കരുണയുടെ വളളിക്കുടില്‍

ഒരു പെസഹാക്കാലം. വിശുദ്ധവാരത്തിലെ തിങ്കള്‍. കുമ്പസാരിക്കുവാന്‍ വേണ്ടി ജോലിസ്ഥലത്തു നിന്നും നേരത്തെയിറങ്ങി എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലെത്തുമ്പോള്‍ സാമാന്യം നല്ല തിരക്കുണ്ട്. അഞ്ചോ ആറോ വൈദികര്‍ ദേവാലയത്തിന്റെ ബസിലിക്കയുടെ വിവിധ ഭാഗങ്ങളിലായി ഇരുന്ന് കുമ്പസാരം കേള്‍ക്കുന്നുണ്ട്. ചിലര്‍ മധ്യത്തിലും ഇരിക്കുന്നു. വലിയ തിരക്കു തോന്നാതിരുന്ന, വെറും ഒറ്റക്കസേര മാത്രമുള്ള തുറന്ന കുമ്പസാരക്കൂട്ടിലിരിക്കുന്ന വൈദികന്റെ പക്കലേക്ക് ഞാന്‍ നീങ്ങി. നോക്കുമ്പോള്‍ നല്ല മുഖപരിചയം. സെബാസ്റ്റിന്‍ എടയന്ത്രത്ത് പിതാവാണ്! ചാരത്തു ചെന്നു മുട്ടുകുത്തിയപ്പോള്‍ വരൂ സഹോദരാ! എന്നു പറഞ്ഞ് അദ്ദേഹം എന്നെ തോളില്‍ ചേര്‍ത്തു പിടിച്ചു. ധൂര്‍ത്തപുത്രന്റെ കഥയിലെ പിതാവിനെയാണ് ഓര്‍മ വന്നത്. ശബ്ദത്തില്‍ ആഴമുള്ള കാരുണ്യം വഴിഞ്ഞു. എന്റെ കണ്ണുകള്‍ നനഞ്ഞു തുടങ്ങി. ഹൃദയത്തിന്റെ ആഴങ്ങള്‍ തുളുമ്പി വീണു. കുമ്പസാരം കഴിയുന്നതു വരെ അദ്ദേഹത്തിന്റെ കരങ്ങള്‍ എന്റെ തോളിലുണ്ടായിരുന്നു, ഒരു സഹോദരനെ പോലെ, പിതാവിനെ പോലെ സ്‌നേഹപൂര്‍വം ചേര്‍ത്തു പിടിച്ച്… നനഞ്ഞ മിഴികള്‍ ആരും കാണാതിരിക്കാന്‍ ഞാന്‍ തല കുനിച്ചു തിരികെ നടന്നു. കണ്ണു നനഞ്ഞത് പാപങ്ങളുടെ വലുപ്പമോര്‍ത്തല്ല, സ്‌നേഹാര്‍ദ്രമായ കാരുണ്യത്തിന്റെ മുന കൊണ്ട് മുറിവേറ്റിട്ട്. ക്ഷമിക്കുന്ന കരുണാര്‍ദ്ര സ്‌നേഹം കൊണ്ട് മുറിവേല്‍ക്കുന്നിടമാണ് കുമ്പസാരക്കൂട്! ആ മുറിവിലൂടെ കടന്നു വരു സ്‌നേഹിതനാണ് ക്രിസ്തു. എല്ലാ കുമ്പസാരക്കൂടുകളും ഇങ്ങനെയായിരുങ്കെില്‍…

പൊന്നുരുന്നി ആശ്രമത്തിലെ ഇമ്മാനുവലച്ചനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. പത്തോ പന്ത്രണ്ടോ വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ പൊന്നുരുന്നി പരിസരത്ത് താമസിച്ചിരുന്ന കാലത്ത് ആശ്രമത്തിലെ സ്വീകരണ മുറിയോടു ചേര്‍ കൗണ്‍സിലിംഗ് മുറിയില്‍ പകലന്തിയോളം ഇമ്മാനുവലച്ചനിരുന്നു – അശരണരായ ജനത്തിന്റെ പാപങ്ങളും സങ്കടങ്ങളും കേട്ടുകൊണ്ട്. അന്നാളില്‍ എനിക്കൊരു അഭയസങ്കേതം പോലെയായിരുന്നു, ആ മുറി. കപ്പല്‍ ഛേദങ്ങളുടെ കഥയുമായി ഞാന്‍ വിശുദ്ധനായ ആ വയോധികന്റെ പക്കല്‍ നിരന്തരമെത്തി. പാപങ്ങളുടെ വലുപ്പച്ചെറുപ്പമനുസരിച്ച് അച്ചന്റെ മുഖഭാവം മാറിയില്ല. കര്‍ത്താവിന്റെ അപാരമായ കാരുണ്യത്തിനു മുമ്പില്‍ പാപങ്ങളെത്ര ചെറുത്. പാപങ്ങളേക്കാള്‍ വലുതാണ് മകനേ, നീ എന്നോര്‍മിപ്പിക്കുന്ന ഒരു സൗമ്യത അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴുമുണ്ടായിരുന്നു. പാപബോധം കൊണ്ടു മുറിവേറ്റവനെ നീതിയുടെയും കാര്‍ക്കശ്യത്തിന്റെയും വാക്കുകള്‍ കൊണ്ട് വീണ്ടും മുറിവേല്‍പിക്കാന്‍ അച്ചന്‍ ഒരിക്കലും തുനിഞ്ഞില്ല.. പിന്നീട് പുന്നുരുന്നി വിട്ട് പോകേണ്ടി വന്നപ്പോള്‍ മനസ്സിലെ സങ്കടങ്ങളിലൊന്ന് ഇനിയെന്റെ കപ്പല്‍ചേദങ്ങളുടെ കഥകള്‍ ആര് ക്ഷമയോടെ കേട്ടിരിക്കും എന്നായിരുന്നു. ഇമ്മാനുവലച്ചന്‍ മരിച്ചുവെന്ന വിവരം ദൂരദേശത്തു നിന്നറിഞ്ഞപ്പോള്‍ ചിറകു നഷ്ടപ്പെട്ട പക്ഷിയെ പോലെ ഞാന്‍ സങ്കടപ്പെട്ടു. ചിറകൊടിഞ്ഞ പറവകള്‍ക്കു പുതിയ ചിറകു മുളയ്ക്കുന്ന പക്ഷിക്കൂടാണ് കുമ്പസാരക്കൂട്.

കപ്പല്‍ഛേദങ്ങളുടെ കഥ കണ്ണീരോടെ ഏറ്റു പറയുമ്പോള്‍ നിന്റെ കപ്പലുകളെല്ലാം തകര്‍ന്നു വീണത് ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ അപാരമായ കടലിലാണെ് പറഞ്ഞ് ആശ്വസിപ്പിക്കുന്ന ജ്ഞാനിയായ കടല്‍വൃദ്ധന്റെ കൂടാരമാണ് കുമ്പസാരക്കൂട്. കടല്‍ മുഴുവന്‍ നിന്റെ സ്‌നേഹമാണെങ്കില്‍ എന്റെ കപ്പല്‍ഛേദങ്ങളോര്‍ത്ത് ഇനി ഞാന്‍ സങ്കടപ്പെടുകയില്ല. തകര്‍ന്നു വീണതും നഷ്ടമായതും കാലാതീതമായ നിന്റെ കടലാഴങ്ങളില്‍ ഉണ്ടല്ലോ, സുരക്ഷിതമായി….

നല്ലൊരു സ്‌നേഹിതനെ കണ്ടെത്തുന്നതു പോലെ ഒരു വരമാണ് നല്ലൊരു കുമ്പസാരക്കാരനെ കണ്ടെത്തുന്നതും. കുമ്പസാരക്കൂട്ടില്‍ നിന്നും ക്രിസ്തുവില്‍ നിന്നു പോലും അകറ്റുന്ന ദുര്‍ശക്തികളായി കുമ്പസാരക്കൂടുകള്‍ മാറുതിനും ഞാന്‍ സാക്ഷിയായിട്ടുണ്ട്. പതിനഞ്ചോ ഇരുപതോ വര്‍ഷങ്ങള്‍ക്കു മുമ്പ് നഗരത്തിലെ പ്രമുഖമായ ഒരു ദേവാലയത്തില്‍ കുമ്പസാരത്തിന് ഊഴം കാത്തു നില്‍ക്കുമ്പോള്‍, അച്ചന്‍ കുമ്പസാരക്കൂട്ടില്‍ നിന്നു ചാടി പുറത്തിറങ്ങുന്നു. ‘ഈ വക പാപം പറഞ്ഞു കൊണ്ടൊന്നും എന്റെ അടുത്ത വരേണ്ട. വേണേല്‍ വേറെ എവിടെയെങ്കിലും പോയ്‌ക്കോ.’ ജന മധ്യത്തില്‍ ആ യുവാവ് അപമാനിതനായി നിന്നു. അല്പം കഴിഞ്ഞ് അച്ചന്‍ വീണ്ടും വന്ന് കുമ്പസാരക്കൂട്ടില്‍ ഇരുന്നുവെങ്കിലും ക്യൂവില്‍ നിന്നിരുന്ന പലരും വിട്ടു പോയിരുന്നു. ആ യുവാവിന്റെ ജീവിതത്തിലെ അവസാനത്തെ കുമ്പസാരമായിരുന്നോ അത് എന്നറിയില്ല….

ആരാണ് ക്ഷമിക്കുന്നത്? അച്ചനോ ക്രിസ്തുവോ? സൗജന്യമായി ലഭിച്ച കാരുണ്യം എന്തിനാണ് പിടിച്ചു വയ്ക്കുത്. ദൈവം അളന്നാണോ ആത്മാവിനെ കൊടുക്കുന്നത്. കരുണയും അങ്ങനെ തന്നെയല്ലേ? കുമ്പസാരക്കൂട്ടില്‍ ക്രിസ്തുവിന്റെ കരുണയുടെ പ്രതിഫലനമാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ചില ധ്യാനകേന്ദ്രങ്ങളിലൊക്കെ ചെയ്യുതുപോലെ ‘കുമ്പസാരിക്കൂ, കുമ്പസാരിക്കു!’ എന്നു മൈക്കു വച്ചു വിളിച്ചു പറയുന്ന ശബ്ദങ്ങള്‍ പോലും ഫലം ചൂടാതെ വരും. ക്രിസ്തുവിന്റെ കാരുണ്യത്തിന്റെ തൂവല്‍ കൊണ്ട് നിങ്ങള്‍ നിങ്ങളുടെ മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന അനുതാപിയുടെ നെഞ്ചില്‍ തലോടി നോക്കൂ. മൈക്കു വച്ചു വിളിച്ചു കൂവേണ്ട ആവശ്യമൊന്നും വരില്ല. അയാള്‍ കുമ്പസാരക്കൂടുകള്‍ തേടി വരും. കാരണം, മനുഷ്യന്റെ ഹൃദയത്തിന്റെ അഗാധതകള്‍ ദൈവസ്പര്‍ശം കൊതിക്കുന്നവയാണ്. പാപത്തെ വെറുക്കുക എന്നതിന്റെ പ്രകാശപൂര്‍ണമായ മറുവശം സ്‌നേഹം കൊണ്ടു നിറയുക എന്നതാണ്. പാപത്തിന്റെ ഭീകരമുഖം വിവരിച്ച് ഭയപ്പെടുത്തി വിടുന്നതല്ല, ക്രിസ്തുവിന്റെ സുന്ദരമുഖം കാണിച്ച് ദിവ്യസ്‌നേഹം കൊണ്ട് ഒരു ഹൃദയത്തെ നിറച്ചു വിടുന്ന സ്‌നേഹകൂടാരങ്ങളാകണം കുമ്പസാരക്കൂടുകള്‍! ആ സ്‌നേഹമായിരിക്കും ഇനി മേല്‍ കുമ്പസാരക്കൂട്ടില്‍ നിന്നു മടങ്ങുവന്റെ ജീവിതത്തെ നയിക്കുക.

കാരുണ്യത്തിന്റെ ആള്‍രൂപമായി ലോകത്തില്‍ നവോന്മേഷകരമായ പ്രകാശം പരത്തു ഫ്രാന്‍സിസ് മാര്‍പാപ്പ എന്തിനാണ് പരസ്യമായി കുമ്പസാരിച്ചത്? അതും സാധാരണക്കാരനായൊരു വൈദികനോട്! കുമ്പസാരക്കൂട്ടില്‍ ആരിരുന്നാലും വൈദികന്റെ വലുപ്പച്ചെറുപ്പത്തിനതീതമായി പാപം പൊറുക്കുന്നത് ക്രിസ്തുവാണെന്നോര്‍മിപ്പിക്കാനായിരിക്കണം. പണ്ട് വേദോപദേശ ക്ലാസില്‍ കുട്ടികള്‍ക്കിടയിലുയര്‍ന്ന സംശയമായിരുന്നു അത്, മാര്‍പാപ്പ ആരോടാണ് കുമ്പസാരിക്കുന്നത്? സാധാരക്കാര്‍ അച്ചന്‍മാരോട്, അച്ചന്‍മാര്‍ മെത്രാന്‍മാരോട്, മെത്രാന്‍മാര്‍ മാര്‍പാപ്പയോട്, അപ്പോള്‍ മാര്‍പാപ്പ ആരോട്?…… കുട്ടികള്‍ക്കെല്ലാം ഇപ്പോള്‍ സംശയം മാറിക്കാണും. എന്നാല്‍ വലിയവര്‍ക്കിടയിലും മാറേണ്ട ചില സംശയങ്ങള്‍ക്കാണ് പാപ്പായുടെ പ്രവര്‍ത്തി ഉത്തരം നല്കിയത്. എന്തിനൊരു മനുഷ്യനോട് കമ്പസാരിക്കണം? അതും പാപിയായ ഒരു മനുഷ്യനോട്! പദവി കൊണ്ട് തന്നേക്കാള്‍ ഏറെ താഴെയുള്ള ഒരാളുടെ മുന്നില്‍ മുട്ടു കുത്തി പാപം ഏറ്റു പറഞ്ഞ പാപ്പാ ക്രിസ്തു എല്ലാ കുമ്പസാരക്കൂടുകളിലും സന്നിഹിതനാണെ് ഓര്‍മപ്പെടുത്തുകയായിരുന്നു. ജനത്തിന്റെ കുമ്പസാരം കേള്‍ക്കാനിരിക്കുന്ന വൈദികര്‍ സ്വന്തം ശുദ്ധിയെ കുറിച്ചും ശ്രദ്ധ വയ്ക്കണമെന്നൊരു പാഠം കൂടി അതിലില്ലേ? മുട്ടില്‍ നിന്നു ശീലിച്ചവനേ തന്റെ മുന്നില്‍ മുട്ടില്‍ നില്‍ക്കുവന്റെ മാനസികാവസ്ഥ മനസ്സിലാവുകയുള്ളൂ. വെറുതേ ചിന്തിച്ചു നോക്കൂ, എന്തിനാണ് ക്രിസ്തു മനുഷ്യനായത്? പാപികളായ ജനാവലിക്കൊപ്പം ജോര്‍ദാനില്‍ ഇറങ്ങി മാനസാന്തരത്തിന്റെ ജ്ഞാനസ്‌നാനം സ്വീകരിച്ചത്? ഞാനും മുട്ടില്‍ നി.ല്‍ക്കുവനാണ് എന്ന ബോധ്യത്തോടെ വൈദികര്‍ കുമ്പസാരക്കൂട്ടില്‍ ഇരിക്കുന്ന നിമിഷങ്ങളില്‍ കുമ്പസാരക്കൂടുകള്‍ ക്രിസ്തുവിന്റെ സമാഗമ കൂടാരങ്ങളായിത്തീരും. ക്രിസ്തുവാണ് കുമ്പസാരം കേള്‍ക്കുന്നെതന്നത് വിശ്വാസമാണ്. ആ വിശ്വാസം ജനങ്ങള്‍ക്ക് അനുഭവമാക്കി മാറ്റേണ്ടത് കുമ്പസാരക്കൂ്ട്ടില്‍ ഇരിക്കുന്ന പുരോഹിതരാണ്.

എന്തിനാണ് ഒരു മനുഷ്യനോട് കുമ്പസാരിക്കുന്നത്? കത്തോലിക്കാ സഭ എന്നും നേരിടുന്ന ഒരു ചോദ്യമാണിത്. എന്താണ് ദൈവം മനുഷ്യനിലൂടെയല്ലാതെ ചെയ്തിട്ടുള്ളത്. ജീവിതത്തിലെ ദൈനംദിന സംഭവങ്ങളിലൂടെ ദൈവം സംസാരിക്കുന്നു എന്നു വിശ്വസിക്കുന്നവര്‍ക്ക് ഇത് അവിശ്വസനീയമായ കാര്യമൊന്നുമല്ല.. ഒരു അമ്മയിലൂടെ ദൈവം പിറന്നു, അതു കൂടുംബത്തിന്റെ ചട്ടക്കൂടുകള്‍ക്കും നിയമങ്ങള്‍ക്കുമുള്ളില്‍.. ഒരു മധ്യസ്ഥന്റെ ആവശ്യമില്ലാതിരുന്നിട്ടും ക്രിസ്തു പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ സ്‌നാപകയോഹാന്റെ മുന്നില്‍ ചെന്നു മുട്ടുകുത്തി. അയ്യായിരങ്ങള്‍ക്കു വേണ്ടി അപ്പം ശൂന്യതയില്‍ നിന്നും സൃഷ്ടിക്കാമായിരുന്നിട്ടും ഒരു കുട്ടിയുടെ അഞ്ചപ്പം കടം വാങ്ങി. കാനായില്‍ വീഞ്ഞിനെ വായുവില്‍ നിന്നും സൃഷ്ടിക്കുകയല്ല, വെള്ളത്തെ വീഞ്ഞാക്കി മാറ്റുകയാണ് ചെയ്തത്. അതിനു മുന്വ് വെള്ളം നിറയ്ക്കാന്‍ ജോലിക്കാരുടെ സഹായം തേടി. എല്ലാം മനുഷ്യരിലൂടെ വേണമെന്നത് മനുഷ്യവംശത്തിന്റെ പാരസ്പര്യത്തെ കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയായിരിക്കും. അഭിഷിക്തനും നിയുക്തനുമായ ഒരാളുടെ മുമ്പില്‍ മുട്ടുകുത്തി അയാളോട് പാപം ഏറ്റു പറയണമെന്ന് ദൈവം തീരുമാനിക്കുമ്പോള്‍ അവിടുന്ന് അതു കൊണ്ടു ഉദ്ദേശിക്കുന്ന ചില കാര്യങ്ങളുണ്ടാകും. യോഹന്നാന്റെ മുന്നില്‍ മുട്ടു കുത്തിയ യേശുവും വൈദികന്റെ മുന്നില്‍ ലോകം മുഴുവന്‍ കാണ്‍കെ മുട്ടുകുത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയും നല്‍കുന്ന അടയാളങ്ങള്‍ വായിച്ചെടുത്താല്‍ മതി ബോധ്യമാകാന്‍, എന്തു കൊണ്ട് പാപങ്ങള്‍ ഒരു മനുഷ്യനോട് ഏറ്റുപറയണമെന്ന്!

ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍ തന്റെ ആത്മകഥയുടെ ആമുഖം കുറിക്കുന്നതിപ്രകാരമാണ്. എന്റെ ശരിക്കുളള ആത്മകഥ ഞാന്‍ എഴുതുന്ന ഈ കഥയല്ല.. എന്നും ഞാന്‍ വായിക്കുന്ന ഒന്നാണ്. ക്രിസ്തുവിന്റെ ക്രൂശിതരൂപത്തിലാണ് ഞാനെന്റെ ആത്മകഥ വായിക്കുന്നത്. മുള്‍മൂടി ചൂടിയ തിരുശിരസ്സില്‍ എന്റെ അവിശുദ്ധവിചാരങ്ങളും, തുളഞ്ഞ കൈകളിലല്‍ മോഹവസ്തുക്കള്‍ സ്വന്തമാക്കുള്ള എന്റെ ഉദ്യമങ്ങളും ആണിപ്പഴുതുള്ള പാദങ്ങളില്‍ എന്റെ വഴിതെറ്റിയ സംസാരങ്ങളും നെഞ്ചിലെ മുറിപ്പാടില്‍ ഞാന്‍ ധുര്‍ത്തടിച്ച സ്‌നേഹവും ഞാന്‍ കാണുന്നു. എന്റെ വഴി പിഴപ്പുകളുടെ കഥകള്‍ ഞാനവിടെ വീണ്ടും വീണ്ടും വായിക്കുന്നു…. അതു വായിക്കുമ്പോഴൊക്കെ ഞാന്‍ എന്റെ ദിവ്യസ്‌നേഹിതനോട് ചെയ്ത ദ്രോഹങ്ങളോര്‍ത്ത് വിങ്ങിക്കരയുന്നു!

ഇതാണ് കുമ്പസാരക്കൂട്. നിന്റെ സ്‌നേഹത്തിന്റെ വലുപ്പം എന്നെ കരയിക്കുന്നു. ഞാന്‍ കരയുമ്പോള്‍ നീ പറയുു, നോക്കൂ, ഗിരിസമാനമായ എന്റെ സ്‌നേഹത്തിനു മുന്നില്‍ നിന്റെ അപരാധങ്ങള്‍ മണ്‍തരി പോലെ ചെറുതാകുന്നതു നോക്കൂ. ഇപ്പോള്‍ ഞാന്‍ ശരിക്കും കരയുന്നു…. തീരാത്ത നിന്റെ സ്‌നേഹമോര്‍ത്ത്….

 

 

 

അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login