കത്തോലിക്കാ സഭയെ ഇംഗ്ലണ്ടില്‍ നിന്നു പുറന്തള്ളിയ രാജാവിന്റെ ചാപ്പലില്‍ സഭ പുനര്‍ പ്രവേശിക്കുന്നു!

അപൂര്‍വമായ ദൈവനിയോഗമെന്നോ ചരിത്രമുഹൂര്‍ത്തമെന്നോ വേണമെങ്കില്‍ ഇതിനെ വിളിക്കാം. 450 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും ഇംഗ്ലണ്ടിലെ രാജാവായിരുന്ന ഹെന്റി എട്ടാമന്റെ രാജകീയ ചാപ്പലില്‍ കത്തോലിക്കാ പ്രാര്‍ത്ഥനകള്‍ നടക്കും. വെസ്റ്റ്മിനിസ്റ്റര്‍ കര്‍ദിനാള്‍ നിക്കോള്‍സ് വേസ്പരയും ചാപ്പല്‍ ഡീന്‍ കൂടിയായ ലണ്ടന്‍ ബിഷപ്പ് പ്രഭാഷണവും നടത്തും.

പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ രാജാവായിരുന്ന ഹെന്റി എട്ടാമനാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും കത്തോലിക്കാ സഭയും തമ്മിലുള്ള അകര്‍ച്ചയ്ക്ക് കാരണഭൂതനായത്. ഭാര്യയായിരുന്ന ആരഗണിലെ കാതറിനുമായുള്ള വിവാഹ ബന്ധം അസാധുവാക്കണമെന്ന് ഹെന്റി ശഠിച്ചു. അന്നത്തെ പാപ്പായായിരുന്ന ക്ലെമെന്റ് ഏഴാമന്‍ പക്ഷേ അതിന് സമ്മം നല്‍കിയില്ല. ഇതില്‍ കോപിഷ്ഠനായ ഹെന്റിക്ക് കത്തോലിക്കാ സഭയോട് തന്നെ വിദ്വേഷമായി. തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും റോമിലെ കത്തോലിക്കാ സഭയും തമ്മിലുള്ള വലിയ അകല്‍ച്ചയിലേക്കു നയിച്ചു. കാതറിനെ ഉപേക്ഷിച്ച ഹെന്റി പിന്നീട് അഞ്ചു ഭാര്യമാരെ കൂടി സ്വന്തമാക്കി.

കത്തോലിക്കാ സഭയെ പുറം തള്ളിയ ഈ ഹെന്റി എട്ടാമന്‍ രാജാവിന്റെ രാജകീയ ചാപ്പലിലാണ് മുന്‍ പറഞ്ഞ കത്തോലിക്കാ പ്രാര്‍ത്ഥനകള്‍ നടക്കാന്‍ പോകുന്നത്. കര്‍ദിനാള്‍ വോള്‍സി നിര്‍മിച്ച കത്തോലിക്കാ ചാപ്പല്‍ ഹെന്റി എട്ടാമന്‍ ബലം പ്രയോഗിച്ച കൈക്കലാക്കുകയും പിന്നീട് പുതുക്കി പണിയുകയുമാണുണ്ടായത്.

വി. സ്‌നാപക യോഹന്നാന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വേസ്പരയാണ് ചൊല്ലുക. തെരഞ്ഞെടുക്കപ്പെട്ട പൊതുസമൂഹത്തിനും പ്രവേശനമുണ്ടായിരിക്കും. ഹാരി ക്രിസ്റ്റഫേഴ്‌സിന്റെ നേതൃത്വത്തില്‍ ദ് സിക്സ്റ്റീന്‍ ആന്‍ഡ് ജെനസീസ് സിക്സ്റ്റീന്‍ സംഗീതം ആലപിക്കും.

You must be logged in to post a comment Login