കന്യാസ്ത്രീകളുടെ ജീവന് രക്ഷിച്ച ഹിന്ദു യുവതിയുടെ കഥ

കന്യാസ്ത്രീകളുടെ ജീവന് രക്ഷിച്ച ഹിന്ദു യുവതിയുടെ കഥ

womanമതവും ജാതിയുമല്ല പ്രധാനം മനുഷ്യത്വമാണ് വലുത് എന്ന് ലോകത്തോട് വിളിച്ചു പറയുന്ന ജീവിതമാണ് സത്യഭാമ നായ്ക്കിന്റേത്. 2008 ല് ഒറീസയിലെ കാണ്ടമാലില് നടന്ന ക്രൈസ്തവപീഡനങ്ങളുടെ പിന്നാമ്പുറങ്ങളില് അധികമാരും കേട്ടിട്ടില്ലാത്ത മനുഷ്യസ്നേഹത്തിന്റെ കഥയാണിത്. ക്രൈസ്തവരെ തിരഞ്ഞുപിടിച്ച് മതതീവ്രവാദികള് അരും കൊല ചെയ്യകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തപ്പോള് തന്റെ വീടിന്റെ വാതിലുകള് ക്രൈസ്തവരുടെ ജീവന് രക്ഷിക്കാനായി തുറന്നുകൊടുക്കാന് സത്യഭാമയ്ക്ക് കഴിഞ്ഞു. നാനൂറ് ഗ്രാമങ്ങളാണ് അന്ന് തുടച്ചുനീക്കപ്പെട്ടത്.

അയ്യായിരത്തി അറുനൂറ് ഗ്രാമങ്ങളും 296 ദൈവാലയങ്ങളും അഗ്നിക്കിരയാകുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. നൂറു പേര്ക്ക് ജീവഹാനി സംഭവിച്ചു. 56,000 ആളുകള് പലായനം ചെയ്യപ്പെട്ടു. അനേകം സ്ത്രീകള് മാനഭംഗത്തിനിരയായി. സിസ്റ്റര് മീന ബര്വാ അതിലെ ഏറ്റവും ദുരിതപൂര്ണ്ണമായ ഓര്മ്മയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് കന്യാസ്ത്രീകളെ തന്റെ ഭവനത്തിലൊളിപ്പിച്ച് വച്ച് അവരുടെ ജീവനും മാനവും രക്ഷിക്കാന് സത്യഭാമ തയ്യാറായത്. തീര്ത്തും ധീരോചിതമായ പ്രവൃത്തിയായിരുന്നു അത്. അതൊടൊപ്പം സ്വജീവന് ഭീഷണിയും ഉണ്ടായിരുന്നു. ബലിഗുഡയിലെ കന്യാസ്ത്രീകള്ക്കാണ് സത്യഭാമ അഭയം നല്കിയത്. ഏഴു കന്യാസ്ത്രീകളുണ്ടായിരുന്നു. മുറിവേറ്റും ഭയന്നുമാണ് അവരെത്തിയത്. അവര് മുമ്പില് വന്നുപെട്ടപ്പോള് വാക്കുകള് പോലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു താനെന്ന് സത്യഭാമ. എനിക്ക് ദൈവത്തോട് ഒരു പ്രാര്ത്ഥനയേ ഉണ്ടായിരുന്നുള്ളൂ, ദൈവമേ എന്നെയും കന്യാസ്ത്രീകളെയും അക്രമകാരികള്ക്ക് കാണിച്ചുകൊടുക്കരുതേയെന്ന്.. കാരണം കന്യാസ്ത്രീകളെയെന്നപോലെ തന്നെ ക്രൈസ്തവര്ക്ക് അഭയം നല്കുന്നവരും മതതീവ്രവാദികളുടെ കണ്ണില് ശത്രുക്കളായിരുന്നു.

അയല്ക്കാര് പലരും എനിക്ക് മുന്നറിയിപ്പ് നല്കിയിരുന്നു. പക്ഷേ ഞാന് പതറിയില്ല. ഹിന്ദുവോ ക്രിസ്ത്യാനിയോ ആയിക്കൊളളട്ടെ എല്ലാവരും മനുഷ്യരല്ലേ.. സത്യഭാമ ചോദിക്കുന്നു. ഭീതി നിറഞ്ഞ മൂന്ന് രാപ്പകലുകള്ക്ക് ശേഷമാണ് പോലീസെത്തി കന്യാസ്ത്രീകളെ രക്ഷിച്ചത്. ദൈവകൃപയില് ഞങ്ങളാശ്രയിച്ചു. സത്യഭാമ പറയുന്നു. വര്ഷം ഏഴു കഴിഞ്ഞിട്ടും ഇ്ന്നും കാണ്ടമാലിലെ ജീവിക്കുന്ന രക്തസാക്ഷികള്ക്ക് അര്ഹമായ നഷ്ടപരിഹാരമോ പരിഗണനയോ ലഭിച്ചിട്ടില്ല. കാണ്ടമാലിലെ എല്ലാ ദുരിതങ്ങള്ക്കും അപ്പുറം സത്യഭാമയെപ്പോലെയുള്ള ചില ജീവിതങ്ങള് നല്കുന്ന പ്രകാശം ഏറെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇരുളിലും വെളിച്ചം തെളിയാമെന്ന പാഠമാണത് നല്കുന്നത്. മതത്തിന്റെയും ജാതിയുടെയും പേരില് തമ്മില്തല്ലുന്നവര് ഈ സാധാരണക്കാരിയുടെ വാക്കുകള് ശ്രദ്ധിച്ചിരുന്നുവെങ്കില്.. ഹിന്ദുവോ ക്രിസ്ത്യാനിയോ ആയിക്കൊളളട്ടെ എല്ലാവരും മനുഷ്യരല്ലേ..

 

വിനായക് നിര്‍മല്‍

You must be logged in to post a comment Login