കരുണ ആത്മീയതലത്തില്‍ മാത്രമൊതുക്കരുത്: വിഭൂതിദിനത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം

കരുണ ആത്മീയതലത്തില്‍ മാത്രമൊതുക്കരുത്: വിഭൂതിദിനത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം

വത്തിക്കാന്‍: കരുണയെ ആത്മീയ തലത്തില്‍ മാത്രമൊതുക്കരുതെന്നും അതിനെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരണമെന്നും വിഭൂതി ദിനത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം. നമുക്കുള്ളത് മറ്റുള്ളവരോട് പങ്കുവെയ്ക്കുന്നതിലേക്ക് അതു വളരണം. ദിവ്യബലിക്കു ശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒരുമിച്ചുകൂടിയ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് പരിവര്‍ത്തനത്തിനുള്ള അവസരമാണ്. നമ്മുടെ ഹൃദയങ്ങളെ വിസ്തൃതമാക്കാം. കൂടുതല്‍ വിശാലമനസ്‌കരാകാം. കൂടുതല്‍ സ്‌നേഹമുള്ള ദൈവമക്കളാകാം. കരുണ എന്നത് ഒരു മാര്‍പാപ്പയുടെ ആശയമല്ല, അത് ബൈബിളില്‍ കൃത്യമായി പറഞ്ഞിട്ടുള്ളതാണ്. പഴയ നിയമത്തിലും ഈ കരുണയെപ്പറ്റി കൃത്യമായ സൂചനകള്‍ നല്‍കുന്നുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിച്ചു.

കരുണയുടെ ഈ വര്‍ഷത്തില്‍ എല്ലാ മനുഷ്യര്‍ക്കും തുല്യനീതി നടപ്പിലാകുന്നുണ്ടെന്ന് നാം ഉറപ്പാക്കണം. ദാരിദ്യവും അസമത്വവും ഈ ലോകത്തു നിന്നും പൂര്‍ണ്ണമായും തുടച്ചു നീക്കപ്പെടണം. ലോകത്തിലെ 80% സമ്പത്തും 20% ആളുകളിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ഈ നോമ്പുകാലത്ത് നമ്മുടെ സമ്പത്ത് ഇല്ലാത്തവനുമായി പങ്കുവെയ്ക്കുന്നതിനുള്ള വിശാലമനസ്‌കത നമുക്കുണ്ടാകണമെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

എല്ലാ ആളുകളും ഇപ്രകാരം ചോദിക്കണം: ‘ എനിക്ക് ഒരുപാട് സ്വത്തുക്കളുണ്ട്. എന്റെ സ്വത്തിന്റെ 10%, അല്ലെങ്കില്‍ 50% ഇല്ലാത്തവര്‍ക്ക് കൊടുക്കുന്നതുകൊണ്ട് എന്താണ് കുഴപ്പം?’ അപ്രകാരം ചെയ്യാന്‍ പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കും. നമ്മുടെ പോക്കറ്റിലെ പണം അവര്‍ക്കുകൂടി അവകാശപ്പെട്ടതാണ്. കരുണയുടെ ജൂബിലി വര്‍ഷം അതിനുള്ള അവസരമായി മാറട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login