കര്‍മെലമാതാവും കര്‍മെല ഉത്തരീയവും

കര്‍മെലമാതാവും കര്‍മെല ഉത്തരീയവും

220px-V.Carmen_de_Beniajan-generalമാതാവിന് എത്ര പേരുകളാണ്! ലൂര്‍ദ് മാതാവ്, ഫാത്തിമാ മാതാവ്, വേളാങ്കണ്ണി മാതാവ്, കര്‍മെല മാതാവ്. സത്യത്തില്‍ ഒരു മാതാവ് തന്നെ! പല സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, ആ സ്ഥലവുമായി ബന്ധമുള്ള പേര് ചേര്‍ത്ത് മാതാവിനെ വിളിക്കുന്നു. ഒരു പ്രത്യേക സന്ദേശവുമായി, അല്ലെങ്കില്‍ ദൗത്യവുമായി മാതാവിനെ ബന്ധപ്പെടുത്തുന്നു. കര്‍മെല മാതാവ് കാര്‍മെല്‍ മലയുമായി ബന്ധപ്പെട്ടു പരിശുദ്ധ അമ്മയ്ക്ക് കിട്ടിയ പേരാണ്. കര്‍മലീത്താസഭാക്കാരുടെ മധ്യസ്ഥയാണ് കര്‍മെല മാതാവ്. കാര്‍മെല്‍ മലയിലെ മാതാവ് എന്നാണ് ശരി. പക്ഷേ, കര്‍മല മാതാവ് എന്നും പരക്കെ അറിയപ്പെടുന്നു. കാര്‍മെല്‍ മല എന്നു ചേര്‍ത്തു വായിക്കുന്നതാവും.

കര്‍മെല മാതാവ് എങ്ങനെ കര്‍മലീത്താക്കാരുടെ മാതാവും മധ്യസ്ഥയുമായി എന്നതിനെ കുറിച്ച് ചില ഐതിഹ്യപരമായ നിരീക്ഷണങ്ങളുണ്ട്. ഏലിയായുടെ കാലത്ത്, കാര്‍മെല്‍ മലയില്‍ പ്രവാചകന്‍ സത്യദൈവത്തിന് ബലിയര്‍പ്പിച്ചപ്പോള്‍ മനുഷ്യകരത്തിന്റെ രൂപമുള്ള ഒരു മഴമേഘം വന്നുവെന്ന് ബൈബിള്‍ പറയുന്നുണ്ട്. അത് പരിശുദ്ധ മറിയത്തിന്റെ സൂചനയായിട്ട് കര്‍മലീത്താ ഐതിഹ്യങ്ങള്‍ കണക്കാക്കുന്നു. വലിയ മഴയായ ക്രിസ്തുവിന്റെ മുന്നോടിയായ മഴമേഘം. അതാണ് കര്‍മെല നാഥ. ഏലിയായുടെ കാലം തൊട്ടേ കാര്‍മെല്‍ മലയില്‍ താപസര്‍ ജീവിച്ചിരുന്നുവെന്നും വരാനിരിക്കുന്ന രക്ഷകന്റെ അമ്മയെ കാത്തിരുന്നുവെന്നുമൊക്കെ ചില നിരീക്ഷണങ്ങളുണ്ട്. സ്‌നാപകയോഹന്നാന്‍ മരുഭൂമിയില്‍ താമസിച്ചത് ഈ താപസര്‍ക്കൊപ്പമായിരുന്നുവെന്നും പറയപ്പെടുന്നു.

എന്തായാലും 12 ാം നുറ്റാണ്ടിലാണ് ചരിത്രപരമായി കര്‍മെല സഭ കര്‍മെല മാതാവിനോട് ബന്ധപ്പെടുന്നത്. കര്‍മെല മലയില്‍ ജീവിച്ചിരുന്ന ക്രൈസ്തവ താപസരായിരുന്നു ആദ്യത്തെ കര്‍മലീത്ത സഭക്കാര്‍. അവര്‍ പരിശുദ്ധ കന്യകയ്ക്കു സമര്‍പ്പിതമായൊരു ചാപ്പല്‍ തങ്ങളുടെ തപോശാലകള്‍ക്കു നടുവില്‍ പണിതീര്‍ത്തു.

പതിനഞ്ചാം നൂറ്റാണ്ടു മുതലാണ് ഏറെ ജനകീയമായ കര്‍മല ഉത്തരീയ ഭക്തി (വെന്തിങ്ങ) യുടെ ആവിര്‍ഭാവം. ഈ ഉത്തരീയം ധരിക്കുന്നവര്‍ മാതാവ് നിത്യരക്ഷ ഉറപ്പു നല്‍കിയിട്ടുണ്ട് എന്നാണ് വിശ്വാസം. വി. സൈമന്‍ സ്‌റ്റോക്ക് എന്നൊരു കര്‍മലീത്താ വിശുദ്ധന് മാതാവ് നല്‍കിയതാണ് കര്‍മല ഉത്തരീയം എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. 14 ാം നൂറ്റാണ്ടില്‍ കര്‍മലീത്ത സഭയുടെ പ്രിയോര്‍ ജനറലായിരുന്നു, സൈമന്‍ സ്‌റ്റോക്ക്. ജൂലൈ 16 ാം തീയതിയാണ് കര്‍മെല മാതാവിന്റെ തിരനാളായി ആഗോളസഭ ആചരിക്കുന്നത്.

ഉത്തരീയ തിരുനാള്‍ എന്നാണ് കര്‍മെല മാതാവിന്റെ തിരുനാള്‍ കത്തോലിക്കര്‍ക്കിടയില്‍ അറിയപ്പെടുന്നത്. തവിട്ടു നിറത്തിലുള്ളതാണ് കര്‍മലീത്താ ഉത്തരീയം. ഉത്തരീയം ധരിച്ചു മരിക്കുന്നവര്‍ മാതാവിന്റെ മധ്യസ്ഥതയാല്‍ മോക്ഷം പ്രാപിക്കും എന്നാണ് മാതാവിന്റെ ഉറപ്പ്.

ധ്യാനത്തിന്റെയും മൗനത്തിന്റെയും മാതാവാണ് കര്‍മെല മാതാവ്. കര്‍മലീത്ത അരൂപി പ്രാര്‍ത്ഥനയും ധ്യാനവുമാണല്ലോ. ആത്മീയ മാതാവായിട്ടാണ് കര്‍മലീത്താസഭക്കാര്‍ കര്‍മെല മാതാവിനെ കാണുന്നത്. എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു എന്നാണല്ലോ മറിയത്തെ കുറിച്ചു ബൈബിള്‍ പറയുന്നത്. ഈ ധ്യാനാരൂപിയാണ് കര്‍മലീത്തക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

 
ഫ്രേസര്‍

You must be logged in to post a comment Login