കരുണയുടെ ജൂബിലി വര്‍ഷത്തില്‍ ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച ദണ്ഡവിമോചനങ്ങള്‍

ദണ്ഡനം എന്നാല്‍ ശിക്ഷ എന്നര്‍ത്ഥം. ദണ്ഡവിമോചനമെന്നാല്‍ ശിക്ഷകളില്‍ നിന്നുമുള്ള മോചനമാണ്. കുമ്പസാരം വഴി നമ്മുടെ പാപങ്ങള്‍ മോചിക്കപ്പെടുന്നുവെങ്കിലും അവയ്‌ക്കൊക്കെ ശിക്ഷകളോ കടങ്ങളോ ഉണ്ട്. പരിഹാരപ്രവൃത്തികളിലൂടെയാണ് ഇത്തരം ദണ്ഡനങ്ങളില്‍ നിന്ന് നമുക്കു മോചനം ലഭിക്കുന്നത്. കരുണയുടെ അസാധാരണജൂബിലിവര്‍ഷം പ്രമാണിച്ച് ഫ്രാന്‍സിസ് പ്രഖ്യാപിച്ച ദണ്ഡവിമോചന മാര്‍ഗ്ഗങ്ങളാണ് ചുവടെ.

ആരോഗ്യവാന്‍മാരായ കത്തോലിക്കര്‍ക്ക്

* അടുത്തുള്ള ഏതെങ്കിലും തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് തീര്‍ത്ഥയാത്ര നടത്തുക. അല്ലെങ്കില്‍ റോമിലെ നാലു പ്രധാന ബസലിക്കകളില്‍ തീര്‍ത്ഥാടനം നടത്തി വിശുദ്ധ വാതിലിലൂടെ അകത്തു പ്രവേശിക്കുക. മാനസാന്തരത്തിനുള്ള അടങ്ങാത്ത ദാഹം ഈ സമയത്തുണ്ടായിരിക്കണം.

*അനുതപിച്ച് കുമ്പസാരിക്കുക

*കാരുണ്യത്തിന്റെ നിറവില്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുക

*മാര്‍പാപ്പക്കു വേണ്ടിയും അദ്ദേഹത്തിന്റെ നിയോഗങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുക

മുതിര്‍ന്നര്‍ക്കും രോഗികള്‍ക്കും

*പരീക്ഷണ ഘട്ടത്തിലും ക്രിസ്തുവിലുള്ള വിശ്വാസവും പ്രതീക്ഷയും കൈവിടാതെ പ്രാര്‍ത്ഥിക്കുക

*വിശുദ്ധ കുര്‍ബാന സ്വീകരിക്കുക

*നേരിട്ടു പങ്കെടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മാധ്യമങ്ങളിലൂടെ ദിവ്യബലിയിലും പ്രാര്‍ത്ഥനകളിലും സംബന്ധിക്കുക

തടവറകളിലുള്ളവര്‍ക്ക്

*ജയിലിനകത്തു തന്നെയുള്ള ചാപ്പലുകളില്‍ പോയി ദിവ്യബലിയിലും പ്രാര്‍ത്ഥനകളിലും സംബന്ധിക്കുക.

മരിച്ചവര്‍ക്ക്

*മരിച്ച വിശ്വാസികള്‍ക്കു വേണ്ടി ദിവ്യബലിയില്‍ പ്രത്യേക നിയോഗം വെച്ച് പ്രാര്‍ത്ഥിക്കുക

ഇവ കൂടാതെ എല്ലാ കത്തോലിക്കര്‍ക്കും ചെയ്യാവുന്ന ദണ്ഡവിമോചന മാര്‍ഗ്ഗങ്ങളുമുണ്ട്. കരുണയുടെ വര്‍ഷത്തില്‍ സഭ നിര്‍ദ്ദേശിക്കുന്ന 14 കാരുണ്യപ്രവൃത്തികളില്‍ ഏതെങ്കിലുമൊന്ന് ചെയ്യുക. ഗര്‍ഭഛിദ്രമെന്ന തിന്‍മ ചെയ്തവര്‍ക്കും മാര്‍പാപ്പ കരുണയുടെ വര്‍ഷത്തില്‍ ദണ്ഡവിമോചനം പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങള്‍ ചെയ്ത തിന്‍മയുടെ ഗൗരവം മനസ്സിലാക്കി അനുതപിച്ചു കുമ്പസാരിക്കുന്നവര്‍ക്കാണ് ദണ്ഡവിമോചനം ലഭിക്കുക.

You must be logged in to post a comment Login