കലഹവും അത്യാര്‍ത്തിയും ഉപഭോഗസംസ്‌കാരവും കുടുംബങ്ങളെ തകര്‍ക്കുന്നു: മാര്‍പാപ്പ

കലഹവും അത്യാര്‍ത്തിയും ഉപഭോഗസംസ്‌കാരവും കുടുംബങ്ങളെ തകര്‍ക്കുന്നു: മാര്‍പാപ്പ

topicകലഹവും അത്യാര്‍ത്തിയും ഉപഭോഗസംസ്‌കാരവും കുടുംബന്ധങ്ങളുടെ ഭദ്രതയെ തകര്‍ക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ. ദാരിദ്യത്തിന്റെ അമ്മമാരാണ് ഈ തിന്‍മകള്‍. ദാരിദ്യത്തിനിടയില്‍ പോലും കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാണെങ്കില്‍ അവിടെ സന്തോഷമുണ്ടാകുമെന്നും മാര്‍പാപ്പ പറഞ്ഞു. ഇന്നലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ അര്‍പ്പിച്ച ദിവ്യബലിയിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്. കുടുംബബന്ധങ്ങളുടെ ഊഷ്മളതയെക്കുറിച്ചു സംസാരിക്കുന്നതിനിടയിലാണ് കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും മാര്‍പാപ്പ സൂചനകള്‍ നല്‍കിയത്. കലഹം നമ്മുടെ ജീവിതങ്ങളെയും ആത്മാവിനെയും വിഴുങ്ങുന്നു. കഷ്ടപ്പാടുകള്‍ക്കിടയിലും പരസ്പരബന്ധത്തിലധിഷ്ഠിതമായ കുടുംബജീവിതം നയിക്കുന്നവരെ മാര്‍പാപ്പ അഭിനന്ദിച്ചു.

കുടുംബങ്ങളാണ് നല്ല സമൂഹത്തെയും വ്യക്തികളെയും വാര്‍ത്തെടുക്കുന്നത്. കുടുംബങ്ങളാകുന്ന മൂലക്കല്ല് തകര്‍ന്നാല്‍ മറ്റുള്ളവയും അതോടൊപ്പം ഇല്ലാതാകും. വ്യക്തികളുടെ സന്തോത്തെക്കാളുപരി കുടുംബത്തിന്റെ മൊത്തം സന്തോഷത്തിനാണ് നാം ഊന്നല്‍ കൊടുക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇന്ന് മറിച്ചാണ് സംഭവിക്കുന്നത്. ഇത് ഗുരുതരമായ പ്രശ്‌നമാണ്. ദാരിദ്യം ഇല്ലാതാക്കുക എന്നാല്‍ വിശപ്പ് ഇല്ലാതാക്കുക എന്നതു മാത്രമല്ല ഉദ്ദേശിക്കുന്നത്. തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയെല്ലാം അതോടൊപ്പെ മെച്ചപ്പെടണമെന്നും മാര്‍പാപ്പ പറഞ്ഞു. മാധ്യമങ്ങളാണ് തെറ്റായ ഉപഭോഗസംസ്‌കാരം വളര്‍ത്തുന്നത് എന്നതിനാല്‍ ഇവ വിവേകപൂര്‍വ്വം ഉപയോഗിക്കണം. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഇല്ലാതാക്കണമെന്നും ലളിതജീവിതം പ്രാവര്‍ത്തികമാക്കണമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login