കര്‍ത്താവായ ഈശോയേ നാശത്തില്‍ നിന്ന് ഇറാക്കിനെയും സിറിയായെയും രക്ഷിക്കണമേ

കര്‍ത്താവായ ഈശോയേ നാശത്തില്‍ നിന്ന് ഇറാക്കിനെയും സിറിയായെയും രക്ഷിക്കണമേ

ജോര്‍ജിയ: കല്‍ദായ അറാമിക് ഭാഷകളില്‍ അവര്‍ ആദ്യം പാട്ടുപാടി. പാട്ടിന് ശേഷം സിറിയയിലും ഇറാക്കിലും തുടര്‍ന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളും അക്രമങ്ങളും അവസാനിക്കുന്നതിനായി പ്രാര്‍ത്ഥിച്ചു. അതിന് ശേഷം പ്രാര്‍ത്ഥനയ്ക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നോട്ടു വന്നു.

മൂന്നു ദിവസത്തെ ജോര്‍ജിയ- അസൈര്‍ബൈജാന്‍ സന്ദര്‍ശനത്തിനായി എത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആദ്യ ദിനത്തിലെ അവസാനത്തെ ചടങ്ങായിരുന്നു ഈ പ്രാര്‍ത്ഥന. കല്‍ദായ കാത്തലിക് സഭാധ്യക്ഷന്‍ പാത്രിയാര്‍ക്ക ലൂയിസ് റാഫേല്‍ സാക്കോ ഒന്നാമന്റെയും കല്‍ദായ കത്തോലിക്കാസഭയിലെ മെത്രാന്മാരുടെയും സാന്നിധ്യത്തിലായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍തഥന.

കര്‍ത്താവായ ഈശോയേ അങ്ങയുടെ പീഡാസഹനങ്ങളുടെ മഹത്വത്താല്‍ ഞങ്ങളുടെ ഹൃദയങ്ങളുടെ കാഠിന്യത്തെ കീഴടക്കണമേ. വിദ്വേഷത്തില്‍ നിന്നും സ്വാര്‍ത്ഥതയില്‍ നിന്നും മോചിപ്പിക്കണമേ. അങ്ങയുടെ ഉത്ഥാനത്തിന്റെ ശക്തിയാല്‍ അനീതികള്‍ക്കു ഇരകളായി കഴിയുന്നവരെ രക്ഷിക്കണമേ.

കര്‍ത്താവായ ഈശോയേ അങ്ങയുടെ കുരിശ് ദുരിതങ്ങള്‍ അനുഭവിക്കുന്ന നിരപരാധികളായ അനേകരെ ചേര്‍ത്തുനിര്‍ത്തട്ടെ. കുട്ടികള്‍,വൃദ്ധര്‍, മതപീഡനത്തിന് ഇരകളായ ക്രൈസ്തവര്‍. അവരുടെ മുറിവുകളെ അങ്ങ് ഉണക്കണമേ

കര്‍ത്താവായ ഈശോയേ, അങ്ങയുടെ കുരിശിന്റെ നിഴല്‍ യുദ്ധമേഖലയിലെ ജനങ്ങളിലേക്ക് നല്കിയാലും. അനുരഞ്ജനത്തിന്റെയും സംവാദത്തിന്റെയും ക്ഷമയുടെയും വഴികള്‍ അവര്‍ പഠിക്കട്ടെ.

കര്‍ത്താവായ ഈശോയേ സിറിയയെയും ഇറാക്കിനെയും നാശത്തില്‍ നിന്ന് രക്ഷിക്കണമേ. ചിതറിക്കപ്പെട്ടുപോയ കുഞ്ഞുങ്ങളെ അങ്ങയുടെ രാജത്വത്തിലേക്ക് ഒന്നിപ്പിക്കണമേ. വിശ്വാസത്തിന്റെ ഐക്യവും സ്‌നേഹവും അവര്‍ക്ക് നല്കിയാലും.

ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥന അവസാനിപ്പിച്ചു.

You must be logged in to post a comment Login