കത്തുകള്‍ സംസാരിച്ചു, കുട്ടികള്‍ പാപ്പയെ കാണാനെത്തി

കത്തുകള്‍ സംസാരിച്ചു, കുട്ടികള്‍ പാപ്പയെ കാണാനെത്തി

വത്തിക്കാന്‍: ഇത്രയും നാള്‍ സംസാരിച്ചത് കത്തുകളായിരുന്നു. ഇക്കുറി, കുട്ടികള്‍ നേരിട്ടെത്തി, പാപ്പയെ കാണാന്‍… വിവിധ ലോകരാജ്യങ്ങളില്‍ നിന്നും ഫ്രാന്‍സിസ് പാപ്പക്ക് കത്തുകളെഴുതിയ കുട്ടികളാണ് അദ്ദേഹത്തെ നേരിട്ടു കാണാനെത്തിയത്. ഇവരുടെ ചോദ്യങ്ങളും അതിനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഉത്തരങ്ങളുമാണ് ‘ഡിയര്‍ പോപ്പ് ഫ്രാന്‍സിസ്’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം.

കാരിത്താസ് ഇന്റര്‍നാഷണല്‍ പ്രസിഡന്റും മനില ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിളും കുട്ടികളെ അനുഗമിച്ചിരുന്നു. ഇറ്റലി, ഫിലിപ്പീന്‍സ്, ഇന്ത്യ, കെനിയ, ആസ്‌ട്രേലിയ, അര്‍ജന്റീന, യുഎസ്, കാനഡ, സിംഗപ്പൂര്‍, അയര്‍ലണ്ട്, ബെല്‍ജിയം, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഫ്രാന്‍സിസ് പാപ്പയെ കാണാനെത്തിയത്. കുട്ടികളുടെ അടുത്തെത്തി മാര്‍പാപ്പ സ്‌നേഹപൂര്‍വ്വം അവരെ ആശ്ലേഷിച്ചു. അവരോട് കുശലം പറഞ്ഞു. കടുപ്പമുള്ള ചോദ്യങ്ങളാണ് കുട്ടികള്‍ തന്നോടു ചോദിച്ചതെന്നും മാര്‍പാപ്പ തമാശയായി പറഞ്ഞു.

‘അങ്ങേക്കിഷ്ടമുള്ള വിശുദ്ധനാരാണ്? ഒരു കൊച്ചുമിടുക്കന്റെ ചോദ്യം. ‘എനിക്ക് ഒരുപാട് വിശുദ്ധര്‍ സുഹൃത്തുക്കളായുണ്ട്. അതില്‍ ഞാനേറ്റവും ആരാധിക്കുന്നവരില്‍ ഒരാള്‍ വിശുദ്ധ കൊച്ചു ത്രേസ്യ ആണ്. രണ്ടാമത്തെയാള്‍ വിശുദ്ധ ഇഗ്നേഷ്യസ്, മൂന്നാമത്തെയാള്‍ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സി. ഈ മൂന്നു വിശുദ്ധരെയാണ് ഞാനെന്റെ ഹൃദയത്തില്‍ കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുന്നത്’, ഫ്രാന്‍സിസ് പാപ്പയുടെ മറുപടി.

മാര്‍പാപ്പയാകാന്‍ സാധിച്ചത് ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം കൊണ്ടാണെന്നും ജീവിതാവസാനത്തിലേക്ക് താന്‍ അടുക്കുന്നത് ഏറെ സമാധാനത്തോടു കൂടിയാണെന്നും മാര്‍പാപ്പ കുട്ടികളോട് പറഞ്ഞു.

You must be logged in to post a comment Login