കത്തോലിക്കാ രീതിയില്‍ എങ്ങനെ ഫണ്ട് ശേഖരിക്കാം? ഇതാ ചില നിര്‍ദ്ദേശങ്ങള്‍

കത്തോലിക്കാ രീതിയില്‍ എങ്ങനെ ഫണ്ട് ശേഖരിക്കാം? ഇതാ ചില നിര്‍ദ്ദേശങ്ങള്‍

ടൈറ്റില്‍ കണ്ട് അതിശയിക്കണ്ടാ. നിരവധി കത്തോലിക്കാ സന്നദ്ധസംഘടനകളെ കൈഅയച്ച് സഹായിച്ച ഒരു വ്യക്തി എഴുതിയ ലേഖനത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങളാണ് തുടര്‍ന്ന് എഴുതുന്നത്.

കത്തോലിക്കര്‍ പൊതുവെ സംഭാവന നല്കുന്നതില്‍ പിന്നാക്കം നില്ക്കുന്നവരാണെന്ന് ഒരു ധാരണയുണ്ട്. പക്ഷേ അങ്ങനെയല്ല യാഥാര്‍ത്ഥ്യം. നമുക്ക് തന്നെ പരിചയമുള്ള എത്രയോ പ്രസ്ഥാനങ്ങള്‍ കേരളത്തിലും വെളിയിലും വിശ്വാസികളുടെ സാമ്പത്തിക സഹായം ഒന്നു കൊണ്ടുമാത്രമായി മുന്നോട്ടുപോകുന്നുണ്ട്. അപ്പോള്‍ കത്തോലിക്കര്‍ ദാനം ചെയ്യാന്‍ മടിയുള്ളവരാണ് എന്ന ധാരണ ശരിയല്ല. പക്ഷേ അവരില്‍ നിന്ന് സംഭാവന കിട്ടാന്‍ ചില രീതികളൊക്കെയുണ്ട്. അത് എന്താണെന്നാണ് ഈ ലേഖനം പറയുന്നത്.

എന്തായാലും ഇതാ, ആ ലേഖകന്‍ പറഞ്ഞിരിക്കുന്ന ആശയങ്ങള്‍..

ഒന്ന്: ആശയം വ്യക്തമാക്കുക

എന്താണ് നിങ്ങളുടെ ലക്ഷ്യം..എന്തിന് വേണ്ടിയാണ് നിങ്ങള്‍ പണം ചോദിക്കുന്നത്..എന്താണ് നിങ്ങള്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍.. ഇവയെക്കുറിച്ച് വ്യക്തമായും ഹ്രസ്വമായും ആശയം പങ്കുവയ്ക്കുക. നിങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവയുടെ നേട്ടങ്ങളും അതിന്റെ ഫലങ്ങളും വിശദീകരിക്കാന്‍ മടിക്കരുത്. നിങ്ങളുടെ ആശയം എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും നിങ്ങള്‍ക്ക് കിട്ടുന്ന ഫീഡ് ബായ്ക്ക്.

രണ്ട്: നല്ല ബന്ധം സ്ഥാപിക്കുക

നിങ്ങള്‍ ആരോടെല്ലാമാണോ മെസേജ് പങ്കുവച്ചത് അവരുമായി നല്ല ബന്ധം പുലര്‍ത്തുക. ഓരോ ദിവസവും ആ ബന്ധം പുതുക്കാന്‍ സാധിക്കുമോ അത്രയും നല്ലത്. സംഭാവന ചോദിക്കാതിരിക്കുക. മറിച്ച് നിങ്ങളുടെ സന്ദേശത്തോട് അവര്‍ ഇങ്ങോട്ട് സംസാരിക്കട്ടെ. ഇതെങ്ങനെ വര്‍ക്കൗട്ട് ചെയ്യാന്‍ പറ്റും എന്ന മട്ടില്‍…

മൂന്ന്: അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കുക

ബന്ധം സ്ഥാപിക്കുക പ്രധാനമാണെന്ന് പറഞ്ഞുവല്ലോ. അതുപോലെയാണ് ബന്ധം സ്ഥാപിച്ചവര്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നതും. പൊതുവെ കണ്ടുവരുന്ന രീതി മറ്റുള്ളവര്‍ നമ്മോട് പറഞ്ഞ കാര്യങ്ങള്‍ നാം മറന്നുപോകുന്നതാണ്. ജനങ്ങള്‍ നിങ്ങളുടെ ആശയങ്ങളെ എങ്ങനെ മൂല്യമുള്ളതായിക്കാണുന്നു എന്നതിന് അവര്‍ പറഞ്ഞ കാര്യങ്ങളെ ഓര്‍ത്തിരിക്കുക എന്നത് പ്രധാനമാണ്.

നാല്: സംഭാവന ചോദിക്കുക

ആദ്യ മൂന്നു ഘട്ടങ്ങളും വിജയകരമായി നടപ്പിലാക്കിയാല്‍ മാത്രമേ സംഭാവന ചോദിക്കാവൂ. ചാടിക്കയറി സംഭാവന ചോദിച്ചാല്‍ ആരും തരില്ല.  അതോടൊപ്പം ആരോടാണ് ചോദിക്കേണ്ടത് എന്ന് കൃത്യമായി അറിഞ്ഞിരിക്കണം.

അഞ്ച്: ഫീഡ് ബാക്ക് അന്വേഷിക്കുക

മറ്റുള്ളവരില്‍ നിന്ന് കിട്ടിയ പണം കൊണ്ട് തുടങ്ങിയ നിങ്ങളുടെ സംരംഭത്തിന്റെ ഫീഡ്ബാക്ക് കൃത്യമായി അറിഞ്ഞിരിക്കണം. അവര്‍ക്ക് നിങ്ങളെക്കുറിച്ചുള്ള അഭിപ്രായം എന്താണ്.. നിങ്ങളെക്കുറിച്ച് പോസിറ്റീവായാണോ നെഗറ്റീവായാണോ അവര്‍ സംസാരിക്കുന്നത് എന്ന് കൃത്യമായി അറിഞ്ഞിരിക്കണം. ആദ്യം നിങ്ങള്‍ക്ക് സംഭാവന നല്കിയവര്‍ ഇപ്പോള്‍ സംഭാവന നല്കുന്നില്ലെങ്കില്‍ അതിന് കാരണം നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അവര്‍ സംതൃപ്തരല്ല എന്നാണ്.

പിന്നെ ഒരു കാര്യം ശ്രദ്ധിക്കണം. നിങ്ങള്‍ പങ്കുവയ്ക്കുന്ന ആശയവും അത് അനുസരിച്ചുള്ള ജീവിതവുമാണോ നിങ്ങള്‍ നയിക്കുന്നത് എന്നതും പ്രധാനമാണ്. അവ തമ്മില്‍ ചേര്‍ച്ചയുണ്ടെങ്കില്‍ മാത്രമേ ആളുകള്‍ സഹായിക്കൂ. ഉദ്ദേശ്യശുദ്ധി പ്രധാനപ്പെട്ടതാണെന്ന് ചുരുക്കം.

ബി

You must be logged in to post a comment Login