കത്തോലിക്കനാകുന്നതിന് എന്തെങ്കിലും കാരണങ്ങളുണ്ടോ?

കത്തോലിക്കനാകുന്നതിന് എന്തെങ്കിലും കാരണങ്ങളുണ്ടോ?

tim-stanleyഉണ്ടാവും. അതുകൊണ്ടാണല്ലോ ടിം സ്റ്റാലിയെന്ന ചരിത്രകാരനും എഴുത്തുകാരനും ബ്ലോഗറുമായ വ്യക്തി കത്തോലിക്കനായപ്പോള്‍ അതിന്റെ പിന്നിലെ കാരണങ്ങളെക്കുറിച്ച് ലോകം അദ്ദേഹത്തോട് ചോദിച്ചത്. പ്രധാനമായും രണ്ടു ചോദ്യങ്ങളാണ് ടിമ്മിന്റെ മുമ്പില്‍ ഉയര്‍ന്നുവന്നത്. എന്തുകൊണ്ട് കത്തോലിക്കനായി? താങ്കള്‍ ഇപ്പോള്‍ സന്തുഷ്ടനാണോ?
ഒരു ബാപ്റ്റിസ്റ്റ് സഭാംഗമായാണ് ടിം വളര്‍ന്നുവന്നത്. പിന്നീട് അദ്ദേഹം ആംഗ്ലിക്കനായി. അതിന് ശേഷമുള്ള പരിണാമമായിരുന്നു കത്തോലിക്കന്റേത്. അതുകൊണ്ടുകൂടിയാവാം ഈ ചോദ്യങ്ങളെ അദ്ദേഹം നേരിട്ടതും.
മേല്പ്പറഞ്ഞ ചോദ്യങ്ങളോട് ടിം ഇങ്ങനെയാണ് പ്രതികരിച്ചത്. ഒരു പുരുഷനോട് താന്‍ എന്തുകൊണ്ട് ഒരു സ്ത്രീയെ വിവാഹം ചെയ്തു എന്ന് ചോദിക്കുന്നതിന് തുല്യമായാണ് ആദ്യ ചോദ്യത്തെ ടിം കണക്കിലെടുത്തത്. ഒരേ സമയം ലളിതവും സങ്കീര്‍ണ്ണവുമായ പ്രക്രിയയായിരുന്നു അത്.ഒരാള്‍ സ്‌നേഹത്തില്‍ വീണുപോകുന്നതുപോലെയായിരുന്നു അത്!

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ എത്തിയതായിരുന്നു ടിമ്മിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. ജീവിതം വളരെ വെല്ലുവിളികള്‍ നിറഞ്ഞതായി അദ്ദേഹത്തിന് തോന്നി. വ്യക്തിജീവിതം വളരെ അ്പ്രധാനമായതായി അനുഭവപ്പെട്ടു. തനിക്ക് തന്നെ തന്നെ സ്‌നേഹിക്കാന്‍ കഴിയാത്ത അവസ്ഥ. സ്വയം സ്‌നേഹിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് മറ്റുള്ളവരെയും സ്‌നേഹിക്കാന്‍ കഴിയുമോ? ഇല്ല. തല്‍ഫലമായി ജീവിതം കൂടുതല്‍ സംഘര്‍ഷഭരിതമായി.
രണ്ടാം വര്‍ഷത്തില്‍ ആഭ്യന്തരയുദ്ധങ്ങളെക്കുറിച്ച് പഠിച്ചത്് മറ്റൊരു ദിശയിലേക്ക് തിരിയാന്‍ ഇടയായി.ലോകം വളരെ വര്‍ണ്ണശബളവും വൈവിധ്യം നിറഞ്ഞതുമാണെന്ന്് തിരിച്ചറിവ് ടിമ്മിന്റെ കാഴ്ചപ്പാടുകളെ പുതുക്കിപ്പണിയാന്‍ ഇടയാക്കി. വിശുദ്ധരും രക്തസാക്ഷികളുമായവരെക്കുറിച്ചുള്ള അറിവ് വ്യത്യസ്തമായിരുന്നു. ആംഗ്ലിക്കന്‍ വിശ്വാസമായിരുന്നു കേംബ്രിഡ്ജില്‍ വേരോടിയിരുന്നത്. തന്മൂലം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ അംഗമായി. പക്ഷേ അപ്പോഴും എന്തൊക്കെയോ അപൂര്‍ണ്ണതകള്‍ മനസ്സിനെ വേട്ടയാടിക്കൊണ്ടേയിരുന്നു. ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്ക് ഇനിയും എത്തിച്ചേരാന്‍ കഴിയാത്തതുപോലെ..എന്തൊക്കെയോ നഷ്ടമാകുന്നതുപോലെ… ശക്തമായ പ്രാര്‍ത്ഥനകളിലേക്കുള്ള വഴിതുറന്നത് അങ്ങനെയാണ്. ആ വെളിച്ചത്തില്‍ കത്തോലിക്കാവിശ്വാസത്തിലേക്കുള്ള പടവുകള്‍ ഒന്നൊന്നായി തെളിഞ്ഞുവരുകയായിരുന്നു.

കത്തോലിക്കാവിശ്വാസത്തിലേക്ക് തന്നെ ആകര്‍ഷിച്ചത് പ്രധാനമായും മൂന്നുകാര്യങ്ങളാണെന്ന് ടിം വ്യക്തമാക്കുന്നു. ഒന്നാമത്തേത് അതിന്റെ ഘടനയാണ്. ഒരാള്‍ കത്തോലിക്കനാകുമ്പോള്‍ തന്നെക്കാള്‍ വലുതായ എന്തിന്റെയോ ഒരു ഭാഗമായിത്തീരുകയാണെന്ന് അദ്ദേഹം പറയുന്നു. ലോകത്തിലെവിടെ പോയാലും അവിടെയുള്ള ദൈവാലയങ്ങളിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിക്കുന്നത് നിസ്സാരകാര്യവുമല്ല.
രണ്ടാമത്തെ ഘടകം മാനുഷികതയാണ്. കരുണയുടെ മുഖമാണ്. ഭയപ്പെട്ടും തനിച്ചും നില്ക്കുന്ന ഒരുവന് ആശ്വാസത്തിന്റെ കരം നല്കി ചേര്‍ത്തുപിടിക്കാന്‍ സഭ സന്നദ്ധമാണ്. അഗതികളെയും പരിത്യക്തരെയും ആശ്വസിപ്പിക്കുന്ന സഭ എപ്പോഴും പ്രദര്‍ശിപ്പിക്കുന്ന മുഖം സ്‌നേഹത്തിന്റേതാണ്.
സഭ നല്കുന്ന പ്രത്യാശയാണ് മറ്റൊരു ഘടകം. കൂദാശകളുടെ ഭാഗമാകാനുള്ള അവസരമാണ്. എപ്പോള്‍ വേണമെങ്കിലും കുമ്പസാരിക്കാനും വിശുദ്ധബലികളില്‍ പങ്കെടുക്കാനുമുള്ള അവസരം എത്രയോ അവര്‍ണ്ണനീയമാണ്. എല്ലാ ദിവസവും പുതിയ ഓരോ ദിനമാണ്. ഓരോ ദിനവും രക്ഷയുടെ അവസരം പ്രദാനം ചെയ്യുന്നു. ക്രിസ്തുവിന്റെ ക്രൂശീകരണം ഒരിക്കല്‍ മാത്രം സംഭവിച്ചതും വീണ്ടും ഒരിക്കല്‍ക്കൂടി സംഭവിക്കുകയില്ലാത്തതുമാണ്. അവിടുത്തെ ത്യാഗം സ്ഥിരമായതും നിത്യവുമാണ്. നിരാശതയില്‍പെട്ടുഴലുന്നവര്‍ക്ക് ക്രൂശ് നല്കുന്ന സന്തോഷം വിലമതിക്കാനാവാത്തതാണ്.

ഇന്ന് തന്റെ വിശ്വാസത്തെക്കുറിച്ച് ഓരോരുത്തരോടും പറയുന്നത് ഒരു ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ് ടിം സ്റ്റാന്‍ലി. ഓരോ ദിവ്യബലിയിലൂടെയും ക്രിസ്തുവിന്റെ ജീവിക്കുന്ന സാന്നിധ്യം അനുഭവിച്ചറിയാന്‍ അദ്ദേഹത്തിന് കഴിയുന്നു. ഒരുപാട് സഞ്ചാരങ്ങള്‍ക്കും അലച്ചിലുകള്‍ക്കും ഒടുവില്‍ സ്വന്തം ഭവനത്തില്‍ തിരികെയെത്തിയതിന്റെ സന്തോഷം അനുഭവിക്കാന്‍ അദ്ദേഹത്തിന് ഇന്ന് സാധിക്കുന്നു.

ടിം സ്റ്റാലി ഇന്ന് അനുഭവിക്കുന്ന സന്തോഷത്തിന്റെ കാരണങ്ങള്‍ തന്നെയല്ലേ ഓരോ കത്തോലിക്കന്റെയും സന്തോഷങ്ങളുടെ കാരണങ്ങളും?

You must be logged in to post a comment Login