കരുണയുടെ വര്‍ഷത്തില്‍ ഇരുപതിന കര്‍മ്മപരിപാടിയുമായി ചിക്കാഗോ സീറോ മലബാര്‍ രൂപത

ചിക്കാഗോ: കരുണയുടെ ജൂബിലിവര്‍ഷത്തോടനുബന്ധിച്ച് മാര്‍ ജേക്കബ്ബ് അങ്ങാടിയത്ത് പിതാവ് ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ ഇരുപതിന കര്‍മ്മപരിപാടികള്‍ പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ചുള്ള ഇടയലേഖനവും എല്ലാ ഇടവകകള്‍ക്കും മിഷനുകള്‍ക്കും നല്‍കി. എങ്ങനെയാണ് കരുണയുടെ വര്‍ഷം ആചരിക്കേണ്ടത് എന്നും ഇതിനു വേണ്ട പ്രായോഗിക നിര്‍ദ്ദേശങ്ങളുമാണ് ഇടയലേഖനത്തില്‍.

മിഷനുകളിലും ഇടവകകളിലും കരുണയുടെ ജൂബിലിവര്‍ഷ പ്രാര്‍ത്ഥനകള്‍ നടത്തുക, വ്യക്തിപരമായി കാരുണ്യ പ്രവൃത്തികള്‍ ചെയ്യുക, ആംബുലന്‍സോ ഫയര്‍ എഞ്ചിനുകളോ സൈറണ്‍ മുഴക്കി പോകുമ്പോള്‍ അപകടത്തില്‍ പെട്ടവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക. യാത്രക്കിടയില്‍ സെമിത്തേരിയോ മൃതദ്ദേഹം സൂക്ഷിക്കുന്ന സ്ഥലമോ കണ്ടാല്‍ കുരിശടയാളം വരച്ച് മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക, ഇടവകകളുടെയോ മിഷനുകളുടെയോ നേതൃത്വത്തില്‍ വിശുദ്ധ സ്ഥലങ്ങളിലേക്ക് തീര്‍ത്ഥാടനം നടത്തുക, ആതുരാലയങ്ങളും ജയിലുകളും സന്ദര്‍ശിക്കുക, കാരുണ്യത്തിന്റെ സുവിശേഷമായ വിശുദ്ധ ലൂക്കായുടെ സുവിശേഷം വായിക്കുകയും പഠിക്കുകയും ബൈബിള്‍ ക്വിസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്യുക, വലിയ നോയമ്പിലെ മൂന്നാമത്തെ ശനിയാഴ്ചയായ ഫെബ്രുവരി 27 ന് എല്ലാ ഇടവകകളിലും മിഷനുകളിലും ഏകദിന ദിവ്യകാരുണ്യ ആരാധന നടത്തുക, ഡിവൈന്‍ മേഴ്‌സി ദിനമായ ഏപ്രില്‍ 3 ന് അംഗവൈകല്യമുള്ള വ്യക്തികള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തുക, സെപ്റ്റംബര്‍ മാസത്തിലെ ആദ്യ ശനിയാഴ്ച എല്ലാ പള്ളികളിലും മിഷനുകളിലും പൂര്‍ണ്ണ ദൈവവചന പാരായണം നടത്തുക, ഓരോ ഇടവകയും മിഷനും വടക്കേ ഇന്ത്യയിലെ മിഷന്‍ രൂപതകളില്‍ പെട്ട ഏതെങ്കിലുമൊരു പ്രദേശത്തെ ദത്തെടുക്കാന്‍ തയ്യാറാകുക, ഇടവകയിലും ഫൊറോനകളിലും ജൂബിലിവര്‍ഷത്തോടനുബന്ധിച്ച് സെമിനാറുകള്‍ സംഘടിപ്പിക്കുക, നിര്‍ദ്ധനരായ കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ എത്തിച്ചു കൊടുക്കുക, കാരുണ്യത്തിന്റെ സന്ദേശം പ്രചരിപ്പിച്ചവരുടെ ജീവചരിത്രം പഠന വിഷയമാക്കുക, കേരളത്തിലെ ഏതെങ്കിലുമൊരു നിര്‍ദ്ധന കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുക, കൂടെക്കൂടെ കുമ്പസാരിച്ച് പ്രശ്‌നങ്ങളില്‍ പെട്ട കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക, അഴിമതിയും ഭീകരവാദവും ഇല്ലാതാകാന്‍ പ്രാര്‍ത്ഥിക്കുക, സങ്കീര്‍ത്തനം 136 കുടുംബപ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുക, ‘പരിശുദ്ധ രാജ്ഞീ…’ എന്ന മാതാവിനോടുള്ള പ്രാര്‍ത്ഥന എല്ലാ ദിവസവും ചൊല്ലി മാതാവിനോട് മാദ്ധ്യസ്ഥം തേടുക എന്നിവയാണ് മാര്‍ ജേക്കബ്ബ് അങ്ങാടിയത്ത് പ്രഖ്യാപിച്ച ഇരുപതിന കര്‍മ്മ പരിപാടികള്‍.

You must be logged in to post a comment Login