കള്ളനെന്ന് മുദ്ര കുത്തപ്പെട്ട വിശുദ്ധന്‍

കള്ളനെന്ന് മുദ്ര കുത്തപ്പെട്ട വിശുദ്ധന്‍

St_Vincent_de_Paul

മകന്‍ വിന്‍സെന്റിനെ വൈദികനാക്കാന്‍ ആ മാതാപിതാക്കള്‍ തീരുമാനിച്ചതിന് പിന്നില്‍ ചില സ്വാര്‍ത്ഥ താല്പര്യങ്ങളുമുണ്ടായിരുന്നു. നന്നേ ദരിദ്രരായ തങ്ങളുടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ മകന്‍ വൈദികനാകുന്നതിലൂടെ സാധിക്കുമെന്ന് ആ മാതാപിതാക്കള്‍ വിചാരിച്ചു.

ചില ലൗകികതാല്പര്യങ്ങള്‍ മകനിലുമുണ്ടായിരുന്നു. വൈദികപരിശീലനകാലഘട്ടത്തിന്റെ വിവിധ ഘട്ടങ്ങള്‍. ഒടുവില്‍ വിന്‍സെന്റ് വൈദികനായി. പക്ഷേ ദൈവം കരുതിവച്ചത് മറ്റൊരു വിധവും മറ്റൊരു വഴിയുമായിരുന്നുവെന്ന് മാത്രം. ഇത് ഇന്ന് തിരുസഭ തിരുനാള്‍ ആഘോഷിക്കുന്ന വിന്‍സെന്റ് ഡി പോളിന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രം.
ഫ്രാന്‍സിലെ പോ എന്ന ചെറുഗ്രാമത്തില്‍ 1581 ല്‍ ജീന്‍ പോളിന്റെയും ബെട്രാന്റിന്റെയും മകനായിട്ടായിരുന്നു വിന്‍സെന്റിന്റെ ജനനം.  നന്നേ ചെറുപ്പം മുതല്‍ക്കേ ദരിദ്രരോടും അനാഥരോടും പക്ഷം പിടിക്കാനും അവരെ സഹായിക്കാനും സന്നദ്ധമായ മനസ്സായിരുന്നു വിന്‍സെന്റിന്റേത്. വീട്ടാവശ്യത്തിന് വേണ്ടി പൊടിച്ചുകൊണ്ടുവന്ന ധാന്യം മുഴുവന്‍ ദരിദ്രര്‍ക്ക് വിതരണം ചെയ്തതുപോലെയുള്ള നിരവധി സംഭവങ്ങള്‍ ആ ജീവിതത്തിലുണ്ടായിട്ടുണ്ട്. കുടുംബത്തെക്കുറിച്ചുള്ള അതിരുകടന്ന ചിന്തയാണ് പുരോഹിതനായപ്പോഴും സമ്പത്തിന്റെ പുറകെപായാന്‍ വിന്‍സെന്റിനെ ഒരു പരിധിവരെ പ്രേരിപ്പിച്ചത്. എന്നാല്‍ ദൈവത്തിന് തന്നെക്കുറിച്ചുള്ള പദ്ധതി അതല്ലെന്ന് തിരിച്ചറിയാന്‍ വളരെ പെട്ടെന്ന് തന്നെ സാധിച്ചതുകൊണ്ട് കൂടുതല്‍ അപകടങ്ങളിലേക്ക് ഫാ. വിന്‍സെന്റ് പ്രവേശിച്ചില്ല.

വിശുദ്ധന്റെ ജീവിതത്തെ ആകെപിടിച്ചുകുലുക്കിയ ഒരു സംഭവം നടന്നത് 1910 ല്‍ ആയിരുന്നു. അക്കാലത്ത് വിന്‍സെന്റും സോറിലെ ന്യായാധിപനും ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹം പുറത്തുപോയപ്പോള്‍ വിന്‍സെന്റ് സുഖമില്ലാതെ കിടക്കുകയായിരുന്നു. ന്യായാധിപന്റെ അലമാര പൂട്ടാതെയാണ് പോയിരുന്നതും. വിന്‍സെന്റിന് മരുന്നുമായി വന്ന കുട്ടി അലമാര തുറന്ന് പണമെടുത്തു. ഇത് വിന്‍സെന്റ് അറിഞ്ഞില്ല. ന്യായാധിപന്‍ തിരികെ വന്നപ്പോള്‍ പണം മോഷ്ടി്ക്കപ്പെട്ടതായി കണ്ടെത്തി. സ്വഭാവികമായും അദ്ദേഹം വിന്‍സെന്റിനെ സംശയിച്ചു. ഞാന്‍ എടുത്തിട്ടില്ല. ആരെങ്കിലും എടുക്കുന്നതായി കണ്ടതുമില്ല എന്നായിരുന്നു വിന്‍സെന്റിന്റെ മറുപടി. പക്ഷേ അതൊന്നും ന്യായാധിപന്‍ മുഖവിലയ്‌ക്കെടുത്തില്ല. വിന്‍സെന്റിനെ കളളന്‍ എന്ന് അയാള്‍ മുദ്രകുത്തി.

ദൈവം സത്യം അറിയുന്നു എന്നായിരുന്നു വിന്‍സെന്റ് പറഞ്ഞത്. എന്തായാലും അധികം വൈകാതെ സത്യം തിരിച്ചറിയുകയും ന്യായാധിപന്‍ മാപ്പ് ചോദിക്കുകയും ചെയ്തു. ഈ സംഭവം വിശുദ്ധിയിലേക്കുള്ള  പുതിയൊരു  ചുവടുവയ്പ്പായി മാറുകയായിരുന്നു.

പതിനേഴാം നൂറ്റാണ്ടില്‍ ഫ്രാന്‍സിന് സംഭവിച്ച ധാര്‍മ്മിക അപചയമാണ് വിന്‍സെന്റിനെ അനാഥക്കുഞ്ഞുങ്ങളുടെ പരിപാലകനും സംരക്ഷനുമാക്കിമാറ്റിയത്. കുഞ്ഞുങ്ങളെ കുരുതിക്കൊടുക്കുന്നതും വിഷം നല്കി കൊലപ്പെടുത്തുന്നതും അന്നത്തെ രീതിയായിരുന്നു.ഈ സാഹചര്യത്തില്‍ അനാഥക്കുഞ്ഞുങ്ങളുടെ സംരക്ഷണം വിന്‍സെന്റ് ഏറ്റെടുത്തു

. ഒരുനാള്‍ അദ്ദേഹം കൊളളക്കാരുടെ കയ്യില്‍പെട്ടു. അദ്ദേഹത്തിന്റെ ഭാണ്ഡം ബലമായി തുറന്നുനോക്കിയ അവര്‍ കണ്ടത് അതില്‍ ഒരു പിഞ്ചുകുട്ടിയെയായിരുന്നു.! ഏകദേശം നാല്പതിനായിരം കുട്ടികളെയാണ് ജീവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ തന്നെ വിന്‍സെന്റ് ഡി പോള്‍ രക്ഷിച്ചെടുത്തിട്ടുള്ളത്. വിശുദ്ധ ഫ്രാന്‍സിസ് സാലസും വിന്‍സെന്റ് ഡി പോളും സമകാലീകരായിരുന്നു.

ശക്തമായ തലവേദനയില്‍ പിടയുകയായിരുന്ന വിന്‍സെന്റിന് വൈദ്യന്‍ നിര്‍ദ്ദേശിച്ച മരുന്ന് പ്രാവിന്റെ രക്തമായിരുന്നു. പക്ഷേ പരിശുദ്ധാത്മാവിന്റെ പ്രതീകമായ പ്രാവിനെ തന്റെ രോഗസൗഖ്യത്തിന് വേണ്ടി കൊല ചെയ്യുവാന്‍ വിന്‍സെന്റ് തയ്യാറായിരുന്നില്ല.

1660 സെപ്തംബര്‍ 27 നാണ് ഫാ.വിന്‍സെന്റ് ഡി പോള്‍ സ്വര്‍ഗ്ഗപ്രാപ്തനായത്. 1737 ജൂണ്‍ 15 ന് ക്ലമന്റ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ വിന്‍സെന്റിനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തി.

You must be logged in to post a comment Login