കമ്മ്യൂണിസ്റ്റുകാരന്‍ ദൈവവിശ്വാസി ആയാല്‍ എന്താണ് കുഴപ്പം?

ചലച്ചിത്രനടന്‍ മാമുക്കോയ ചലച്ചിത്രതാരം മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ ഒരു കമന്റ് ഓര്‍മ്മവരുന്നു. അഞ്ചുനേരം നിസ്‌ക്കരിക്കുന്ന വ്യക്തിയാണത്രെ മമ്മൂട്ടി.പ്രശസ്തനായ നടന്‍ എന്ന നിലയിലും മുസല്‍മാന്‍ എന്ന നിലയിലും അത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും മാമുക്കോയ അഭിപ്രായപ്പെട്ടു. ഇടതുപക്ഷ സഹയാത്രികനാണ് മമ്മൂട്ടി എന്നതും ഇവിടെ ഓര്‍മ്മിപ്പിക്കട്ടെ.

കമ്മ്യൂണിസ്റ്റുകാരന്‍ ദൈവവിശ്വാസിയായാല്‍ അത് എന്തോ വലിയ കുഴപ്പമാണെന്ന മട്ടിലാണ് ഇവിടെ ചില പ്രചാരണങ്ങള്‍. കമ്മ്യൂണിസ്റ്റുകാരന്‍ ദൈവവിശ്വാസിയായാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? ഇല്ല. മറിച്ച് കൂടുതല്‍ സൗന്ദര്യമുണ്ടാവുകയേയുള്ളൂ. കാരണം യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍ മനുഷ്യസ്‌നേഹിയാണ്. മതങ്ങള്‍ക്ക് അതീതമായി നില്ക്കുന്നവനാണ്..ഉദാരനാണ്. സ്‌നേഹവാനാണ്..

കവി അയ്യപ്പന്റെ ഒരു വരി കടമെടുത്താല്‍, അവന്‍ അവന് വേണ്ടി കൊയ്യുന്നത് ഒരു വരിനെല്ല് മാത്രം. കളപ്പുരകള്‍ തനിക്ക് വേണ്ടി നിറച്ചുവയ്ക്കാതെയും ധാന്യം ശേഖരിക്കാതെയും ഉളളതെല്ലാം മറ്റുള്ളവര്‍ക്കുവേണ്ടി കൂടി പങ്കുവയ്ക്കാന്‍ മാത്രം വിശാലഹൃദയനാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍. ഇത്തരത്തിലുള്ള കമ്മ്യൂണിസ്റ്റുകാര്‍ക്ക് വംശനാശം സംഭവിച്ചു എന്നാണ് ചില നിരീക്ഷണങ്ങള്‍. അതവിടെ നില്ക്കട്ടെ..

കമ്മ്യൂണിസ്റ്റുകാരായ ചിലരെക്കുറിച്ച് ചില മതനേതാക്കളും പ്രതിനിധികളും പറഞ്ഞിരിക്കുന്നതായ വെളിപ്പെടുത്തലുകള്‍ ചൂടുപിടിച്ച ചര്‍ച്ചയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലസാഹചര്യമാണല്ലോ ഇപ്പോഴുള്ളത്? വെളിപ്പെടുത്തപ്പെട്ട വ്യക്തികളെയോ വെളിപ്പെടുത്തിയ വ്യക്തികളെയോ പരാമര്‍ശിക്കാതെയും വിചാരണ ചെയ്യാതെയും മറ്റ് ചില വിചാരങ്ങളിലേക്ക് പോകാമെന്ന് കരുതുന്നു.

ഒരാള്‍ എത്രമാത്രം ദൈവത്തെ നിഷേധിച്ച് ജീവിക്കുന്ന വ്യക്തിയുമായിക്കൊള്ളട്ടെ എത്രമാത്രം പാപകരമായ ജീവിതം നയിക്കുന്ന വ്യക്തിയുമായിക്കൊള്ളട്ടെ അയാള്‍ ജീവിതത്തിന്റെ അവസാനഘട്ടത്തിലെത്തുമ്പോള്‍, മരണസമയത്ത് ഒരു ആശ്വാസം ആഗ്രഹിക്കുന്നുണ്ട്. കാരണം മരണം എന്നത് അതനുഭവിക്കുന്ന ഒരാള്‍ക്ക് മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന വ്യത്യസ്തമായ ഒരു ലോകമാണ്.. അയാള്‍ മാത്രം കടന്നുപോകുന്ന അഭൗമമായ ലോകമാണ്.. അടുത്ത നിമിഷം എന്താണ് സംഭവിക്കുക എന്നറിയില്ല.. ഏതു ലോകമാണ് തന്നെ സ്വീകരിക്കുന്നതെന്നും അറിയില്ല..

അത്തരമൊരു നിമിഷത്തില്‍ അയാള്‍ തനിക്ക് വരുതിയിലല്ലാത്ത ഏതോ ഒരു ശക്തിക്ക് കീഴ്‌പ്പെടുവാന്‍ സന്നദ്ധനാകുന്നു. ആ ശക്തിയാണ് ദൈവം. അതെ, ഒരാളുടെ വിശ്വാസജീവിതം അയാള്‍ക്ക് കരുത്തായി മാറുന്നത് മരണസമയത്താണ്. എത്രമാത്രം ദൈവത്തെ തള്ളിപ്പറഞ്ഞ വ്യക്തിയുമായിക്കൊള്ളട്ടെ ആ നിമിഷം ദൈവമേ എന്ന വിളി നെഞ്ചില്‍ തട്ടിയ നിലവിളിയായി പുറമേയ്ക്ക വരുന്നു. അമ്മ ചൊല്ലിപഠിപ്പിച്ച മറന്നുപോയ പ്രാര്‍ത്ഥനകള്‍ പോലും ഓര്‍മ്മയിലേക്ക് വരുന്നു.. വീണ്ടും ഒരു ജ്ഞാനസ്‌നാനത്തിനായി മനസ് ആഗ്രഹിക്കുന്നു.

ജീവിച്ചിരിക്കുമ്പോള്‍ എന്നതിലേറെ മനുഷ്യന് മരണസമയത്താണ് ദൈവത്തെ കൊണ്ടാവശ്യം. കാരണം അവന്‍ മാത്രം വിചാരിക്കുന്നതുപോലെയല്ല ഇവിടെ കാര്യങ്ങള്‍ നടക്കുന്നത്.
ജീവിച്ചിരിക്കുമ്പോള്‍ സാഹചര്യങ്ങളെ മാനുഷികമായ ബുദ്ധിയിലും ശക്തിയിലും സ്വാധീനത്തിലും നേരിടാന്‍ കഴിയുന്ന ഒരാള്‍ക്ക് താന്‍ മരിക്കാന്‍ പോകുന്ന നിമിഷത്തില്‍ അവയൊന്നും പ്രയോദനപ്രദമായ രീതിയില്‍ മാറുന്നില്ല..

ഏറ്റവും നിസ്സഹായാവസ്ഥയിലാണ് അയാള്‍ അപ്പോള്‍. അപ്പോഴാണ് മാനസാന്തരാനുഭവത്തിലേക്ക് അയാള്‍ കടന്നുചെല്ലുന്നത്. നിത്യവും വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ദിവ്യബലികളില്‍ പങ്കെടുക്കുകയും ചെയ്യുന്നവര്‍ക്ക് ഒരു വിചാരമുണ്ട്, തങ്ങളുടെ ഭക്ത്യാഭ്യാസങ്ങള്‍ മരണനേരത്ത് സഹായകരമായിത്തീരുമെന്ന്.. അവര്‍ക്ക് അതില്‍ തന്നെ ആത്മവിശ്വാസവുമുണ്ട്. പക്ഷേ ദൈവനിഷേധികള്‍ക്ക് അത്തരം സാഹചര്യങ്ങളൊന്നുമില്ല. അവനവനില്‍ ആശ്വാസം കണ്ടെത്തുന്ന ആത്മീയവഴികള്‍ ഒന്നുമില്ല. മരണം ചിറകുവിരിച്ച് അടുത്തെത്തുമ്പോള്‍ അവന്റെ മനസ്സില്‍ ദൈവികമായ പശ്ചാത്താപം നിറയുകയും ദൈവമേ എന്ന് വിളിച്ച് അവന്‍ മരണമടയുകയും ചെയ്യുന്നു.

വിശുദ്ധ ഗ്രന്ഥത്തിലെ നല്ല കള്ളനെ തന്നെ നോക്കൂ..അവസാനനിമിഷത്തില്‍ രക്ഷിക്കപ്പെട്ടവനാണ് അയാള്‍. മരണക്കിടക്കയില്‍വച്ച് മാനസാന്തരപ്പെട്ട അതുപോലെ എത്രയോ വ്യക്തികളുണ്ട്..പ്രശസ്തരുണ്ട്. ഓസ്‌ക്കാര്‍ വൈല്‍ഡിനെ ഓര്‍മ്മിക്കുന്നു. സ്വവര്‍ഗ്ഗരതിവാസനകളുടെ പേരില്‍ ജയില്‍വാസം വരെ അനുഭവിക്കേണ്ടിവന്ന വ്യക്തിയായിരുന്നു വൈല്‍ഡ്. പക്ഷേ അയാള്‍ മരണക്കിടക്കയില്‍ വച്ച് മാനസാന്തരപ്പെട്ടുവെന്നാണ് ചരിത്രം. ദൈവത്തെ തള്ളിപ്പറഞ്ഞ് ജീവിക്കുന്നവര്‍ക്കും മരണസമയത്ത് ദൈവത്തെ കൂട്ടുവിളിക്കാം.ദൈവത്തില്‍ ആശ്രയം കണ്ടെത്താം.

ദൈവവിശ്വാസം ഒരുവനില്‍ ജീവശ്വാസം പോലെ എന്നും ഉള്ളിലുള്ളതാണ്. എന്നാല്‍ അതിന് തടസ്സമുണ്ടാകുന്ന സമയങ്ങളില്‍ മാത്രമേ നാം അതേക്കുറിച്ച് ബോധവാനമാരാകുന്നുള്ളൂ..
കത്തോലിക്കനായ ഒരു വ്യക്തി തന്റെ മരണസമയത്ത് തീര്‍ച്ചയായും കുദാശകള്‍ സ്വീകരിച്ച് മരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ പ്രതികൂലസാഹചര്യങ്ങളില്‍ അയാള്‍ക്ക് അതിനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നുണ്ട്.

മലയാളത്തിലെ ആദ്യസഞ്ചാരസാഹിത്യകൃതിയായ വര്‍ത്തമാനപ്പുസ്തകത്തില്‍ ഇത്തരമൊരു സംഭവം വിവരിക്കുന്നുണ്ടെന്ന് പറഞ്ഞുതന്നത് കോളജ് അധ്യാപകനായ ഒരു വൈദികസുഹൃത്താണ്. ശത്രുക്കളുടെ കയ്യില്‍ അകപ്പെടുന്ന ആ വ്യക്തി കൊല്ലപ്പെടുന്നതിന് മുമ്പായി യാചിക്കുന്നത് ദിവ്യകാരുണ്യമാണ്.പക്ഷേ അതിനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് അയാള്‍ കൊല്ലപ്പെടുകയാണ് ചെയ്യുന്നത്.

കൗദാശികമായ ജീവിതത്തോടുള്ള ആഗ്രഹം ഒരു കത്തോലിക്കനെ സംബന്ധിച്ചിടത്തോളം ഏതെല്ലാം അവസ്ഥയിലൂടെ കടന്നുപോയതാണെങ്കിലും അയാളുടെ മരണസമയത്ത് കൂട്ടിനെത്തുന്നുണ്ട്..അതയാളെ കൊതിപ്പിക്കുന്നുമുണ്ട്. കത്തോലിക്കനായിരുന്ന കമ്മ്യൂണിസ്റ്റുകാരനും അതില്‍ നിന്ന് ഒഴിവാക്കപ്പെടുന്നില്ല. വ്യക്തികളും സാഹചര്യങ്ങളും അപഹരിച്ച ദൈവികാനുഭവത്തെ ദൈവം തന്നെ ഒടുവില്‍ അയാള്‍ക്ക് മടക്കിനല്കുന്ന മനോഹരമായ നിമിഷമാണ് അയാള്‍ മരണസമയത്ത് ആഗ്രഹിക്കുന്ന കൂദാശ സ്വീകരണം.

കത്തോലിക്കാസഭ ഒരാളെയും പാപിയെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുന്നില്ല. ഇന്ന ആള്‍ നരകത്തില്‍ പോകുമെന്നോ ഇന്ന ആള്‍ക്ക് സ്വര്‍ഗ്ഗം കിട്ടുകയില്ല എന്നോ ഉള്ള പ്രബോധനങ്ങളും സഭയ്ക്കില്ല. ഒരാള്‍ എങ്ങനെ ജീവിച്ചാലും മരണസമയത്ത് അനുതാപത്തിലേക്കും മനസ്താപത്തിലേക്കും കടന്നുവരാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് ഇത് പറയുന്നത്. എങ്ങനെ ജീവിച്ചാലും എങ്ങനെ മരിക്കുന്നു എന്നത് ചിലരെ സംബന്ധിച്ചെങ്കിലും പ്രധാനപ്പെട്ട കാര്യമാണ്.

അന്യമതസ്ഥരായ കമ്മ്യൂണിസ്റ്റുകര്‍ക്കെല്ലാം അവരുടെ മതാചാരമനുസരിച്ച് ജീവിക്കാന്‍ മാത്രം ഉദാരതയുള്ള പ്രത്യയശാസ്ത്രം എന്തിനാണ് തങ്ങളുടെ കത്തോലിക്കനായ അനുയായിയോ നേതാവോ മരണസമയത്ത് കൂദാശകള്‍ സ്വീകരിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന് പില്ക്കാലത്ത് വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമ്പോള്‍ വിറളിപിടിക്കുന്നത്? ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ദൈവവിശ്വാസിയാകുന്നത് അയാള്‍ക്കൊരിക്കലും അപമാനമല്ല അഭിമാനമേ ആകുന്നുള്ളൂ. അതുകൊണ്ട് മേല്പ്പറഞ്ഞത് ആവര്‍ത്തിക്കട്ടെ, ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ദൈവവിശ്വാസി കൂടിയാകുമ്പോള്‍ അയാളുടെ സൗന്ദര്യം വര്‍ദ്ധിക്കുകയേയുള്ളൂ..

ആഗോളകത്തോലിക്കാസഭയില്‍ പുതിയ വിപ്ലവം രചിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയെ കമ്മ്യൂണിസ്റ്റ് പാപ്പ എന്ന് വിശേഷിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വലിയ ഉത്സാഹമാണ്. പാപ്പ ദൈവവിശ്വാസിയാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ലോകം മുഴുവനുമുള്ള കമ്മ്യൂണിസ്റ്റുകാര്‍ അദ്ദേഹത്തോട് ഐകദാര്‍ഢ്യം പ്രകടിപ്പിക്കുന്നത്. കൊച്ചുകേരളത്തിലെ കമ്മ്യൂണിസത്തെക്കാള്‍ ബൃഹത്തായ കമ്മ്യൂണിസറ്റ് പാരമ്പര്യമുള്ള ക്യൂബയില്‍ ജോണ്‍ പോള്‍ രണ്ടാമനും ബെനഡിക്ട് പ തിനാറാമനും ഫ്രാന്‍സിസ് പാപ്പയ്ക്കുമെല്ലാം കിട്ടിയ ആദരവും സ്‌നേഹവും അംഗീകാരവും രഹസ്യമായ കാര്യങ്ങളുമായിരുന്നില്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്വാധീനത്തില്‍ പെട്ട് താന്‍ അധികം വൈകാതെ കത്തോലിക്കാസഭയിലേക്ക് മടങ്ങും എന്ന് പ്രഖ്യാപനവും നടത്താന്‍ റൗള്‍ കാസ്‌ട്രോയ്ക്ക് ധൈര്യമുണ്ടായി. കത്തോലിക്കനാകുക എന്ന് പറയുമ്പോള്‍ അതിന്റെ ആഴവും അര്‍ത്ഥവും എന്താണെന്ന് എല്ലാവര്‍ക്കും അറിയാം.

ആഗോളകത്തോലിക്കാസഭയുടെ പരമാധ്യക്ഷപദവിയിലുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വ്യക്തിത്വത്തെയും ജീവിതത്തെയും ആഗോളകമ്മ്യൂണിസ്റ്റുകാര്‍ക്ക് അംഗീകരിക്കാമെങ്കില്‍ തങ്ങളുടെ പാര്‍ട്ടിയിലുള്ള ഒരു കത്തോലിക്കന്റെ വിശ്വാസജീവിതത്തിനും അവര്‍ അര്‍ഹിക്കുന്ന പ്രാധാന്യവും പരിഗണനയും കേരളത്തിലെ ക്മ്മ്യൂണിസ്റ്റുകാരും കൊടുക്കേണ്ടതല്ലേ?

എല്ലാ കമ്മ്യൂണിസ്റ്റുകാരും ദൈവവിശ്വാസികള്‍ കൂടി ആയിരുന്നുവെങ്കില്‍…

അനുബന്ധം: വിശുദ്ധ ഗ്രന്ഥം പൂര്‍ണ്ണമായും ഒരുവട്ടമെങ്കിലും വായിച്ചു മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഓരോ ക്രിസ്ത്യാനികളും എത്രയോ ഭേദപ്പെട്ട ക്രിസ്ത്യാനികളാകുമായിരുന്നു. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഓരോ കമ്മ്യൂണിസ്റ്റുകാരനും കുറെക്കൂടി നല്ല കമ്മ്യൂണിസ്റ്റാകുമായിരുന്നില്ലേ? നമ്മുക്കിടയില്‍ എത്ര ക്രൈസ്തവര്‍ ബൈബിള്‍ മുഴുവനായും വായിച്ചിട്ടുണ്ടാവും? എത്ര കമ്മ്യൂണിസ്റ്റുകാര്‍ ഏംഗല്‍സിനെയും മാര്‍ക്‌സിനെയും വായിച്ചിട്ടുണ്ടാവും?

 

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login