മനശാസ്ത്രം: രാജീവച്ചന് കരുണയുടെ അസ്ത്രം

മനശാസ്ത്രം: രാജീവച്ചന് കരുണയുടെ അസ്ത്രം

കുട്ടിയായിരുന്നപ്പോള്‍ അമ്മച്ചിയുടെ കൈപിടിച്ച് നടന്നിരുന്ന രാജീവ് പതിവായി കാണാറുള്ള കാഴ്ചയുണ്ടായിരുന്നു. തന്നോടു സങ്കടം പറയുന്നവരുടെ വേദനകള്‍, അപരന്റെ കണ്ണീരുകള്‍, എല്ലാം തന്റേതുകൂടിയാണെന്ന് കരുതി അമ്മച്ചി അതെല്ലാം ഏറ്റെടുക്കുന്ന കാഴ്ച. അയല്‍വീട്ടില്‍ ഒരു മരണമുണ്ടായാല്‍ അമ്മച്ചി അവിടെ ഓടിയെത്തും. കുടുംബാംഗമെന്ന പോലെ അവരുടെ വേദനയില്‍ പങ്കുചേരും. അങ്ങനെ വേദനകളെല്ലാം ഏറ്റെടുത്ത് അമ്മച്ചി അവരുടെ കൂടെ കരയാനാരംഭിക്കും. മരണവീട്ടിലെത്തുന്നവരെല്ലാം അമ്മച്ചിയും ആ വീട്ടിലെ അംഗമാണെന്നു കരുതി സമാധാനിപ്പിക്കാനെത്തും.. അറിഞ്ഞോ, അറിയാതെയോ അമ്മച്ചിയുടെ ഈ ശീലം രാജീവും സ്വായത്തമാക്കി. മറ്റുള്ളവരെ മനസ്സിലാക്കാനും അവരോട് താദാത്മ്യപ്പെടാനുമുള്ള സവിശേഷമായ സിദ്ധി കുഞ്ഞുനാള്‍ മുതലേ രാജീവിനുണ്ടായിരുന്നു.

അമ്മച്ചിയുടെ കൈപിടിച്ച് കരുണയുടെ ബാലപാഠങ്ങള്‍ സ്വന്തമാക്കിയ രാജീവ് ഇന്ന് നിഷ്പാദുക കര്‍മ്മലീത്താ സഭാംഗമാണ്, വൈദികരുടെയിടയില്‍ തന്നെ ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടിയ അപൂര്‍വ്വം ആളുകളില്‍ ഒരാളും… ആമുഖത്തില്‍ പ്രതിപാദിച്ച ഈ നല്ല ശീലത്തെച്ചൊല്ലി പലപ്പോഴും വീട്ടില്‍ എല്ലാവരും അമ്മച്ചിയെ കളിയാക്കാറുണ്ടായിരുന്നു എന്ന് തമാശരൂപത്തില്‍ രാജീവച്ചന്‍ പറയുമ്പോഴും തന്നില്‍ കരുണയുടെ ചെറുകണികയെങ്കിലുമുണ്ടെങ്കില്‍ അത് ആ അമ്മയില്‍ നിന്നും പകര്‍ന്നു കിട്ടിയതാണെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അയല്‍വീട്ടില്‍ നിന്നും കണ്ട നോട്ടീസില്‍ ഇപ്രകാരം എഴുതിയിരുന്നു: ‘പ്രേഷിതനാകണമോ, കര്‍മ്മലീത്താ സഭയില്‍ ചേരുക’. അത് വഴിത്തിരിവായി. കേവലമൊരു കൗതുകത്തിന്റെ പുറത്തല്ല, ആ പത്താംക്ലാസുകാരന്‍ കര്‍മ്മലീത്താ സഭയിലേക്ക് തനിക്ക് വൈദികനാകണമെന്നു പറഞ്ഞ് കത്തെഴുതിയത്. പക്ഷേ, വീട്ടുകാര്‍ അവന്റെ വാക്കുകള്‍ക്ക് അര്‍ഹിക്കുന്ന ഗൗരവം കൊടുത്തില്ല. പിന്തിരിയാന്‍ രാജീവ് ഒരുക്കമായിരുന്നില്ല. ഒരു മറുപടിക്കു വേണ്ടി വിശുദ്ധ ഗ്രന്ഥം തുറന്നപ്പോള്‍ കിട്ടിയതാകട്ടെ, വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ ഈശോ ലേവിയെ വിളിക്കുന്ന ഭാഗവും. അതോടെ, രാജീവ് ഉറപ്പിച്ചു. താന്‍ സമര്‍പ്പിത ജീവിതത്തിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന്. വീട്ടുകാര്‍ക്കും തങ്ങളുടെ മകന്റെ ദൈവവിളിയെക്കുറിച്ച് ബോധ്യമുണ്ടായി. അങ്ങനെ സെമിനാരിയിലേക്ക്…

ഒരു വൈദികനാകുമ്പോള്‍ ആളുകളുടെ പലവിധത്തിലുള്ള പ്രശ്‌നങ്ങളും കേള്‍ക്കേണ്ടിവരും. അവയ്ക്ക് പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിക്കേണ്ടിവരും. എന്നാല്‍ വെറുതേയിങ്ങനെ കേട്ടിരിക്കുന്നതിലുമപ്പുറം മനുഷ്യമനസ്സിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും തന്റെ പക്കല്‍ വരുന്ന ഓരോരുത്തരുടേയും പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നുമുള്ള ആഗ്രഹം തീവ്രമായിരുന്നു. അതിനുള്ള ഏറ്റവും നല്ല വഴി സൈക്കോളജി പഠിക്കുകയാണെന്ന് അച്ചന്‍ മനസ്സിലാക്കി. സെമിനാരി പഠനകാലത്തു തന്നെ വിദൂരവിദ്യാഭ്യാസത്തിലൂടെ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മന:ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. വൈദികനായതിനു ശേഷവും ഈ വിഷയത്തില്‍ ഉപരിപഠനം നേടണമെന്ന ആഗ്രഹം ശക്തമായി. എന്നാല്‍ ആദ്യം പഠിച്ചത് ഇംഗ്ലീഷ് ലിറ്ററേച്ചര്‍. രാജീവിന്റെ ആഗ്രഹത്തിന് സഭാധികാരികള്‍ സമ്മതം മൂളിയതോടെ മന:ശാസ്ത്രത്തില്‍ എംഫില്‍ കരസ്ഥമാക്കാനായി ബാഗ്ലൂരിലേക്ക്…

എംഫില്‍ പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ പാസ്സായതും ദൈവം തന്നില്‍ പ്രവര്‍ത്തിച്ച മഹത്തായ സ്‌നേഹത്തിന്റെയും കരുണയുടെയും അടയാളമാണെന്ന് രാജീവച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു. എന്‍ട്രന്‍സ് പരീക്ഷയുടെ ദിവസം സമ്മര്‍ദ്ദങ്ങളുടേതു കൂടിയായിരുന്നു. സര്‍ട്ടിഫിക്കറ്റുകളെല്ലാം ഹാജരാക്കിയില്ല എന്ന കാരണത്താല്‍ രാജീവച്ചനെ എക്‌സാം ഹാളില്‍ പ്രവേശിപ്പിച്ചില്ല. എന്നാല്‍ തന്നോടു കൊണ്ടുവരണമെന്നു പറഞ്ഞിരുന്ന സര്‍ട്ടിഫിക്കറ്റുകളെല്ലാം അച്ചന്റെ പക്കലുണ്ടായിരുന്നു. ഒടുവില്‍ ആരുടെയൊക്കെയോ കാലു പിടിച്ച് ഹാളില്‍ പ്രവേശിച്ചതാകട്ടെ, പരീക്ഷ തുടങ്ങി അര മണിക്കൂറിനു ശേഷം. ഇനി ശേഷിക്കുന്നതും അര മണിക്കൂര്‍. കഠിനമായ തലവേദനയെ അതിജീവിക്കുകയായിരുന്നു രാജീവച്ചന്റെ മുന്നിലുള്ള രണ്ടാമത്തെ വെല്ലുവിളി. അങ്ങനെ അര മണിക്കൂര്‍ കൊണ്ട് എങ്ങനെയെല്ലാമോ പരീക്ഷ എഴുതിത്തീര്‍ത്തു. റിസള്‍ട്ടിനായി കാത്തിരിക്കുമ്പോഴും വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ അച്ചന്‍ റാങ്ക് ലിസ്റ്റില്‍.. ഈ അനുഭവം ദൈവം തന്നില്‍ പ്രവര്‍ത്തിച്ച കരുണയുടെ അനേകം പ്രവര്‍ത്തനങ്ങളിലൊന്നായാണ് രാജീവച്ചന്‍ കാണുന്നത്.

ഏഷ്യയിലെ പ്രമുഖ മനശാസ്ത്ര വിഭാഗങ്ങളിലൊന്നായ ബാംഗ്ലൂരിലെ നിംഹാന്‍സില്‍ മനശാസ്ത്ര ചികിത്സയില്‍ (ക്ലിനിക്കല്‍ സൈക്കോളജി) എംഫില്‍ പഠനത്തിനു ശേഷം രാജീവച്ചന്‍ ഇതേ വിഷയത്തില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. ദൈവം തന്നോടു കാണിച്ച കരുണ മറ്റുള്ളവര്‍ക്കും പകര്‍ന്നുകൊടുക്കാനാണ് രാജീവച്ചന്റെ തീരുമാനം. ഇന്ത്യയില്‍ പത്തിലൊരാള്‍ ഏതെങ്കിലും രീതിയിലുള്ള മാനസിക വിഷമങ്ങളിലൂടെ കടന്നുപോകുന്നവരാണെന്നും എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ മാനസിക കരുത്തു പകരാന്‍ പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാര്‍ ഈ മേഖലയിലില്ലെന്നും രാജീവച്ചന്‍ പറയുന്നു. അതു കൊണ്ടു തന്നെ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന നിലയിലുള്ള തന്റെ സേവനം കൂടുതലാളുകളിലേക്കെത്തിക്കുക എന്നതാണ് അച്ചന്റെ ലക്ഷ്യം.

മഞ്ഞുമ്മലില്‍ ഒരു ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചെങ്കിലും അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അച്ചന്‍ ഒരുക്കമല്ല. വിദ്യാര്‍ത്ഥികളിലെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും രാജീവച്ചന്‍ ആരംഭിച്ചു കഴിഞ്ഞു. മനുഷ്യമനസ്സിന്റെ കടലാഴങ്ങളില്‍ കരുണയുടെ ജീവരസവുമായി ഇനിയും അനേകം ഇടങ്ങളിലേക്കു കടന്നു ചെല്ലാനാണ് രാജീവച്ചന്റെ തീരുമാനം.

You must be logged in to post a comment Login