കനല്‍വഴികളുടെ ഡയറിക്കുറിപ്പുകള്‍

കനല്‍വഴികളുടെ ഡയറിക്കുറിപ്പുകള്‍

diary filmസ്വയം പീഡനങ്ങളുടെയും സന്ദേഹങ്ങളുടെയും ഗത്മസെമനികളിലൂടെ സഞ്ചരിക്കുമ്പോഴും ഒരാള്‍ക്ക് മറ്റൊരാളുടെ വിളക്കാകാന്‍ കഴിയുമെന്നും അങ്ങനെ ഉയര്‍ത്തിയ വിളക്കുകളുമായി തന്നെ സ്‌നേഹിക്കുകയോ സ്‌നേഹിക്കാതിരിക്കുകയോ ചെയ്യുന്ന ജനമധ്യത്തില്‍ നില്‍ക്കാനാണ് ക്രിസ്തുവിന്റെ വൈദികന്റെ വിളി എന്നോര്‍മിക്കുന്ന സമാനതകളില്ലാത്ത ഒരു ഫ്രഞ്ച് ചലച്ചിത്രമാണ് റോബര്‍ട് ബ്രെസ്സന്‍ സംവിധാനം ചെയ്ത ഡയറി ഓഫ് എ കണ്‍ട്രി പ്രീസ്റ്റ്.

ദൈവം തനിക്കൊപ്പം സഞ്ചരിക്കുന്നുണ്ടോ എന്നു പോലും സംശയിക്കത്തക്ക വിധം രോഗാതുരവും ക്ഷീണിതവും ദുഖിതവും തിരസ്‌കൃതവുമായ ജീവിതം നയിക്കുന്ന യുവവൈദികനാണ് ചിത്രത്തിലെ നായകന്‍. അദ്ദേഹം ആത്മാര്‍ത്ഥതയോടെ സേവനം ചെയ്യുന്ന ഇടവകയിലെ ജനം അദ്ദേഹത്തെ മനസ്സിലാക്കുന്നില്ലെന്നു മാത്രമല്ല, പരിഹസിക്കുകയും ശത്രുവിനെ പോലെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. വേദോപദേശ ക്ലാസിലെ കുട്ടികള്‍ പോലും അച്ചനെ പരിഹസിക്കുന്നുണ്ട്. പലപ്പോഴും പ്രാര്‍ത്ഥിക്കാന്‍ പോലും അദ്ദേഹത്തിനു കഴിയുന്നില്ല. നിരന്തരമായ ആത്മീയ പരീക്ഷകളിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. തന്റെ വിശ്വാസം ഇടറുന്നുവെന്നും ദൈവം തന്നെ ഉപേക്ഷിച്ചിരിക്കുന്നു എന്നുമുളള സങ്കടം അദ്ദേഹം തന്റെ ആത്മീയ ഉപദേഷ്ടാവായ മറ്റൊരു പുരോഹിതനോട് പങ്കുവയ്ക്കുന്നുണ്ട്.

ഇതിനിടെ തന്റെ പ്രിയമകനെ അവന്റെ ചെറുപ്രായത്തില്‍ നഷ്ടപ്പെട്ടതിനു കാരണം ദൈവമാണെു വിശ്വസിച്ച് കടുത്ത വിഷാദത്തിലും ദൈവത്തോടുള്ള വെറുപ്പിലും കഴിയുന്ന ഒരു പ്രഭ്വിയുടെ ജീവിതത്തില്‍ വൈദികന്‍ ഇടപെടുന്ന. സുദീര്‍ഘമായ ഒരു വാദപ്രതിവാദത്തിനു ശേഷം ദൈവം കാരുണ്യവാനാണെന്ന് അച്ചന്‍ പ്രഭ്വിയെ ബോധ്യപ്പെടുത്തുന്നു. അനേക നാളുകളായി, എല്ലാവരോടും വെറുപ്പോടെ തന്നിലേക്കു തന്നെ ഉള്‍വലിഞ്ഞു കഴിയുന്ന പ്രഭ്വി പ്രകാശത്തിലേക്കു മടങ്ങി വരുന്ന കാഴ്ച ഹൃദയസ്പര്‍ശിയായി ബ്രെസ്സന്‍ അവതരിപ്പിച്ചിരിക്കുന്നു. ദൈവം ഒരു പീഡകനല്ല എന്ന പ്രശസ്തമായ വാക്യം ഈ സന്ദര്‍ഭത്തിലാണ് അച്ചന്‍ പറയുന്നത്. സമാധാനം നേടാന്‍ ദൈവത്തോടു മാത്രമല്ല തന്നോടു തന്നെ ക്ഷമിക്കണമെന്ന അഗാധമായ ഉള്‍ക്കാഴ്ച അച്ചന്‍ പ്രഭ്വിക്കു പകര്‍ന്നു കൊടുക്കുന്നു. വര്‍ഷങ്ങളായി പ്രഭ്വിയുടെ മനസ്സിനെ ഒരു തടവറയില്‍ തളച്ചിട്ടിരുന്ന മരിച്ചു പോയ മകന്റെ ഓര്‍മകളോട് യാഥാര്‍ത്ഥ്യ ബോധത്തോടെ ഇടപെടാന്‍ കഴിയുമ്പോള്‍ പ്രഭ്വി സമാധാനം കൊണ്ടു നിറയുന്നു. താന്‍ സ്വര്‍ഗീയ ശാന്തി അനുഭവിക്കുന്നു എാെരു കത്ത് അച്ചനു കൊടുത്തയച്ചിട്ട്, അന്നു രാത്രി പ്രഭ്വി സമാധാനത്തോടെ മരിക്കുന്നു. എന്നാല്‍ സംശയാലുവായ പ്രഭ്വിയുടെ മകള്‍ അച്ചന്റെ കഠിനമായ വാക്കുകള്‍ താങ്ങാനാവാതെയാണ് തന്റെ അമ്മ മരിച്ചതെു പറഞ്ഞു പരത്തുന്നു. കടുത്ത ചോദ്യം ചെയ്യലുകള്‍ അച്ചനു നേരിടേണ്ടി വരുന്നു.

കര്‍ത്താവിനോടൊപ്പം അവിടുത്തെ ഗത്സെമനിയില്‍ ഏകാന്ത വേദനയില്‍ പങ്കു പറ്റാനാണ് തന്റെ ദൈവവിളി എന്നു തിരിച്ചറിയുിടത്താണ് ചിത്രം ഉന്നതി പ്രാപിക്കുന്നത്. തന്റെ ആത്മീയ സന്ദേഹങ്ങള്‍ക്കും പ്രാര്‍ത്ഥിക്കാനുള്ള അശക്തിക്കും നിന്ദാപമാനങ്ങള്‍ക്കും കാരണം ഈ പ്രത്യേകതരം വിളിയാണെന്നു തിരിച്ചറിയുന്നതോടെ അച്ചന്‍ ശാന്തനാകുന്നു. സ്വതവേ രോഗാതുരനായ അച്ചന് ഉദരത്തില്‍ കാന്‍സറാണെു വൈകാതെ കണ്ടെത്തുന്നു. ചികിത്സയാക്കായി പോകുന്ന അച്ചന്‍ സുഹൃത്തിന്റെ ആശുപത്രിയില്‍ വച്ചു പ്രശാന്തമായ മരണം വരിക്കുന്നു. അദ്ദേഹം ഒരു ദൈവദൂതനെ പോലെയാണ് മരിച്ചത് എന്നാണ് സാക്ഷിമൊഴിയായി സുഹൃത്തായ ഭിഷഗ്വരന്‍ രേഖപ്പെടുത്തുന്നത്.

ദൈവിക പദ്ധതിയുടെ നിഗൂഢമായ തലങ്ങളിലേക്കു വെളിച്ചം വീശുന്ന ചിത്രം ദൈവവിളികളുടെ വൈവിധ്യമാര്‍ന്ന സ്വഭാവങ്ങളെയാണ് സൂചിപ്പിക്കുന്നത്. അയാള്‍ വേദനയും ദുഖവും നിറഞ്ഞവനായിരുന്നു എന്ന വചനമാണ് ഈ ചിത്രത്തിലെ വൈദികന്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്. വിശ്വാസത്തിന്റെ ചക്രവാളങ്ങള്‍ മുഴുവന്‍ ഇരുണ്ടു പോകുന്ന നിമിഷത്തില്‍ പോലും വിശ്വാസത്തെ മുറുകെ പിടിക്കുകയും വിശ്വാസം നഷ്ടപ്പെട്ടു പോയ ഒരാളെ പ്രകാശത്തിലേക്കു നയിക്കുകയും ചെയ്യുന്നു എന്നതാണ് ഈ വൈദികനെ അനന്യനാക്കി മാറ്റുന്നത്. പ്രാര്‍ത്ഥിക്കാനുള്ള ആഗ്രഹം പോലും പ്രാര്‍ത്ഥനയാണെന്ന പാഠവും ഈ ചിത്രം നല്‍കുന്നു. അവസാനം അച്ചന് കരഗതമാകുന്ന പ്രകാശപൂര്‍ണമായ മരണം അദ്ദേഹത്തിന്റെ വിശുദ്ധിക്ക് അടിവരയിടുന്നു.

ഇസാന്‍ ഫ്രാങ്ക്‌.

You must be logged in to post a comment Login