കന്യാമഠത്തിനുള്ളില്‍ പുന:സൃഷ്ടിക്കപ്പെട്ട സംഗീതം…

അത്ഭുതങ്ങളേറെ സൃഷ്ടിക്കാന്‍ കഴിവുള്ള, അപൂര്‍വ്വ ശേഷിയുള്ള മരുന്നാണ് സംഗീതം. ഊഷരമായ മനസ്സുകളെ അവ തണുപ്പിക്കുന്നു. പെയ്യാന്‍ മടിച്ചു നില്‍ക്കുന്ന മനസ്സിന്റെ കാര്‍മേഘങ്ങളൊന്നാകെ സംഗീതത്തിന്റെ ശ്രുതിയിലലിഞ്ഞ് ചിലപ്പോള്‍ പെയ്‌തൊഴിഞ്ഞേക്കാം. അമൃതവര്‍ഷിണീ രാഗം മഴ തന്നെ പെയ്യിച്ചുവെന്നാണല്ലോ ഭാരതീയ വിശ്വാസം.

സംഗീതത്തിന്റെ ഈ അത്ഭുത ശക്തി തിരിച്ചറിഞ്ഞതു കൊണ്ടാകാം, ലാറ്റിനമേരിക്കയിലെ 12 കന്യാസ്ത്രികള്‍ കന്യാമഠത്തിനുള്ളില്‍ സംഗീതത്തിന്റെ പുതുമഴ പെയ്യിക്കുകയാണ്. വയലിന്‍, ഗിറ്റാര്‍, ഡ്രംസ് എന്നീ സംഗീതോപകരണങ്ങളുപയോഗിച്ചാണ് ഇവരുടെ കലാവിരുന്ന്.

യാദൃച്ഛികമായി കണ്ട യൂട്യൂബ് വീഡിയോ ആണ് ഇത്തരമൊരുദ്യമത്തിന് ഇവര്‍ക്ക് പ്രേരണയായത്. നവമാധ്യമങ്ങളില്‍ തരംഗമായി മാറിയ ‘ട്രസ്റ്റ് ഇന്‍ ഗോഡ്’ എന്ന വീഡിയോ ആയിരുന്നു അത്. 2 ലക്ഷം ആളുകള്‍ കണ്ട വീഡിയോ ഉപകരണസംഗീതത്തിലൂടെ പു:നസൃഷ്ടിക്കുകയാണ് ഇവര്‍ ചെയ്തത്.

‘സംഗീതത്തിന് അനേകമാളുകളെ തൊടാന്‍ കഴിയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക് ആശ്വാസം പകരാനാകുമെങ്കില്‍ അതാണ് ഞങ്ങളുടെ വിജയം. ഫ്രാന്‍സിസ് പാപ്പ പറഞ്ഞതുപോലെ ലോകത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് അനേകായിരങ്ങളെ ഈ സംഗീതം തൊടണം. അനേകമാളുകള്‍ തങ്ങളിതു വരെ അറിഞ്ഞിട്ടില്ലാത്ത ദൈവത്തെ അറിയണം’, സിസ്റ്റര്‍ മോനിക്ക പറഞ്ഞു.

തങ്ങളുടെ വ്യത്യസ്തമായ സംഗീത ശില്‍പത്തിനു ലഭിച്ച മികച്ച പ്രതികരണങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് രണ്ടാമതൊരു സംഗീത ആല്‍ബം കൂടി നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവരിപ്പോള്‍….

You must be logged in to post a comment Login