കളിമണ്ണില്‍ കുട്ടിക്കിനാവുകള്‍ വിടര്‍ന്നപ്പോള്‍…

കളിമണ്ണില്‍ കുട്ടിക്കിനാവുകള്‍ വിടര്‍ന്നപ്പോള്‍…

കളിമണ്ണില്‍ കുശവന്മാരെ പോലെ പൂപ്പാത്രങ്ങള്‍ നിര്‍മിക്കുന്ന കുരുന്നുകള്‍… പൂപ്പാത്രങ്ങള്‍ മാത്രമല്ല, ഗ്ലാസുകളും, കപ്പുകളും ഉരുളിയുമെല്ലാം കുശവന്റെ ചക്രത്തില്‍ നിന്നും പൂവിരിയും പോലെ വിടര്‍ന്ന വന്നു.

cl 1സ്ഥലം വൈപ്പിന്‍ ദ്വീപിലെ പെരുമാള്‍പ്പടി ഇടവകയിലാണ് അപൂര്‍വമായ ഈ അവധിക്കാല കോഴ്‌സിന് വേദിയൊരുങ്ങിയത്. വ്യത്യസ്തമായ സംരംഭങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധേയനായ ഇടവക വികാരി ഫാ. കാപ്പിസ്റ്റന്‍ ലോപ്പസാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഈ അവധിക്കാല പരിപാടിക്കു പിന്നില്‍. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ സുചീന്ദ്രന്‍ മാഷാണ് കളിമണ്ണിലെ വിദ്യകള്‍ പരിശീലിപ്പിക്കാനെത്തിയത്.

ഹാളിലെ നിലത്ത് വിരിച്ചിട്ട വാര്‍ത്താ പത്രങ്ങളില്‍ ഓരോ കുട്ടിയുടെയും മുന്നില്‍ കളിമണ്ണ് നിരന്നു. കുരുന്നു ഭാവന വിടര്‍ന്നപ്പോള്‍ പെരുമാള്‍പ്പടി പള്ളിയുടെ അനുബന്ധ ഹാളായ ഗ്രീന്‍ പാസ്റ്റേഴ്‌സ് കളിമണ്ണില്‍ കവിത വിരിയുന്ന ഏദന്‍ തോട്ടമായി…ജിവശ്വാസമൊഴികെ പ്രപഞ്ചത്തിലെ രൂപങ്ങളെല്ലാം വന്നു നിരന്നു. ചരിത്രാതീത കാലത്തിലെ ദിനോസോറുകള്‍ മുതല്‍ കിടന്നുറങ്ങുന്ന നായ്ക്കുട്ടിയും ആമകളും പക്ഷികളും അരയന്നവും ഒച്ചുകളും കിണറും തോണിയും കപ്പലുമെല്ലാം കളിമണ്‍ ശില്പങ്ങളായി. കുട്ടികള്‍ കളിമണ്ണില്‍ നിര്‍മിച്ച ശ്ില്പങ്ങള്‍ കോഴ്‌സ് തീരുന്ന മൂന്നാം ദിവസം 27ന് അവരുടെ കൈവശം കൊടുത്തു വിടാനാണ് സംഘാടകരുടെ പദ്ധതി.

രണ്ടാം ദിവസം (26 ഏപ്രില്‍) ഇലച്ചിത്രം. ഉണങ്ങിയ ഇലകളും കളര്‍ മാഗസിനുമെല്ലാം കലയുടെ അസംസ്‌കൃത വസ്തുക്കളാകുന്ന ദിനമാണിന്ന്. ഉണങ്ങിയ ഇലകള്‍ കൊണ്ടുള്ള ചിത്രങ്ങളും മാഗസിനുകളിലെ ചിത്രങ്ങളും വാര്‍ത്താ ചിത്രങ്ങളുമെല്ലാം വെട്ടിയൊട്ടിച്ച് കൊളാഷുകള്‍ രൂപപ്പെടുത്തുന്ന വിദ്യ പങ്കുവയ്ക്കുന്നത് രാജീവ്.

clay 4പാഴ് വസ്തുക്കളില്‍ നിന്നും മനോഹരമായ കലാഭംഗികള്‍ തീര്‍ക്കുന്ന പാഴ്്മുള മൂന്നാം ദിവസമായ ഏപ്രില്‍ 27ന്. പാഴ്മുളയില്‍ കുട്ടികളെ നയിക്കുന്നത് സുബിത്ത്. പഴയ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ തുടങ്ങി ഉപയോഗ ശൂന്യമെന്ന് നാം ധരിക്കുന്ന എന്തും ഈ കലയക്ക് ഇന്ധനമാകുന്നു. വിടര്‍ന്നു വരുന്നതോ, അനുപമ കലാഭംഗികളും!

കുട്ടികളുടെ ഭാവനയെ ഉണര്‍ത്തുക, പ്രകൃതിയോടുള്ള സ്‌നേഹം വളര്‍ത്തുക, പാഴാക്കി കളയാതെ പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം ഈ അവധിക്കാല കോഴ്‌സിന് പിന്നിലുണ്ട്. ഒരു മൂല്യമാണ് കുട്ടികളുടെ മനസ്സിലേക്ക് പകര്‍ന്നു കൊടുക്കുന്നത്. പ്രപഞ്ചത്തിലെ വിസ്മയങ്ങളിലേക്ക് മിഴിയും മനസ്സും തുറക്കാന്‍. മണ്ണിനോട് ബന്ധമുള്ളവരാകാന്‍…

 

ഫ്രേസര്‍

You must be logged in to post a comment Login