കരുണാര്‍ദ്ര സ്‌നേഹം; ദൈവസ്‌നേഹം

കരുണാര്‍ദ്ര സ്‌നേഹം; ദൈവസ്‌നേഹം

പാപം ചെയ്യുന്നവരെയും അനുസരണക്കേടു കാണിക്കുന്നവരെയും ദൈവം സ്വീകരിക്കുകയില്ല എന്ന തെറ്റായ ധാരണ ലോകമെങ്ങുമുള്ള എല്ലാ മതവിശ്വാസികളിലും നിലനിന്നുവരുന്നുണ്ട്. കൂടുതല്‍ ദുഷ്ടത ചെയ്യുന്നവരെ അവതരാമെടുത്തു ഭൂമുഖത്ത് ഇറങ്ങിവന്നു ദൈവം സംഹരിച്ചുകളയും എന്ന ധാരണവരെ വച്ചുപുലര്‍ത്തുന്നവര്‍ ഈശ്വരവിശ്വാസികള്‍ക്കിടയിലുണ്ട്. അവിടെയാണു ക്രിസ്തുദര്‍ശനത്തിന്റെ സദ്വാര്‍ത്ത നാം കാണേണ്ടത്.

ഇന്ത്യയിലെ ഒരു ഗോത്രവര്‍ഗ ഭൂമിയില്‍ രണ്ടു മിഷനറി വൈദികര്‍ വേനത്തിന് എത്തിച്ചേര്‍ന്നു. ആ മേഖലയിലെ ജനത്തോടൊപ്പം ഒരു കുടില്‍ കെട്ടി അവര്‍ താമസം തുടങ്ങി. സാവധാനം ഈ വൈദികരുമായി അവര്‍ സമ്പര്‍ക്കത്തിലായി. നിരവദി ദേവീ-ദേവന്മാരും ആരാധനാമൂര്‍ത്തികളുമുള്ള ഒരു പ്രദേശം. ഞങ്ങളുടെ നാട്ടിലേക്കു പുതിയ- ഇതുവരെ അറിഞ്ഞിട്ടില്ലാത്ത- ദൈവം കൂടി വന്നിരിക്കുന്നു എന്ന് അവര്‍ മനസ്സിലാക്കി. കാരണം, ഈ വൈദികര്‍ തങ്ങളുടെ പര്‍ണശാലയില്‍ യേശുക്രിസ്തുവിന്റെ ഒരു തൂങ്ങപ്പെട്ട രൂപം സ്ഥാപിച്ചിരുന്നു.

ഗോത്രവര്‍ഗ സമിതി ഈസാ മസിഹ് എന്ന ഈ പുതിയ ദൈവത്തേക്കുറിച്ച് അറിഞ്ഞപ്പോള്‍
ഒരു തീരുമാനമെടുത്തു. ഈ പുതിയ ദൈവം ആരാധനയും കാണിക്കവസ്തുക്കളും സ്വീകരിക്കാന്‍ എഴുന്നള്ളിയിരിക്കുന്നത് ഞായറാഴ്ചകളിലായതിനാല്‍ കുറെ ആളുകള്‍ അങ്ങോട്ടും പോയി ആരാധന നടത്തണമെന്ന് അവര്‍ ജനത്തെ ആഹ്വാനം ചെയ്തു. ഉചിതമായ ആരാധന നല്‍കാതെ അവഗണിക്കുന്നതിന്റെ പേരില്‍ ഈ ദൈവം കോപിച്ചാലോ എന്ന ഭീതിയാണ് അവരെക്കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചത്.

ഒരു ഞായറാഴ്ച കുറേ ആളുകല്‍ വന്നുകൂടിയപ്പോള്‍ ഒരു വൃദ്ധന്‍ വൈദികനോടു ചോദിച്ചു. ഈ ഭഗവാന്‍ എന്താണ് അക്രമത്തിനും ദുഷ്ടതയ്ക്കും വഴങ്ങി നിസഹായനായി കുരിശില്‍ കിടക്കുന്നത്? ശക്തിയില്ലാഞ്ഞാണോ ഇങ്ങനെ?

അച്ചന്‍ പറഞ്ഞു: അതല്ല. ഭഗവാന്‍ ശക്തിയുള്ളവന്‍ തന്നെ. ബലമായിട്ടു പിടിച്ചതല്ലോ; വിട്ടുകൊടുത്തതുകൊണ്ടു പിടിച്ചതാണ്. അവിടുന്ന് ഇതിലൂടെ ഒരു കാര്യം വ്യക്തമാക്കുകയാണിവിടെ. ഞാന്‍ പാപികളേപ്പോലും സ്‌നേഹിച്ചു നല്ലവരാക്കുന്നവനാണ്. അതുകേട്ട് ആ ജനം സ്ഥലം വിട്ടു! എങ്കില്‍ ഇവിടെ വന്നില്ലങ്കിലും ഭയപ്പെടാനില്ലല്ലോ എന്നാണവര്‍ ചിന്തിച്ചത്!

ഫാ മൈക്കിള്‍ പനച്ചിക്കല്‍ വിസി

You must be logged in to post a comment Login