കല്യാണ വിരുന്നില്‍ തേക്കിന്‍ തൈ വിതരണം

കല്യാണ വിരുന്നില്‍ തേക്കിന്‍ തൈ വിതരണം

കാഞ്ഞങ്ങാട്: ഒരു മരം നടുമ്പോള്‍ ഒരു തണല്‍ നടുകയാണ് എന്ന് വിനില്‍ ജോസഫിന് നന്നായിട്ടറിയാം. കാരണം ചെറുപ്പം മുതല്‍ക്കേ പ്രകൃതിയുമായി അടുത്ത് ഇടപഴകി ജീവിച്ചുവന്ന ഒരു പരിസരമായിരുന്നു വിനിലിന് ഉണ്ടായിരുന്നത്. മരങ്ങളും പ്രകൃതിയും ആ ജീവിതത്തിന്റെ തൊട്ടയല്‍ക്കാര്‍ തന്നെയായിരുന്നു.

മനുഷ്യന്‍ തന്റെ സ്വാര്‍ത്ഥയ്ക്ക് വേണ്ടി നടത്തുന്ന വനനശീകരണം വിനിലിനെ എന്നും വേദനിപ്പിക്കുകയും ചെയ്തിരുന്നു. തന്റെ പ്രകൃതി സ്‌നേഹം വെറും വാക്കിലൊതുക്കാതെ ലോകത്തോട് മുഴുവന്‍ വിളിച്ചുപറയാന്‍ വിനില്‍ തിരഞ്ഞെടുത്ത ദിവസമായിരുന്നു ഇന്നലെ. ഇന്നലെ വിനിലിന്റെ വിവാഹമായിരുന്നു. വിവാഹവിരുന്നില്‍ പങ്കെടുത്തവര്‍ക്കെല്ലാം വിനില്‍  വിഭവസമൃദ്ധമായ സദ്യക്ക് ശേഷം നല്കിയത് നിലമ്പൂര്‍ തേക്കിന്‍ തൈ.

സാധാരണയായി വധൂവരന്മാരുടെ അച്ചടിച്ച ഫോട്ടോയ്‌ക്കൊപ്പം മിഠായി വിതരണം ചെയ്യുകയാണല്ലോ പതിവ്. അതിന് പകരമായാണ് വിനില്‍ തേക്കില്‍ തൈ നല്കിയത്.

തേക്കിന്‍ തൈ എങ്ങനെയാണ് നട്ടുവയ്‌ക്കേണ്ടത് എന്നതിന്റെ ചെറിയ വിവരണം പ്രിന്റ് ചെയ്ത കടലാസോടെ ചെറിയ കവറിനുള്ളില്‍ വച്ചായിരുന്നു വിനില്‍ തേക്കിന്‍ തൈ വിതരണം ചെയ്തത്. കാസര്‍ ഗോഡ് കള്ളാര്‍ സെന്റ് തോമസ് ക്‌നാനായ ദേവാലയത്തില്‍ വച്ചായിരുന്നു വിവാഹം. വധു മായ. കണ്ണൂര്‍ ദീപികയില്‍ സബ് എഡിറ്ററാണ് വിനില്‍.

വിനിലിന്റെ മാതൃക വിവാഹത്തില്‍ പങ്കെടുത്ത പലരെയും ആകര്‍ഷിച്ചു. തന്റെ വിവാഹത്തിനും ഇതുപോലെ തേക്കിന്‍ തൈകള്‍ വിതരണം ചെയ്യണമെന്ന് തീരുമാനിച്ചുറപ്പിച്ചാണ് പല യുവജനങ്ങളും വിവാഹ ആഘോഷങ്ങള്‍ക്ക് ശേഷം മടങ്ങിയത്.

വിവാഹചടങ്ങില്‍ പങ്കെടുത്തവരെല്ലാം ആ തേക്കിന്‍ തൈകള്‍ നട്ടുപിടിപ്പിച്ചാല്‍ നമ്മുടെ പ്രകൃതി കൂടുതല്‍ മനോഹരിയാകുമെന്ന് മാത്രമല്ല നമ്മള്‍ ഭാവിയില്‍ വലിയൊരു സമ്പത്തിന് ഉടമയാകുക കൂടിയാണ് ചെയ്യുന്നത്. വ്യത്യസ്തമായ ജീവിതവീക്ഷണം കൊണ്ട് മാതൃക കാട്ടിയ വിനിലിനും മായയ്ക്കും ഹൃദയവയലിന്റെ പ്രാര്‍ത്ഥനാമംഗളങ്ങള്‍.

ബി

You must be logged in to post a comment Login