കത്തോലിക്കാ മെത്രാന്മാര്‍ക്കെതിരെ ഫിലിപ്പൈന്‍സ് പ്രസിഡന്റ്

കത്തോലിക്കാ മെത്രാന്മാര്‍ക്കെതിരെ ഫിലിപ്പൈന്‍സ് പ്രസിഡന്റ്

മനില: കത്തോലിക്കാ മെത്രാന്മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിയുക്ത ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടെ. സഭയിലെ എല്ലാ മെത്രാന്മാരും അഴിമതിക്കാരും പിഴച്ച സന്താനങ്ങളും ആണെന്നും അവര്‍ അനധികൃതമായി രാഷ്ട്രീയക്കാരില്‍ നിന്നും സൗജന്യങ്ങള്‍ കൈപ്പറ്റുന്നവര്‍ ആണെന്നുമാണ് റോഡ്രിഗോയുടെ ദുഷിച്ചസംസാരം.

നിങ്ങള്‍ക്ക് നാണമില്ലേ എന്നാണ് മെത്രാന്മാരോടായി ഇദ്ദേഹം ചോദിച്ചത്. നിങ്ങള്‍ പല ആനൂകൂല്യങ്ങളും ചോദിക്കുന്നു, എന്നോടു പോലും അതാവശ്യപ്പെട്ടിട്ടില്ലേ? കാപട്യം നിറഞ്ഞ സ്ഥാപനമായിട്ടാണ് കത്തോലിക്കാ സഭയെയും ഇദ്ദേഹം വിശേഷിപ്പിച്ചത്.

ഫിലിപ്പൈന്‍സിലെ എണ്‍പത് ശതമാനവും കത്തോലിക്കരാണ്. ദാവോ സിറ്റിയിലെ മേയറാണ് ഇപ്പോള്‍ റോഡ്രിഗോ. മെയ് ഒമ്പതിന് നടന്ന തിരഞ്ഞെടുപ്പില്‍ 38. 5 ശതമാനം വോട്ടുകളും റോഡ്രിഗോയാണ് നേടിയത്. പക്ഷേ ഔദ്യോഗികമായി റിസള്‍ട്ട് ഇതുവരെയും പ്രഖ്യാപിച്ചിട്ടുമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം ചോദ്യചെയ്യപ്പെടാനാവാത്തതാണ്.

ഇലക്ഷന്‍ കാലത്ത് റോഡ്രിഗോയുടെ ചില പ്രഖ്യാപിത നയങ്ങളോട് സഭ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. പ്രത്യേകിച്ച വധശിക്ഷ പുന: സ്ഥാപിക്കുന്നതുപോലെയുള്ള കാര്യങ്ങളില്‍. ഫ്രാന്‍സിസ് മാര്‍പാപ്പയെ നിന്ദിച്ചു സംസാരിച്ച ചരിത്രവും ഈ പ്രസിഡന്റിനുണ്ട്. 2015 ല്‍ പാപ്പയുടെ ഫിലിപ്പൈന്‍സ് സന്ദര്‍ശനവേളയിലുണ്ടായ ട്രാഫിക് ജാമ്മിന്റെ പേരിലായിരുന്നു ഇദ്ദേഹം പാപ്പയെ നിന്ദിച്ച് സംസാരിച്ചത്. പിന്നീട് പാപ്പയെ നേരില്‍ ചെന്ന് കണ്ട് മാപ്പ് പറയണമെന്നുള്ള സന്നദ്ധത ഇദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

You must be logged in to post a comment Login