കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയെ പൊന്തിഫിക്കല്‍ കൗണ്‍സില്‍ അംഗമായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു

വത്തിക്കാന്‍: സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ക്രൈസ്തവ സഭകളുടെ ഐക്യത്തിനായി പ്രവര്‍ത്തിക്കുന്ന പൊന്തിഫിക്കല്‍ കൗണ്‍സില്‍ അംഗമായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. അഞ്ചു വര്‍ഷമാണ് കൗണ്‍സിലംഗങ്ങളുടെ കാലാവധി. ഇതു കൂടാതെ കത്തോലിക്കാ സഭയുടെ വിശ്വാസ തിരുസംഘത്തിലും വിശ്വാസപരിശീലനത്തിനായുള്ള അന്താരാഷ്ട്രകൗണ്‍സിലിലും കര്‍ദ്ദിനാള്‍ ആലഞ്ചേരി നിലവില്‍ അംഗമാണ്.

കത്തോലിക്കാ സഭക്കുള്ളില്‍ത്തന്നെയും മറ്റു ക്രൈസ്തവസഭകള്‍ തമ്മിലും ഐക്യത്തിനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും പരസ്പര ചര്‍ച്ചകള്‍ക്കും സംവാദത്തിനുമുള്ള അവസരങ്ങള്‍ വളര്‍ത്തുകയും ചെയ്യുകയാണ് പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ ലക്ഷ്യം. സ്വിറ്റ്‌സര്‍ലണ്ട് സ്വദേശി കര്‍ദ്ദിനാള്‍ ഡോ.കുര്‍ട്ട് കോഹ് ആണ് സഭൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്.

വിവിധ ക്രൈസ്തവ സഭകള്‍ തമ്മിലുള്ള ഐക്യവും സഹകരണവും ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ ജോണ്‍ 23-ാം പാപ്പയാണ് സെക്രട്ടറിയേറ്റ് ഫോര്‍ പ്രൊമോട്ടിങ് ക്രിസ്ത്യന്‍ യൂണിറ്റി എന്ന സംഘടന രൂപീകരിച്ചത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ ഉരുത്തിരിഞ്ഞ ചര്‍ച്ചകളെത്തുടര്‍ന്നായിരുന്നു ഇത്. പിന്നീട് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സംഘടനയെ സഭൈക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലായി വിപുലീകരിക്കുകയായിരുന്നു.

You must be logged in to post a comment Login