കരുണയുടെ വര്‍ഷവും വിശുദ്ധ ഫൗസ്റ്റീനയും

ഡയറിയെഴുതാന്‍ പലര്‍ക്കും ഇഷ്ടമാണ്. ഓരോരുത്തര്‍ക്കുമുണ്ട് ഡയറിയെഴുതാന്‍ അവരുടേതായ കാരണങ്ങള്‍.സിസ്റ്റേഴ്‌സ് ഓഫ് ഔവര്‍ ലേഡി ഓഫ് മേഴ്‌സി എന്ന സന്യാസ
സഭാംഗമായ വിശുദ്ധ മേരി ഫൗസ്റ്റീന കോവല്‌സ്‌കയും ഡയറി എഴുതിയിരുന്നു, യേശുക്രിസ്തു നല്കിയ ദര്‍ശനങ്ങളും അനുഭവങ്ങളുമായിരുന്നു ആ ഡയറിത്താളുകള്‍ നിറയെ… പോളണ്ടുകാരിയായ ഫൗസ്റ്റീനയുടെ ഡയറിത്താളുകളില്‍ നിന്നാണ് ദിവ്യകാരുണ്യജപമാല അഥവാ കരുണ കൊന്ത എന്ന ശ്രേഷ്ഠമായ പ്രാര്‍ത്ഥന ലോകമറിയുന്നത്.

1935 സെപ്റ്റംബര്‍ 13-ാം തിയ്യതിയാണ് ഫൗസ്റ്റീന കരുണ കൊന്ത എന്ന പ്രാര്‍ത്ഥന തന്റെ ഡയറിത്താളുകളില്‍ എഴുതിയത്. യേശുക്രിസ്തു നല്‍കിയ ദര്‍ശനത്തിലും സംഭാഷണത്തിലും നിന്നുമാണ് ഈ പ്രാര്‍ത്ഥന ലഭ്യമായതെന്നും വിശുദ്ധ ഫൗസ്റ്റീന പ്രസ്താവിച്ചിട്ടുണ്ട്. കാരുണ്യത്തിന്റെ അപ്പസ്‌തോല എന്നറിയപ്പെടുന്ന വിശുദ്ധ ഫൗസ്റ്റീനയെ 2000 ത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് വിശുദ്ധയായി പ്രഖ്യാപിച്ചത്.

പ്രധാനമായും മൂന്നുകാര്യങ്ങളാണ് കരുണകൊന്തയിലെ പ്രതിപാദ്യങ്ങള്‍
ഒന്ന്- ദൈവത്തിന്റെ കരുണയ്ക്കുവേണ്ടിയുള്ള യാചന
രണ്ട്- ക്രിസ്തുവിന്റെ സമൃദ്ധമായ കരുണയിലുള്ള ആഴമായ വിശ്വാസം
മൂന്ന്- മറ്റുള്ളവരോടുള്ള കരുണയും ദൈവം മറ്റുള്ളവരിലേക്ക് വര്‍ഷിക്കുന്ന കരുണയുടെ ഇടനിലക്കാരനുമാവണം.

വിശുദ്ധ ഫൗസ്റ്റീന ഈശോയോടുള്ള പ്രാര്‍ത്ഥനകള്‍ സംഭാഷണരൂപത്തിലാണ് തന്റെ ഡയറിയില്‍ കുറിച്ചിട്ടിരുന്നത്. പ്രാര്‍ത്ഥനകള്‍ക്ക് ദൈവം നല്കിയ ഉത്തരങ്ങളും ഡയറിയില്‍ ഉണ്ട്. ‘എന്റെ കരുണയില്‍ വിശ്വസിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നവര്‍ക്ക് അത് ലഭിക്കും’ എന്ന് ഫൗസ്റ്റീനയോട് ഈശോ അരുളിചെയ്തു. മനുഷ്യരില്‍ നിന്ന് മൂന്നു വിധത്തിലുള്ള കരുണയുടെ പ്രവര്‍ത്തനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നുള്ള ഈശോയുടെ അഭിലാഷവും ഫൗസ്റ്റീനയുടെ ഡയറിയിലുണ്ട്. പ്രവൃത്തികള്‍ കൊണ്ടുള്ള കരുണ, വാക്കുകള്‍ കൊണ്ടുള്ള കരുണ, പ്രാര്‍ത്ഥനയിലൂടെയുള്ള കരുണ ഇവയാണ് ദൈവം ആഗ്രഹിക്കുന്ന കരുണയുടെ പ്രവര്‍ത്തനങ്ങള്‍.

കരുണയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും ദൈവം ഫൗസ്റ്റീനയ്ക്ക് നല്കി. ഈശോ കുരിശില്‍ മരിച്ച സമയമായ മൂന്നു മണിക്ക് കരുണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് പ്രത്യേക അനുഗ്രഹങ്ങളും അവിടുന്ന് വാഗ്ദാനം ചെയ്തു. ‘മൂന്നുമണി ക്ലോക്കില്‍ മുഴങ്ങുമ്പോള്‍ നീ നിന്നെത്തന്നെ എന്റെ കരുണയ്ക്കായി സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക, ആ സമയം എല്ലാ ആത്മാക്കളിലേക്കും കരുണ വര്‍ഷിക്കപ്പെടും.’ ഇപ്രകാരമാണ് ഫൗസ്റ്റീനയുടെ ഡയറിയില്‍ ഈശോ നല്കിയ വാഗ്ദാനം രേഖപ്പെടുത്തിയിരിക്കുന്നത്.

കരുണയുടെ ചിത്രം

കരുണാമയനായ ഈശോയുടെ ചിത്രം ദൈവം തന്നെ ഫൗസ്റ്റീനയ്ക്ക് വെളിപ്പെടുത്തികൊടുത്തു. ഡയറിയിലെ അടയാളങ്ങളുടെ അടിസ്ഥാനത്തില്‍ ഫൗസ്റ്റീനയുടെ നിര്‍ദ്ദേശമനുസരിച്ച് എവുജിന്‍ കാസിമിറോവ്‌സ്‌കി എന്ന ചിത്രകാരനാണ് കരുണാമയനായ ഈശോയുടെ ചിത്രം ആദ്യം വരച്ചത്.

ഒരു കരം കൊണ്ട് ഈശോ അനുഗ്രഹം വര്‍ഷിക്കുന്ന തരത്തിലുള്ളതാണ് ചിത്രം. മറുകരം കൊണ്ട് കുന്തത്താല്‍ മുറിവേറ്റ പാര്‍ശ്വത്തെ മുറുകെപ്പിടിക്കുന്നു. അവിടെനിന്നും ചുവപ്പും വെള്ളയും നിറമുള്ള പ്രകാശരശ്മികളും പുറപ്പെടുവിക്കുന്നു. ഈ രണ്ട് രശ്മികള്‍ രക്തത്തെയും ജലത്തെയും പ്രതിനിധാനം ചെയ്യുന്നതായും ഈശോ ഫൗസ്റ്റീനയ്ക്ക് വെളിപ്പെടുത്തി. ‘പടയാളികളിലൊരുവന്‍ ഈശോയുടെ പാര്‍ശ്വത്തില്‍ കുത്തി ഉടനെ അവിടെനിന്ന് രക്തവും വെള്ളവും വാര്‍ന്നു’ എന്ന (യോഹന്നാന്‍ 19-34)എന്ന വചനത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചിത്രം.

കരുണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ കരുണയുടെ ചിത്രം വണങ്ങണമെന്നും ഈശോ ഫൗസ്റ്റീനയോട് ആവശ്യപ്പെട്ടിരുന്നു. കരുണയുടെ ചിത്രത്തെ വണങ്ങി കരുണയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാ ആത്മാക്കളെയും പാപത്തിന്റെ ശിക്ഷകളില്‍ നിന്നും രക്ഷിക്കുമെന്നും ഫൗസ്റ്റീനയുടെ ഡയറിത്താളുകളിലൂടെ ഈശോ വാഗ്ദാനം ചെയ്തിട്ടുണ്ട്.

വിശുദ്ധ മേരി ഫൗസ്റ്റീനയുടെ ഡയറിയെ ആസ്പദമാക്കി ഡയറി: ഡിവൈന്‍ മേഴ്‌സി ഇന്‍ മൈ സോള്‍ എന്ന പേരില്‍ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1934 മുതല്‍ ഫൗസ്റ്റീന മരിച്ച 1938 വരെ ഡയറിയില്‍ എഴുതിയ ഈശോയുമായുള്ള സംഭാഷണങ്ങളും ഈശോ നല്കിയ അനുഭവങ്ങളും ദര്‍ശനങ്ങളുമാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലെമി തോമസ്‌

You must be logged in to post a comment Login