കരയാന്‍ എന്തിന് മടിക്കുന്നു നീ?

കരയാന്‍ എന്തിന് മടിക്കുന്നു നീ?

വാശിയേറിയ മത്സരത്തിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ് ടീം മാനേജര്‍ ഫ്രാങ്ക് റോബിന്‍സണിന് കര്‍ശനമായ ആ നിര്‍ദ്ദേശം കിട്ടിയത്. ഹൗസ്റ്റണ്‍ ആസ്‌ട്രോസിനെതിരെ കളിക്കുന്ന മാറ്റ് ലിക്രോയിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റുക. പകരം മറ്റൊരാളെ നിയോഗിക്കുക.

റിക്കോര്‍ഡുകള്‍ തകര്‍ത്ത കളിക്കാരനാണ് ആസ്‌ട്രോസ്. അയാള്‍ക്കൊപ്പം കളിക്കാന്‍ ലിക്രോയിയുടെ ഇപ്പോഴത്തെ പെര്‍ഫോമന്‍സ് തീരെ പര്യാപ്തമല്ലെന്നായിരുന്നു ആരോപണം. അതുകൊണ്ടാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം റോബിന്‍സണിന് ലഭിച്ചത്. ഈ നിര്‍ദ്ദേശം ഒരു ടീം മാനേജര്‍ എന്ന നിലയില്‍ റോബിന്‍സണിന് ഹൃദയഭേദകമായിരുന്നു.

ലിക്രോയിയെ അത് അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. എങ്കിലും അതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അദ്ദേഹത്തിന് മുമ്പിലില്ലായിരുന്നു. പത്രക്കാരോട് പൊട്ടിക്കരഞ്ഞുകൊണ്ടാണ് റോബിന്‍സണ്‍ ഇക്കാര്യം അറിയിച്ചത്.

” എനിക്കദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാവും. ആരാധകര്‍ക്ക് അദ്ദേഹത്തോടുള്ള ബഹുമാനവും ആദരവും അറിയാം. എങ്കിലും ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും എനിക്കില്ല”

ലിക്രോയിയുടെ പ്രതികരണം എന്താണെന്നായിരുന്നു പത്രക്കാര്‍ക്ക് അറിയേണ്ടത്. ലിക്രോയി പറഞ്ഞത് ഇങ്ങനെയാണ്: റോബിന്‍സണിന്റെ സ്ഥാനത്ത് എന്റെ പിതാവായിരുന്നെങ്കിലും ഇങ്ങനെയേ ചെയ്യുമായിരുന്നുള്ളൂ. ഒപ്പം നിറകണ്ണുകളോടെ എന്നെ അദ്ദേഹം ആലിംഗനം ചെയ്യുകയും ചെയ്യുമായിരുന്നു”

പറയുമ്പോള്‍ ലിക്രോയിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.

മികച്ച ഗോള്‍ഫ് കളിക്കാരന്‍ ടൈഗര്‍ വുഡ്‌സ് കളിക്കളത്തില്‍ വിജയത്തേരിലേറിയിട്ടും കണ്ണീര്‍ പൊഴിക്കുന്നതിന് മാധ്യമങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മികച്ച 11 -ാമത്തെ വിജയമായിരുന്നു അദ്ദേഹത്തിന്റേത്. ആഹ്ലാദാരവങ്ങള്‍ എങ്ങും മുഴങ്ങിയപ്പോള്‍ പകരം ടൈഗര്‍വുഡ്‌സില്‍ നിന്നും ഉയര്‍ന്നുവന്നത് കണ്ണീരും ഏങ്ങലടികളുമാണ്.

അടക്കിനിര്‍ത്താനാവാത്ത കരച്ചിലോടെ അദ്ദേഹം ആദ്യം തന്റെ കാഡി( ഗോള്‍ഫ് കളിക്കാരന്റെ ഗോള്‍ഫ് ദണ്ഡും മറ്റ് സാമഗ്രികളും വഹിക്കുന്നയാള്‍) യെ കെട്ടിപ്പുണര്‍ന്നു. അവിടെ നിന്നയാള്‍ ഭാര്യയുടെ അടുത്തേക്കാണ് നീങ്ങിയത്. തടഞ്ഞുനിര്‍ത്താനാവാത്ത ഒരു പ്രവാഹം കണക്കെ അയാള്‍ നിലവിളിച്ചുകൊണ്ട് ഭാര്യയെ കെട്ടിപ്പുണരുന്നത് കാണികള്‍ അമ്പരപ്പോടെ നോക്കിനിന്നു.

വിജയമുണ്ടായിട്ടും അതില്‍ സന്തോഷിക്കാന്‍ ടൈഗറിന് കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് പിന്നീടാണ് മനസ്സിലായത്. ടൈഗറിന്റെ കാന്‍സര്‍ ബാധിതനായ പിതാവ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് മരിച്ചത്. പിതാവിന്റെ മരണത്തിന് ശേഷമുള്ള, ടൈഗറിന്റെ ആദ്യത്തെ ടൂര്‍ണ്ണമെന്റായിരുന്നുവത്.

തനിക്കെന്നും പ്രചോദനവും പ്രോത്സാഹനവുമായിരുന്ന പിതാവിന്റെ നഷ്ടം, തന്റെ ഈ നേട്ടം കാണാന്‍ അദ്ദേഹം കൂടെയില്ലല്ലോയെന്ന ചിന്തയാണ് ടൈഗറിനെ സങ്കടത്തിലാഴ്ത്തിയത്. എല്ലാ നേട്ടങ്ങള്‍ക്കുമപ്പുറം ചില നഷ്ടങ്ങള്‍ നമ്മെ എന്നും വേദനിപ്പിക്കും.

കണ്ണീര് വിലകുറഞ്ഞ ഒരു വസ്തുവാണെന്നാണ് പൊതുധാരണ. പെണ്ണുങ്ങള്‍ കരഞ്ഞാലും ആണുങ്ങള്‍ കരയാന്‍ പാടില്ലെന്ന ഒരു വിശ്വാസം നമുക്കിടയിലുണ്ട്. എന്നാല്‍ കണ്ണീര് നമ്മള്‍ മനുഷ്യരും മാനുഷികവികാരങ്ങളുമുള്ളവരുമാണെന്നാണ് തെളിയിക്കുന്നത്.

ലാസറിന്റെ മരണത്തില്‍ കരയുന്ന ക്രിസ്തുവിനെ യോഹന്നാന്റെ സുവിശേഷത്തില്‍ നമ്മള്‍ കണ്ടുമുട്ടുന്നുണ്ട്. സ്‌നേഹവും കരുണയും അനുകമ്പയും പരിഗണനയും നിറഞ്ഞതാണ് ഓരോ കണ്ണുനീര്‍ത്തുള്ളികളും.

അതുകൊണ്ട് ഇനിമേല്‍ കരച്ചിലിനെ വേലികെട്ടി തടയണ്ട.

സന്തോഷിക്കുന്നവരുടെ കൂടെ സന്തോഷിക്കുവിന്‍, കരയുന്നവരോടുകൂടെ കരയുവിന്‍( റോമ: 12-13)

 

ബി

You must be logged in to post a comment Login