ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി കഴിയുംവിധത്തിലുള്ള സഹായത്തിന്റെ പൊന്‍കരങ്ങള്‍ നീട്ടുകയും ചെയ്തിരുന്നു. 1930 ല്‍ ഫൊക്കിറിനിയുടെ ജീവിതത്തിലേക്ക് മരിയ ഭാര്യയായി കടന്നുവന്നു. 1931 നും 1943 നും ഇടയിലായി ആ ദമ്പതികള്‍ക്ക് ഏഴുമക്കള്‍ ജനിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ ദുരിതങ്ങള്‍ യൂറോപ്പിനെ മുഴുവന്‍ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയായിരുന്നു. അക്കൂട്ടത്തില്‍ ഹിറ്റ്‌ലറുടെ ക്രൂരതകള്‍ അഴിഞ്ഞാടുകയും ചെയ്തുകൊണ്ടിരുന്നു. നിരപരാധികളായ ഒരു സമൂഹത്തെ ഭൂമിയില്‍ നിന്ന് തന്നെ നിഷ്‌ക്കാസനം ചെയ്യാനുള്ള കുത്സിതശ്രമങ്ങള്‍… ഈ സാഹചര്യത്തിലാണ് ഫൊക്കറിനിയുടെ ദിനരാത്രങ്ങള്‍ നിദ്രാവിഹീനങ്ങളായത്.

തന്റെ മനസ്സിലെ വിഷമം അദ്ദേഹം ഭാര്യയുമായി പങ്കുവച്ചു. ഭാര്യയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

ഇവിടെ നമ്മളും കുട്ടികളും സുരക്ഷിതരായി കഴിയുന്നു. പക്ഷേ യഹൂദര്‍ അങ്ങനെയല്ല. പോകൂ..അവരെ പോയി രക്ഷപ്പെടുത്തൂ..അവരെ സഹായിക്കൂ..

ആ വാക്കുകള്‍ വലിയൊരു ഊര്‍ജ്ജം അദ്ദേഹത്തിന് പ്രദാനം ചെയ്തിരിക്കണം. നാമകരണച്ചടങ്ങുകളില്‍ മരിയയെ പ്രത്യേകം അനുസ്മരിക്കുകയും ചെയ്തിരുന്നു.

യഹൂദരെ രക്ഷിക്കാനുളള ശ്രമത്തിന് അദ്ദേഹം മറ്റുളളവരില്‍ നിന്ന് അധികം പിന്തുണയൊന്നും ലഭിച്ചില്ല. ആര്‍ക്കാണ് സ്വന്തം ജീവനില്‍ കൊതിയില്ലാത്തത്? എന്നാല്‍ എന്നെ പ്രതി സ്വജീവന്‍ നഷ്ടപ്പെടുത്തുന്നവന് അത് തിരികെ ലഭിക്കുമെന്ന ക്രിസ്തുവചനം  ഫൊക്കിറിനിയെ അതിസാഹസികമായ ആ കൃത്യത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിച്ചു.

ക്യാമ്പ് അംഗമാണെന്ന് കൃത്രിമരേഖയുണ്ടാക്കിയാണ് ഫൊക്കിറിനി ആ സിംഹക്കൂട്ടിലേക്ക് കടന്നുചെന്നത്. നരകത്തെപ്പോലും ലജ്ജിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു ആ ക്യാമ്പുകള്‍. ഫൊക്കറിനിയുടെ തന്ത്രപരമായ നീക്കങ്ങള്‍ക്ക് പലപ്പോഴായി നൂറ് യഹൂദരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. സ്വിറ്റ്‌സര്‍ലന്റിലേക്കാണ് അവരെയെല്ലാം അദ്ദേഹം രക്ഷപ്പെടുത്തി അയച്ചത്.

ഇത്തരം ശ്രമത്തിനിടയില്‍ അദ്ദേഹത്തിന് പലപ്പോഴും ഗുരുതരമായ അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ നൂറ്റിയൊന്നാമത്തെ യഹൂദനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ അദ്ദേഹത്തെ ഹിറ്റ്‌ലറുടെ അനുചരന്മാര്‍ കൈയോടെ പിടികൂടി. 1944 മാര്‍ച്ചിലായിരുന്നു അറസ്റ്റ്. വിചാരണ കൂടാതെ ജയില്‍ ക്യാമ്പിലേക്ക് അദ്ദേഹത്തെ അവര്‍ അയച്ചു. ഇങ്ങനെയൊരു നിമിഷത്തിന്റെ സാധ്യതകളെക്കുറിച്ച് ഫൊക്കിറിനി പലപ്പോഴും ചിന്തിച്ചിട്ടുണ്ടായിരുന്നു. ഒരുനാള്‍ താന്‍ പിടിക്കപ്പെട്ടേക്കാമെന്ന്…

വീട്ടില്‍ തന്റെ വരവും കാത്തിരിക്കുന്ന കുഞ്ഞുങ്ങളെയും ഭാര്യയെയും അദ്ദേഹം ഓര്‍മ്മിച്ചു. ഇനിയൊരിക്കലും താന്‍ അവരെ കാണുകയുണ്ടാവില്ല. അവര്‍ക്കൊരിക്കലും ഇനി തന്നെ ജീവനോടെ കാണാന്‍ കഴിയില്ല. എന്റെ പൊടിക്കുഞ്ഞുങ്ങള്‍… എന്റെ ഭാര്യ.. എന്റെ കുടുംബം..മാനുഷികമായ രീതിയില്‍ അദ്ദേഹം കരഞ്ഞിട്ടുണ്ടാവാം. എങ്കിലും അതിനെ അതിജീവിക്കാന്‍ തക്ക ശക്തി ദൈവം അദ്ദേഹത്തില്‍ നിക്ഷേപിച്ചിട്ടുണ്ടായിരുന്നു.

സാന്‍ജിയോ വാനി ജയിലിലേക്കായിരുന്നു ആദ്യം അയ്ക്കപ്പെട്ടത്. അവിടെ നിന്ന് ഫൊസോളിസ് കോണ്‍സ്‌ട്രേഷന്‍ ക്യാമ്പിലേക്ക്..അവിടെ നിന്ന് ബൊള്‍സാന ലേബര്‍ ക്യാമ്പിലേക്ക്..ഒടുവില്‍ ഹെര്‍സ്ബൂര്‍ക്കില്‍… 1944 ഡിസംബര്‍ 27 നായിരുന്നു ഫൊക്കിറിനിയുടെ അന്ത്യം. 37 വയസ് മാത്രമേ അപ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.

അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുക്കപ്പെട്ടിട്ടില്ല. ഹെര്‍സ്ബൂര്‍ക്കിലെ ഫര്‍ണ്ണസുകളിലൊന്നില്‍ അദ്ദേഹം കത്തിത്തീര്‍ന്നിട്ടുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഔദ്യോഗികമായി ലഭിച്ച ഏക അവശിഷ്ടം അദ്ദേഹത്തിന്റെ വിവാഹമോതിരം മാത്രമായിരുന്നു. അതാവട്ടെ ജയിലില്‍ നിന്ന് അത്ഭുതകരമായി അദ്ദേഹം ഭാര്യയ്ക്ക് കൊടുത്തുവിടുകയായിരുന്നു. എന്റെ ഓര്‍മ്മയ്ക്കും ദൈവം നമ്മളെ കൂട്ടിയോജിപ്പിച്ചതിന്റെ ഓര്‍മ്മയ്ക്കുമായി ഇത് നീ സൂക്ഷിക്കുക..

ഫൊക്കിറിനിയെ വാഴ്ത്തപ്പെട്ടവനാക്കുന്ന ചടങ്ങില്‍ സംബന്ധിക്കാന്‍  മക്കളും കൊച്ചുമക്കളും അവരുടെ മക്കളും എത്തിയിരുന്നു. തങ്ങളുടെ പിതാവ്, തങ്ങളുടെ വല്യപ്പച്ചന്‍ അള്‍ത്താരവണക്കത്തിന് യോഗ്യനാകുന്ന അപൂര്‍വ്വമായ കാഴ്ചയ്ക്കുള്ള അവസരം ലഭിച്ച ഭാഗ്യമുള്ളവര്‍..! ഫൊക്കിറിനി രക്ഷപ്പെടുത്തിയ യഹൂദരുടെ പിന്മുറക്കാരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

ഫ്രാന്‍സീസ് മാര്‍പാപ്പയെ പ്രതിനിധീകരിച്ച് കര്‍ദിനാള്‍ ആഞ്ചെല്ലോ അമാത്തോയാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിച്ചത്. പ്രസ്തുത ചടങ്ങില്‍ മോണ്‍. ഫ്രാന്‍സെസ്‌ക്കോ കാവിനാ ഫൊക്കിറിനിയെക്കുറിച്ച് പറഞ്ഞ ഏതാനും കാര്യങ്ങള്‍ വിവരിക്കുന്നതും നല്ലതായിരിക്കും.

ഫൊക്കിറിനിയുടെ ആന്തരിക ജീവിതം എല്ലായ്‌പ്പോഴും മറ്റുള്ളവര്‍ക്കു വേണ്ടി സമര്‍പ്പിതമായിരുന്നു. സ്‌നേഹത്തിലൂടെയും കാരുണ്യത്തിലൂടെയും ക്രിസ്തുവിനെ അനുഗമിക്കുന്ന സൗന്ദര്യത്തിലൂടെയും സന്തോഷത്തിലൂടെയും അദ്ദേഹം സ്വയം മറ്റുള്ളവര്‍ക്ക് തന്നെ വെളിപ്പെടുത്തിക്കൊടുത്തു. നല്ല സമറിയാക്കാരനായിരുന്നു അദ്ദേഹം എല്ലാ അര്‍ത്ഥത്തിലും.. അദ്ദേഹം ഒരിക്കലും ആം ചെയര്‍ ക്രൈസ്തവനായിരുന്നില്ല. അനാഥര്‍ക്കും അഗതികള്‍ക്കും പീഡിതര്‍ക്കും ഒപ്പം തോളോട് തോള്‍ ചേര്‍ന്നുനടന്ന ക്രൈസ്തവനായിരുന്നു. അവര്‍ക്കുവേണ്ടി ഏറ്റവും അവസാനത്തെ ചുവടുവരെ അദ്ദേഹം വയ്ക്കുകയും ചെയ്തു.

അതെ, ദൈവം പ്രത്യേകമായ ദൗത്യത്തോടെ ഭൂമിയിലേക്ക് അയച്ച അസാധാരണമായ ഒരു സമ്മാനമായിരുന്നു ഫൊക്കിറിനി. പീഡനങ്ങളേറ്റുവലയുന്ന മനുഷ്യവംശത്തെ അപാരമായ കാരുണ്യത്താല്‍ ആശ്ലേഷിക്കാന്‍ കഴിയുന്ന ദൈവസ്‌നേഹത്തിന്റെ മറ്റൊരു പ്രവാചകന്‍.

 

ബിജു

You must be logged in to post a comment Login