കര്‍ഷകരുടെ നിലവിളികള്‍ക്ക് ഉത്തരമില്ലേ?

തകര്‍ന്നടിഞ്ഞ കാര്‍ഷികമേഖലയെ ഉറ്റുനോക്കി നിരാശയുടെ നിറകണ്ണുകളുമായി കര്‍ഷകരിന്ന് നെടുവീര്‍പ്പിടുന്നു. കര്‍ഷകരുടെയും ദരിദ്രരുടെയും പക്ഷത്തുനിന്ന് ചില സാമ്പത്തിക സന്ദേഹങ്ങളുയര്‍ത്തട്ടെ.

അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ പ്രതിമാസ വരുമാനമായി ഗ്രാമപ്രദേശങ്ങളില്‍ 5270 രൂപയും നഗരപ്രദേശങ്ങളില്‍ 6770 രൂപയും ലഭിക്കുന്നില്ലെങ്കില്‍ അവരെ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ബിപിഎല്‍ കുടുംബങ്ങളായി പരിഗണിക്കപ്പെടുമല്ലോ. അങ്ങനെ 20.66 ലക്ഷം ദരിദ്രകുടുംബങ്ങളാണ് കേരളത്തിലുള്ളതെന്നാണ് അവസാനം ലഭ്യമായ കണക്കുകള്‍.

ഈ ദരിദ്രകുടുംബങ്ങളില്‍ കര്‍ഷകരെ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനുള്ള പ്രധാന കാരണം അവന്‍ ഒരേക്കറിന്റെയെങ്കിലും ഉടമസ്ഥനാണെുള്ളതാണ്. രണ്ടുഹെക്ടറില്‍ താഴെ റബര്‍കൃഷിയുള്ള 11.71 ലക്ഷം കര്‍ഷകര്‍ കേരളത്തിലുണ്ട്. അവരുടെ കൈവശം 5.53 ലക്ഷം ഹെക്ടര്‍ റബര്‍കൃഷിയുമുണ്ട്.

കാലാവസ്ഥകള്‍ അനുകൂലമെങ്കില്‍ ഒരേക്കറില്‍ നിന്നും 600 കിലോ വരെ റബര്‍ ഉല്പാദനം ഒരു വര്‍ഷം പ്രതീക്ഷിക്കാം. ഇപ്പോഴത്തെ വിലയായ 100 രൂപാവച്ച് ആകെ ലഭിക്കാവുന്നത് 60,000 രൂപ. വെട്ടുകൂലിയും പരിചരണവുമായി 32,000 രൂപ ചിലവാകും. അപ്പോള്‍ വാര്‍ഷിക വരുമാനം 28,000 രൂപ. പ്രതിമാസവരുമാനമാകട്ടെ കേവലം 2333 രൂപ മാത്രം.

റബര്‍ മുതലാളിമാരുടെ ചിലകേന്ദ്രങ്ങള്‍ വിളിച്ചാക്ഷേപിക്കുന്ന റബര്‍ കര്‍ഷകര്‍ ദാരിദ്ര്യരേഖയ്ക്കുതാഴെ മാത്രം വരുമാനം ലഭിക്കുന്നവരാണ്. നിലവിലെ വിലയില്‍ റബര്‍ കര്‍ഷകരെ ബിപിഎല്‍ കുടുംബങ്ങളാക്കേണ്ടതല്ലേ?

ഇതിലും കഷ്ടമാണ് നെല്‍കര്‍ഷകരുടെ സ്ഥിതി. ഒരേക്കര്‍ നെല്‍കൃഷിയില്‍ നിന്നും 1000 കിലോ വരെ നെല്ല് ലഭിക്കാം. നിശ്ചിത 19 രൂപ വിലപ്രകാരം ഒരു കൃഷിക്ക് ലഭിക്കുത് 19,000 രൂപ. കൃഷിച്ചെലവ് 10,000 രൂപ മുതല്‍ 12,000 രൂപ വരെ. കര്‍ഷകന്റെ അദ്ധ്വാനം വേറെ. കര്‍ഷകനു ലഭിക്കുന്ന വാര്‍ഷിക വരുമാനം 7000 മുതല്‍ 9000 രൂപ മാത്രം. പ്രതിമാസവരുമാനം ഏതാണ്ട് 700 രൂപ മാത്രം. 21.50 രൂപ ഒരു കിലോ നെല്ലിന് സംഭരണവിലയായി 2015 സെപ്തംബര്‍ 29ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. ഈ കര്‍ഷകന് എങ്ങനെ ഒരു കുടുംബത്തെ പോറ്റാനാവും?

റബറിന്റെയും നെല്ലിന്റെയും മാത്രം കാര്യമല്ല, കാര്‍ഷിക മേഖലയുടെ മൊത്തത്തിലുള്ള ഒരു ഏകദേശ ചിത്രമിതാണ്. ആരോഗ്യപൂര്‍ണ്ണമായ ഒരു കാര്‍ഷിക സംസ്‌കാരത്തിനുമാത്രമേ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് ശക്തിപകരുന്ന ആഭ്യന്തര കമ്പോളം സൃഷ്ടിക്കുവാന്‍ സാധിക്കുകയുള്ളൂ. കര്‍ഷകരെ മറുള്ള ഉദ്യോഗസ്ഥ ഭരണ രാഷ്ട്രീയ നേതൃത്വങ്ങളുടെ വികലമായ വികസന അജണ്ടകള്‍ ഭാരതത്തിന്റെ ഭക്ഷ്യഉല്പാദനത്തിലും ധാന്യഉപഭോഗത്തിലും ഇന്ന് പ്രതിഫലിച്ചിരിക്കുകയാണ്.

ഭക്ഷ്യസുരക്ഷയെക്കുറിച്ച് കൊട്ടിഘോഷിക്കുമ്പോഴും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം സ്വപ്നം മാത്രമായി നിലനില്‍ക്കുന്നു. ഗ്രാമീണ കാര്‍ഷിക മേഖലകളില്‍ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ഗണ്യമായി വെട്ടിച്ചുരുക്കിയത് കാര്‍ഷികമേഖലയില്‍ വളറെ ഗൗരവതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു.

ഭക്ഷ്യധാന്യങ്ങളുടെ പൊതുസംഭരണവും, വിതരണവും, കര്‍ഷകര്‍ക്ക് ന്യായവിലയ്ക്കുള്ള ഒരു നിശ്ചിത കമ്പോളം ഉറപ്പുവരുത്തിക്കൊണ്ടുള്ള ഉല്പാദന വര്‍ദ്ധനവിനുള്ള സാഹചര്യവും ഇന്ന് ഇല്ലാതായിരിക്കുന്നു. കര്‍ഷകര്‍ക്കുള്ള വിത്തും വളവും വന്‍തോതില്‍ വെട്ടിക്കുറച്ചതും വളം, വൈദ്യുതി തുടങ്ങിയവയ്ക്ക് ഉണ്ടായിരു സബ്‌സിഡികള്‍ പിന്‍വലിച്ചതും കാര്‍ഷികരംഗത്ത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്ഥിരതയുള്ള ഉല്പന്നകമ്പോളം നഷ്ടപ്പെടുക മാത്രമല്ല കാര്‍ഷികോല്പ വ്യാപാരത്തിലെ അന്തര്‍ദ്ദേശീയ കരാറുകളും കൈകടത്തലുകളും ഉദാരവല്‍ക്കരണവും കൂടി നമ്മെ ചതിക്കുഴിയിലുമാക്കിയിരിക്കുന്നു.

കാര്‍ഷികമേഖലയില്‍ ഇടനിലക്കാരുടെ ചൂഷണം അതിഭീകരമാണ്. സ്വന്തം ഉല്പത്തിന് വിലനിശ്ചയിക്കാന്‍ സാധിക്കാത്ത അവസ്ഥ കര്‍ഷകനു മാത്രമേയുള്ളൂ. കുരുമുളകിന്റെയും അരിയുടെയും ഏത്തക്കായുടെയും വില നിശ്ചയിക്കുന്നത് കച്ചവടക്കാരന്‍. റബറിന്റെ വിലനിശ്ചയിക്കുന്നത് വ്യവസായി. ഇതര കാര്‍ഷികോല്പന്നങ്ങളുടെ വിലനിശ്ചയിക്കുന്നതും വ്യാപാരികള്‍ തന്നെ. അതേസമയം മരുന്ന്, സിമന്റ്, ടയര്‍ എന്നുവേണ്ട കാര്‍ഷികോല്പങ്ങളൊഴിച്ച് വിപണിയിലെ എല്ലാ ഉല്പന്നത്തിന്റെയും വിലനിശ്ചയിക്കുന്നത് ഉല്പാദകനാണ്.

വന്‍വ്യവസായികളും വ്യാപാരികളുമടങ്ങു ഈ ഉല്പാദകകൂട്ടായ്മയുടെ സംഘടിതശക്തിക്കുമുന്നില്‍ ഭരണസംവിധാനങ്ങള്‍ മുട്ടുമടക്കിയിരിക്കുമ്പോള്‍ കര്‍ഷകനെങ്ങനെ രക്ഷപെടും? വിലപേശി സംസാരിക്കുവാന്‍ കര്‍ഷകനാകുമ്പോഴേ അവന്റെ വിയര്‍പ്പിന് വിലകിട്ടുകയുള്ളൂ.

കൃഷി ചെയ്യാന്‍ വായ്പകളും സബ്‌സിഡിയും പ്രഖ്യാപിച്ച് കാര്‍ഷിക സംസ്‌കാരത്തിലേയ്ക്ക് ഒരു ജനവിഭാഗത്തെ മുഴുവന്‍ ഇറക്കിവിട്ടതിനുശേഷം പ്രതിസന്ധികളുണ്ടാകുമ്പോള്‍ അവരെ സഹായിക്കാന്‍ ധാര്‍മ്മിക ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ ഒളിച്ചോടുന്നത് ശരിയായ നടപടിയല്ല. ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും വര്‍ഷംതോറും സാമ്പത്തിക വര്‍ദ്ധനവ് ഏര്‍പ്പെടുത്തുന്ന ഭരണനേതൃത്വങ്ങള്‍ പ്രവര്‍ത്തനവൈകല്യം മൂലം സാമ്പത്തിക തകര്‍ച്ച നേരിടുന്ന സര്‍ക്കാര്‍വക സ്ഥാപനങ്ങളുടെയും കമ്പനികളുടേയും ബോര്‍ഡുകളുടേയും കടങ്ങളും നഷ്ടങ്ങളും എഴുതിത്തള്ളുമ്പോള്‍ ഇടനാട്ടിലും മലയോരങ്ങളിലുമുള്ള പാവപ്പെട്ട കര്‍ഷകരെയും, തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളെയും സാധാരണക്കാരെയും നിര്‍ദ്ദയം അവഗണിക്കുതും കടുത്ത നികുതിഭാരം അടിച്ചേല്‍പ്പിക്കുതും അനീതിയാണ്.

സാമ്പത്തിക പ്രതിസന്ധിമൂലം കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന അതിദാരുണമായ സ്ഥിതിവിശേഷം സംജാതമായിരിക്കുതിനെ അധികാരകേന്ദ്രങ്ങള്‍ നിസാരവല്‍ക്കരിച്ചുകാണരുത്. കാര്‍ഷിക പ്രതിസന്ധി അതിരൂക്ഷമാണെങ്കിലും ആത്മഹത്യയില്‍ നിന്ന് കര്‍ഷകര്‍ പിന്തിരിയണം. കടക്കെണിയിലായി ജപ്തിഭീഷണി നേരിടുന്ന കര്‍ഷകര്‍ ഇന്‍ഫാമുമായി ബന്ധപ്പെട്ടാല്‍ നിയമസഹായമുള്‍പ്പെടെ തുടര്‍ക്രമീകരണങ്ങള്‍ ഇന്‍ഫാം ചെയ്യുന്നതാണ്
എക്കാലവും ചൂഷണത്തിന് വിധേയമായിരിക്കുന്ന കര്‍ഷകര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നവര്‍ക്കും എല്ലാം നഷ്ടപ്പെടുന്ന സാഹചര്യത്തിലും നിരന്തരം വഞ്ചിക്കപ്പെടുന്ന അവസ്ഥയിലും സംഘടിച്ചുമുേന്നറുവാനും നെഞ്ചുനിവര്‍ത്തിനിന്ന് പ്രതികരിക്കുവാനും സാധിക്കണം.

റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിക്കാനും അഭ്യന്തര ഉപയോഗം വര്‍ദ്ധിപ്പിക്കുവാനും, വിലയിടിവില്‍ റബര്‍ സംഭരിക്കുവാനും സര്‍ക്കാരുകള്‍ മടിച്ചുനില്‍ക്കുന്നത് ദുഃഖകരമാണ്. സമാനപ്രതിസന്ധി നേരിടുന്ന ഏലമുള്‍പ്പെടെയുള്ള വിവിധ നാണ്യവിളകളുടെ പ്രശ്‌നങ്ങളിലും സര്‍ക്കാര്‍ ഇടപെടലുകള്‍ അനിവാര്യമാണ്. കര്‍ഷകര്‍ക്കെതിരെയുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിക്കണം. വിളകള്‍ക്ക് ഉല്‍പ്പാദനച്ചിലവിന്റെ ഇരട്ടി തുകയെങ്കിലും ലഭിക്കത്തക്കവിധത്തില്‍ വിലസ്ഥിരത ഉറപ്പ് വരുത്തണം. സംസ്ഥാന സര്‍ക്കാര്‍ പതിന്മടങ്ങായി വര്‍ദ്ധിപ്പിച്ചിരിക്കുന്ന ഭൂനികുതി പിന്‍വലിക്കണം. പശ്ചിമഘട്ടത്തിലെ കര്‍ഷകരുള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. കര്‍ഷകരുടെ ഭൂമിക്ക് ഉപാധിരഹിത പട്ടയം ലഭ്യമാക്കണം. മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കു തീരദേശവാസികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണം.

ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ സമിതികളുടെയും മീനാകുമാരി കമ്മീഷന്റെയും റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മലയോര തീരദേശ മേഖലകളിലെ ജനങ്ങളിലുടലെടുത്തിരിക്കുന്ന ആശങ്കകള്‍ പരിഹരിക്കപ്പെടണം. മേല്‍സൂചിപ്പിച്ച ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ കര്‍ഷകര്‍ സംഘടിച്ചേ പറ്റൂ.

 

ഷെവ. അഡ്വ.വി.സി.സെബാസ്റ്റ്യന്‍

You must be logged in to post a comment Login