കത്തോലിക്കാവിശ്വാസം ഒരാളെ കര്‍ദിനാളാക്കിയപ്പോള്‍…

കത്തോലിക്കാവിശ്വാസം ഒരാളെ കര്‍ദിനാളാക്കിയപ്പോള്‍…

അന്ന് അങ്ങനെ സംഭവിച്ചിരുന്നില്ല എങ്കില്‍ ഇന്ന് കര്‍ദ്ദിനാള്‍ ജോണ്‍ ടോംങ് ഹോണ്‍ ചൈനയുടെ ഏഴാമത്തെ കര്‍ദ്ദിനാളായി അഭിഷിക്തനാകുമായിരുന്നില്ല. അകത്തോലിക്കരായ മാതാപിതാക്കളുടെ മകനായി 1939 ജൂലൈ 31 നാണ് അദ്ദേഹം ജനിച്ചത്. മൂന്നുമക്കളില്‍ മൂത്ത ആളായിരുന്നു അദ്ദേഹം.

ജോണിന് രണ്ട് വയസുള്ളപ്പോഴാണ് ഹോംങ് കോംഗിലേക്കുള്ള ജപ്പാന്‍ അധിനിവേശം നടന്നത്. അതിനെതുടര്‍ന്ന് അമ്മയുടെ ജന്മസ്ഥലമായ മാക്കുവിലേക്ക് ആ കുടുംബം കുടിയേറി. എന്നാല്‍ മകന്റെ സുരക്ഷയെ കരുതി മാതാപിതാക്കള്‍ അവനെ കൂടെ കൂട്ടിയില്ല. പിതാവിന്റെ ജന്മസ്ഥലമായ ഗുവാങ്‌ഡോങില്‍ പിതാവിന്റെ അമ്മയുടെ അടുത്തേയ്ക്കാണ് അവര്‍ അവനെ പറഞ്ഞയച്ചത്.

ആറു വയസുവരെ അവന്‍ അവിടെയാണ് ജീവിച്ചത്.
യുദ്ധാനന്തരം കുടുംബവുമായി അവന്‍ കൂടിച്ചേര്‍ന്നു. എന്നാല്‍ സന്തോഷകരമായ പുനസമാഗമത്തിനും അത് നല്കിയ സന്തോഷത്തിനും അധികം ആയുസ് ഉണ്ടായിരുന്നില്ല. അക്കൗണ്ടന്റായ പിതാവ് ക്ഷയരോഗബാധിതനായി.

കുടുംബം പുലര്‍ത്താന്‍ അധ്യാപികയായ അമ്മ ഏറെ കഷ്ടപ്പെട്ടു. ” കഠിനമായ കാലമായിരുന്നു അത്. സഹനവും സഹിഷ്ണുതയും എന്താണെന്ന് ഞാന്‍ പഠിച്ചത് അക്കാലത്താണ്…” കര്‍ദ്ദിനാള്‍ ജോണ്‍ ടോംങ് പഴയകാലത്തെ ഓര്‍മ്മിക്കുന്നത് അങ്ങനെയാണ്.

അമ്മ ഒരു കത്തോലിക്കാസ്‌കൂളിലെ അധ്യാപികയായിരുന്നു. അവിടുന്ന് കിട്ടിയ പ്രാര്‍ത്ഥനാചൈതന്യവും വിശ്വാസജീവിതവും താന്‍ അന്നേ വരെ പുലര്‍ത്തിയിരുന്ന ജീവിതത്തില്‍ നിന്ന് മാറി ചിന്തിക്കാന്‍ അവരെ പ്രേരിപ്പിച്ചു. അതിന്റെ ഫലമായിട്ടായിരുന്നു കത്തോലിക്കാജീവിതം പുണരാന്‍ അവര്‍ തീരുമാനിച്ചത്.

മാമ്മോദീസാ സ്വീകരിച്ച് കത്തോലിക്കയായതിന് അടുത്ത വര്‍ഷം തന്നെ കുടുംബം മുഴുവന്‍ അവരുടെ വഴി പിന്തുടര്‍ന്നു.

ആ വര്‍ഷങ്ങളില്‍ തന്നെയായിരുന്നു കമ്മ്യൂണിസ്റ്റുകാരും നാഷണിലിസ്റ്റും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പൊട്ടിപുറപ്പെട്ടത്. അനേകം വ്യക്തികള്‍ക്ക് മുറിവേറ്റു. ജീവരക്ഷാര്‍ത്ഥം അവരില്‍ പലരും പലായനം ചെയ്തു. അവര്‍ക്ക് അഭയമായത് കാന്റണ്‍ എന്ന ദേശമായിരുന്നു. അവിടെയായിരുന്നു ജോണിന്റെ കുടുംബം താമസിച്ചിരുന്നത്.

കത്തോലിക്കാ മിഷനറിമാരുടെ കാരുണ്യപ്രവൃത്തികളെ അടുത്തറിയാന്‍ ഈ അവസരം ജോണിന് വഴിയൊരുക്കി. മുറിവേറ്റവരെ അവര്‍ ശുശ്രൂഷിക്കുന്നത്.. അവശരോടും ആലംബഹീനരോടും സ്‌നേഹത്തോടെ പെരുമാറുന്നത്… അതെല്ലാം ജോണിന്റെ കുരുന്നുമനസ്സില്‍ വല്ലാതെ സ്വാധീനം ചെലുത്തി. ഇടവകവൈദികന്‍, പഠിച്ച കത്തോലിക്കാപ്രൈമറി സ്‌കൂള്‍, പരിചയപ്പെട്ട മിഷനറിമാര്‍.. തുടങ്ങിയ ഭൗതികസാഹചര്യങ്ങള്‍ എല്ലാം ഒരു വൈദികനാകണമെന്ന ആഗ്രഹം അദ്ദേഹത്തില്‍ ജനിപ്പിക്കുകയായിരുന്നു.

കാലം കടന്നുപോയി. കമ്മ്യൂണിസ്റ്റുകാര്‍ ചൈനയില്‍ അധികാരത്തിലെത്തി. പരിചയമുള്ള വൈദികരുടെ ഉപദേശമനുസരിച്ച് ജോണ്‍ മാക്കുവിലേക്ക് പോയി. ജോണിന്റെ ദൈവവിളിക്ക് അതാണ് നല്ലതെന്ന് അഭിപ്രായത്തെതുടര്‍ന്നായിരുന്നു അത്. മകന്റെ നല്ല ഭാവിയെ കരുതി മാതാപിതാക്കള്‍ അതിന് പ്രാര്‍ത്ഥനാപൂര്‍വ്വം ആശംസകള്‍ നേര്‍ന്നു.

പന്ത്രണ്ടാം വയസില്‍ 1951 ല്‍ ജോണ്‍ മാക്കുവിലെ സെമിനാരിയില്‍ അംഗമായി. അടുത്തവര്‍ഷം പിതാവും അധികം വൈകാതെ വല്യമ്മയും മരണമടഞ്ഞു. ആറുവര്‍ഷങ്ങള്‍ക്ക് ശേഷംഹോംങ് കോംഗിലെ ഹോളി സ്പിരിറ്റ് സെമിനാരിയിലെത്തി. ഫിലോസഫി പഠനം അവിടെയായിരുന്നു. 1964 ല്‍ തിയോളജി പഠനത്തിനായി റോമിലേക്ക് ജോണ്‍ യാത്രയായി. ആ വര്‍ഷം സഭയുടെ ചരിത്രത്തില്‍ സുപ്രധാനമായ ഒരു വര്‍ഷമായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടക്കുന്ന സമയമായിരുന്നു അത്.

1966 ജനുവരിയില്‍ പോപ്പ് പോള്‍ ആറാമന്‍ ജോണിന് പൗരോഹിത്യം നല്കി. പിന്നീട് പൊന്തിഫിക്കല്‍ ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തിയോളജയില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു.

തിരികെ ഹോംങ് കോംഗിലെത്തിയ അദ്ദേഹം 1970 മുതല്‍ സെമിനാരിയില്‍ തിയോളജിയും ചൈനീസ് ഫിലോസഫിയും പഠിപ്പിച്ചു. 1979 ല്‍ കര്‍ദ്ദിനാള്‍ വൂ ഫാ.ജോണിനെ പുതുതായി ജന്മം കൊണ്ട രൂപതയിലെ ഹോളിസ്പിരിറ്റ് സ്റ്റഡി സെന്ററിന്റെ തലവനായി നിയമിച്ചു. രൂപതയിലെ വികാരി ജനറാല്‍മാരില്‍ ഒരാളായി 1992 ല്‍ ചുമതലയേറ്റെടുത്തു. 1996 ല്‍ ഹോംങ് കോംഗ് രൂപതയുടെ സഹായമെത്രാനായ അദ്ദേഹത്തെ കോഅഡ്ജുറ്റര്‍ ബിഷപ്പായി 2008 ജനുവരിയില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നിയോഗിച്ചു. പിന്നീട് 2009 ഏപ്രില്‍ 15 ന് മെത്രാനുമായി. കര്‍ദ്ദിനാള്‍ സെന്നിന്റെ ഒഴിവിലേക്കായിരുന്നു നിയമനം.

ചൈനയിലെ കത്തോലിക്കര്‍ക്ക് 2012 പുതുവര്‍ഷം നല്കിയത് ആനന്ദത്തിന്റെ വാര്‍ത്തകളാണ്. ചൈനീസ് പുതുവര്‍ഷമായ ഇയര്‍ ഓഫ് ദ ഡ്രാഗണിലേക്ക് അവര്‍ പ്രവേശിച്ചിരിക്കുന്നതിന് പുറമെയാണ് ബിഷപ് ജോണ്‍ ടോംങ് ഹോണിന് കര്‍ദ്ദിനാള്‍ പദവി ലഭിച്ചതും. ഏഴാമത്തെ ചൈനീസ് കര്‍ദ്ദിനാളും നിലവിലുള്ള മൂന്നു കര്‍ദ്ദിനാള്‍മാരില്‍ ഒരാളും ഹോംങ്കോഗില്‍ ജനിച്ച ആദ്യ കര്‍ദ്ദിനാളുമാണ് കര്‍ദ്ദിനാള്‍ ജോണ്‍ ടോംങ് ഹോണ്‍.

മികച്ച ഒരു ബാസ്‌ക്കറ്റ് ബോള്‍ കളിക്കാരന്‍ കൂടിയായ കര്‍ദ്ദിനാള്‍ 2008 ആഗസ്റ്റ് 6 ന് നടന്ന ബെയ്ജിംങ് ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ ഔദ്യോഗികമായി ക്ഷണിക്കപ്പെട്ട മതനേതാക്കളില്‍ ഒരാളായിരുന്നു. ” കൂടിയാലോചനകള്‍ക്കും തുറന്ന സംഭാഷണങ്ങള്‍ക്കും എല്ലാ ആശയസംഘടനങ്ങളെയും രമ്യതപ്പെടുത്താനും പരിഹരിക്കുവാനും കഴിയും” എന്ന് വിശ്വസിക്കുന്ന ഇദ്ദേഹം ബെയ്ജിംങ് ഭരണകൂടം എല്ലാ സഭാവിശ്വാസികള്‍ക്കും മതപരവും മാനുഷികവുമായ എല്ലാവിധ അവകാശങ്ങളും നല്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. കത്തോലിക്കാസഭയുമായി സാധാരണഒരുബന്ധം ആ ഭരണകൂടം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു.

പ്രയോജനരഹിതനായ ദാസന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹം തനിക്ക് കര്‍ദ്ദിനാള്‍ ആകാനുള്ള യാതൊരു യോഗ്യതയും ഇല്ലെന്നും പറയുന്നു.” ഇതൊരു അടയാളമാണ്.. പരിശുദ്ധ പിതാവിന് ചൈനയിലെ സഭയോടുള്ള സ്‌നേഹത്തിന്റെയും പരിഗണനയുടെയും അടയാളം. ഹോങ്കോംഗ് രൂപതയുടെ എല്ലാ ഉദ്യമങ്ങള്‍ക്കുമുള്ള പ്രോത്സാഹനത്തിന്റെ അടയാളം.”

 

ബി

You must be logged in to post a comment Login