കത്ത് ചോര്‍ന്നത് ദൗര്‍ഭാഗ്യകരം: കര്‍ദ്ദിനാള്‍ മുള്ളര്‍

വത്തിക്കാന്‍: സിനഡിന്റെ നടത്തിപ്പു ക്രമങ്ങളില്‍ അതൃപ്തി അറിയിച്ച് ഒരു സംഘം ബിഷപ്പുമാര്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് അയച്ച കത്ത് ചോര്‍ന്നത് ദൗര്‍ഭാഗ്യകരമെന്ന് കര്‍ദ്ദിനാള്‍ ഗെര്‍ഹാര്‍ഡ് മുള്ളര്‍. വത്തിക്കാനിലെ വിശ്വാസ കാര്യാലയത്തിന്റെ തലവനാണ് കര്‍ദ്ദിനാള്‍ മുള്ളര്‍. ഇറ്റലിയിലെ ഒരു സ്വകാര്യ പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘കത്തില്‍ ഞാന്‍ ഒപ്പിട്ടിരുന്നോ ഇല്ലയോ എന്നതല്ല ഇവിടുത്തെ വിഷയം. ഇത് മാര്‍പാപ്പയ്ക്കയച്ച സ്വകാര്യ കത്താണ്. അത് പ്രസിദ്ധപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല. ഇത് എങ്ങിനെയാണ് സംഭവിച്ചതെന്നെനിക്കറിയില്ല. ഇത് പ്രസിദ്ധപ്പെടുത്തിയതാരാണെങ്കിലും അയാളുടെ ഉദ്ദേശ്യം സഭയില്‍ കൂടുതല്‍ വിഭാഗീയതയും അസ്വസ്ഥതയും സൃഷ്ടിക്കുകയാണ്’ കര്‍ദ്ദിനാള്‍ മുള്ളര്‍ അഭിമുഖത്തില്‍ പറയുന്നു. മാര്‍പാപ്പയോടും സഭയോടും പൂര്‍ണ്ണവിധേയത്വത്തിലാണ് താന്‍ കഴിയുന്നതെന്നും അത് തന്നെ മനസ്സിലായിട്ടുള്ളവര്‍ക്ക് അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

13 ബിഷപ്പുമാര്‍ ഒപ്പിട്ടു എന്നു പറയപ്പെടുന്ന കത്തില്‍ ചില ബിഷപ്പുമാര്‍ തങ്ങളുടെ പങ്കാളിത്തം നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. കര്‍ദ്ദിനാള്‍ മുള്ളറുടെ പേരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

You must be logged in to post a comment Login