കരയിലേക്കുള്ള ദൂരം

കരയിലേക്കുള്ള ദൂരം

boatയേശുവിനെ കൂടാതെ കഫര്‍ണാമിലേക്കു പോയ ശിഷ്യന്മാര്‍ കടലിളകിയ നേരത്ത് ഭയന്നു നിന്നപ്പോള്‍ കടലിനു മീതെ നടന്നു വന്ന യേശുവിനെ വള്ളത്തില്‍ കയറ്റാന്‍ അവര്‍ ആഗ്രഹിച്ചു. പെട്ടെന്ന് വള്ളം അവര്‍ ലക്ഷ്യം വച്ചിരുന്ന കരയ്ക്ക് അടുത്തു. (യോഹ. 6-21).

മത്തായിയുടെയും മര്‍ക്കോസിന്റെയും സുവിശേഷങ്ങളില്‍ ഇതിന്റെ വിവരണമുണ്ട്. എന്നാല്‍ യേശുവിനെ വള്ളത്തില്‍ കയറ്റാന്‍ ശിഷ്യന്മാര്‍ ആഗ്രഹിച്ചുവെന്നും ആ നിമിഷത്തില്‍ വള്ളം ലക്ഷ്യത്തിലെത്തിയെന്നും യോഹന്നാന്‍ മാത്രമേ പറയുന്നുള്ളൂ. ഇവര്‍ മൂന്നു പേരില്‍ യോഹന്നാന്‍ മാത്രമാണ് അന്നേരം വള്ളത്തില്‍ ഉണ്ടായിരുന്നത്. ലോലമായ കാഴ്ചകള്‍ കാണാന്‍ യോഹന്നാന് സവിശേഷമായ കണ്ണുകളുണ്ടായിരുന്നു. അതു കൊണ്ടാണ് അയാള്‍ ആ വാക്യം കുറിച്ചിട്ടത് – യേശുവിനെ വള്ളത്തില്‍ കയറ്റാന്‍ ആഗ്രഹിച്ചപ്പോള്‍ വള്ളം ലക്ഷ്യത്തിലെത്തി എന്ന്.

യേശു കയറിയതു പോലുമില്ല. അതിനു വേണ്ടി ആഗ്രഹിച്ചതേയുള്ളൂ. എന്നിട്ടും വള്ളം കരയ്ക്കടുത്തു. യേശുവില്ലാത്തെ എല്ലാ യാത്രകളും ലക്ഷ്യത്തില്‍ നിന്നും അകലെയാണ്. വള്ളം ഏതുമാകട്ടെ, ജീവിതത്തിലെ ഏതു വഴികളുമാകട്ടെ, ഏതു ജീവിതാന്തസുമാകട്ടെ, ലക്ഷ്യത്തെ നിര്‍ണയിക്കുന്നത് യേശു മാത്രമാണ്. വള്ളത്തില്‍ സുഹൃത്തുക്കളെല്ലാമുണ്ടാകാം. യാത്രയെ ആസ്വാദ്യതരമാക്കുന്ന എല്ലാ ഘടകങ്ങളുമുണ്ടാകാം. എന്നാല്‍ യേശു ഇല്ലെങ്കില്‍ ലക്ഷ്യം വഴിയിലെവിടെയോ മറന്നു പോയിരിക്കുന്നു!

വള്ളത്തിനുള്ളിലെ ആഘോഷങ്ങള്‍ക്കിടയില്‍ നിന്നെ ഞാന്‍ മറന്നു പോകാതിരിക്കട്ടെ, ദൈവമേ. നീയില്ലെങ്കില്‍ എന്തു വള്ളം? എന്തു കടല്‍? എന്തു യാത്ര? കടലും വള്ളവും യാത്രയുമെല്ലാം അവസാനിക്കും. എന്നാല്‍ അപ്പോഴും നീയുണ്ടാകും, എന്നും. നീ തന്നെയാണല്ലോ ലക്ഷ്യം!

ജോണ്‍ പോള്‍.

You must be logged in to post a comment Login