കരുണയുടെ മാലാഖമാരെത്തേടി ‘യമന്‍മാര്‍’ വന്നപ്പോള്‍….

കരുണയുടെ മാലാഖമാരെത്തേടി ‘യമന്‍മാര്‍’ വന്നപ്പോള്‍….

ചോരയില്‍ കുതിര്‍ന്ന പുലരിയായിരുന്നു അത്…. ആ ആഘാതത്തില്‍ നിന്നും അവരിതുവരെയും മുക്തരായിട്ടില്ല. യെമനില്‍ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന വൃദ്ധസദനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ നിമിഷനേരം കൊണ്ടാണ് നാലു കന്യാസ്ത്രികളുള്‍പ്പെടെ 16 ആളുകള്‍ കണ്ണീരോര്‍മ്മയായത്…

ജാര്‍ഖണ്ട് സ്വദേശിയായ സിസ്റ്റര്‍ ആന്‍സുലം ആണ് കൊല്ലപ്പെട്ടവരിലൊരാള്‍. റുവാണ്ടയില്‍ നിന്നുള്ള സിസ്റ്റര്‍ മാര്‍ഗരറ്റ്, റിജിനിറ്റ്, കെനിയയില്‍ നിന്നുള്ള സിസ്റ്റര്‍ ജൂഡിറ്റ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റു രണ്ട് കന്യാസ്ത്രികള്‍. അഗതിമന്ദിരത്തിലെ ആത്മീയ ശുശ്രൂഷകള്‍ക്കായെത്തിയ മലയാളിയായ ഫാദര്‍ ടോം ഉഴുന്നാലിനെയും കാണാതായിട്ടുണ്ട്. അദ്ദേഹത്തെ അക്രമിസംഘം തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നു. 54 കാരനായ ഫാദര്‍ ടോം ഉഴുന്നാല്‍ സലേഷ്യന്‍ സഭാംഗമാണ്. കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിയായ ഇദ്ദേഹത്തിനു വേണ്ടി കണ്ണീരോടെ പ്രാര്‍ത്ഥിക്കുകയാണ് കുടുംബാംഗങ്ങള്‍.

ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട മലയാളിയായ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സാലി ആ നടുക്കത്തില്‍ നിന്നും ഇതുവരെയും വിട്ടുമാറിയിട്ടില്ല. പുറത്തുണ്ടായിരുന്ന ഗാര്‍ഡ് ‘ഓടിരക്ഷപെടൂ’ എന്നുറക്കെ അലറുന്നതു കേട്ടാണ് സിസ്റ്റര്‍ സ്റ്റോര്‍ റൂമിലേക്ക് ഓടിക്കയറിയത്. വെടിയൊച്ചകള്‍ വീണ്ടും മുഴങ്ങിയപ്പോള്‍ സിസ്റ്റര്‍ ഫ്രിഡ്ജിനുള്ളില്‍ കയറി ഒളിച്ചു. അക്രമിസംഘത്തിന്റെ കണ്ണില്‍ പെടാത്തതിനാല്‍ സിസ്റ്റര്‍ സാലി രക്ഷപെടുകയായിരുന്നു. തൊടുപുഴ സ്വദേശിയാണ് സിസ്റ്റര്‍ സാലി.

തങ്ങളുടെ അമ്മമാര്‍ വൃദ്ധസദനത്തിനുള്ളിലുണ്ടെന്ന് സുരക്ഷാ ജീവനക്കാരനോട് കള്ളം പറഞ്ഞാണ് അക്രമിസംഘം അകത്തു പ്രവേശിച്ചത്. അകത്തു പ്രവേശിച്ചയുടന്‍ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തി. തുടര്‍ന്നാണ് വൃദ്ധസദനത്തിനുള്ളിലേക്കു കയറി ആക്രമണം നടത്തിയത്. കന്യാസ്ത്രികളെ കൊലപ്പെടുത്തിയ ശേഷം ആറ് എത്യോപ്യക്കാരെയും യെമന്‍കാരായ പാചകക്കാരെയും കാവല്‍ക്കാരെയും തിരഞ്ഞുപിടിച്ച് ബന്ധികളാക്കി. തുടര്‍ന്ന് ഇവരുടെ തലക്കു നേരെ വെടിയുതിര്‍ത്ത് വധിക്കുകയായിരുന്നു.

നീല വസ്ത്രം ധരിച്ചെത്തിയ തോക്കുധാരികളായ അജ്ഞാത സംഘമാണ് ആക്രമണം നടത്തിയത്. മഠത്തിനുള്ളിലെ ചാപ്പലിലെ ആരാധനാ വസ്തുക്കളും തിരുസ്വരൂപങ്ങളും അക്രമിസംഘം നശിപ്പിച്ചു. അഗതിമന്ദിരത്തിലെ ആംബുലന്‍സ് തീവെച്ച് നശിപ്പിച്ചു. വൃദ്ധസദനത്തിലെ അന്തേവാസികളാരും മരിച്ചതായി അറിവില്ല.

ജീവന്‍ പണയം വെച്ചാണ് മിഷനറാസ് ഓഫ് ചാരിറ്റി സന്യാസസഭയിലെ കന്യാസ്ത്രിമാര്‍ യെമനില്‍ സേവനം ചെയ്യുന്നത്. ഐഎസ്, അല്‍ഖ്വെയ്ദ തീവ്രവാദികളുടെ ഭീഷണി ഇവര്‍ക്കു മേലുണ്ട്. മുന്‍പും ഇവര്‍ക്കു നേരെ ആക്രമണമുണ്ടായിട്ടുണ്ട്.1998 ല്‍ യെമനിലെ ഹോദെയ്ദില്‍ മൂന്നു കന്യാസ്ത്രികളെ അക്രമിസംഘം വെടിവെച്ചുകൊന്നിരുന്നു. അക്രമികളോട് ക്ഷമിക്കണമെന്നും ഇവരുടെ മാനസാന്തരത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സഭാധികാരികള്‍ ആഹ്വാനം ചെയ്തു.

You must be logged in to post a comment Login