കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍ കുഞ്ഞ്

ചിന്താമൃതം: 5  

കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍ കുഞ്ഞാണെന്നല്ലോ ചൊല്ല്. ലോകത്തുള്ള മറ്റെന്തിനെക്കാളും അമ്മയ്ക്ക് പ്രിയപ്പെട്ടത് തന്റെ കുഞ്ഞ് തന്നെയായിരിയ്ക്കും. കുഞ്ഞിന് വേണ്ടി എത്ര വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമാകാന്‍ തയ്യാറാകുന്ന അമ്മമാരുണ്ട്.

എന്നാല്‍ ചൈനയില്‍ കഴിഞ്ഞ ദിവസം ബിഎംഡബ്‌ള്യൂ കാറിനുള്ളില്‍ കുടുങ്ങിയ കുഞ്ഞിന്റെ അമ്മ ഇത്തരം സ്‌നേഹമയിമാരായ അമ്മാര്‍ക്ക് നേര്‍ വിപരീതമായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ കാറിന്റെ ചില്ല് പൊട്ടിയ്ക്കണമെന്ന് പറഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചാലും സാരമില്ല, കാറിന് കേടൊന്നും പറ്റരുതെന്നായിരുന്നു അമ്മയുടെ നിലപാട്.

പിറന്ന വീണ ഉടനെ; ചോരപ്പാടുകൾ മാറും മുൻപേ കുഞ്ഞുങ്ങളെ കുപ്പ തൊട്ടിയിലും, വഴിവക്കിലുമൊക്കെ ഉപേക്ഷിച്ചു രക്ഷപെടുന്ന അമ്മമാരുടെ എണ്ണം ഇന്ന് കൂടിക്കൊണ്ടിരിക്കുന്നു. അതിലും ദാരുണമായ പലതും നമ്മുടെ നാട്ടിൽ നടക്കുന്നു, നൊന്ത് പ്രസവിച്ച പുന്നാര മകളെ വിഭിചാരം ചെയ്യാൻ പ്രേരിപ്പിക്കുന്ന അവരുടെ ശരീരം വിറ്റ് ജീവിതം ആസ്വദിക്കുന്ന അപ്പനമ്മമാരുടെ എണ്ണവും ഇന്ന് പെരുകികൊണ്ടിരിക്കുന്നു.

അമ്മ എന്ന വാക്കിനുപോലും അമ്മിഞ്ഞ പാലിനെക്കളും മാധുര്യവും, അമ്മയെ സ്നേഹത്തിന്റെ പര്യയായമെന്നൊക്കെ വിശേഷിപ്പിച്ച നമുക്കെന്തേ ഇത്ര പെട്ടന്നിങ്ങനെ ഒരു മാറ്റം.

പട്ടികുട്ടിയെ തോളിലും, സ്വന്തം കുഞ്ഞിനെ ഉന്തു വണ്ടിയിൽ തള്ളി കൊണ്ടും നടക്കുന്ന പാശ്ചാത്യ സംസ്കാരം അമ്മയ്ക്ക് കുഞ്ഞിനോടുള്ള ഹൃദയ ബന്ധത്തെ കശാപ്പു ചെയ്തോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. അമ്മയുടെ മാറിലെ ചൂടേ ലക്കാൻ പോലും ഭാഗ്യമില്ലാത്ത കുരുന്നുകൾ. ഇങ്ങനെയുള്ള തലമുറ വളർന്നു വരുമ്പോൾ അമ്മ പെങ്ങന്മാരെ തിരിച്ചറിയാൻ പറ്റാത്ത വിധം അവർ അന്ധരായി മാറിയാലും അൽഭുതപ്പെടാനില്ല,

ബൈബിളിൽ മനോഹരമായ ഒരു വചനമുണ്ട്. ഏശയ്യാ പ്രവാചകൻ ഇങ്ങനെ എഴുതി വച്ചിരിക്കുന്നു. “മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല. (49/15)

ആദ്യമൊക്കെ ഈ വചനം വായിക്കുമ്പോൾ ദൈവത്തിനു തെറ്റ് പറ്റിയോ എന്ന് തോന്നിയിട്ടുണ്ട്. അവൾ മറന്നാലും……….അവൾ ……അമ്മ മറക്കുമോ? ഏതെങ്കിലും അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ മറക്കാനാകുമോ?. ദൈവത്തിന്റെ വചനം മാറ്റമില്ലാ ത്തതാണെന്നു കാലം തെളിയിച്ചു.

അമ്മമാർ സ്നേഹിക്കാത്ത എല്ലാ മക്കളേയും സ്നേഹിക്കുന്ന എന്റെ ദൈവത്തിന്റെ സന്നിധിയിൽ അവർക്കായി ഞാൻ പ്രർത്ഥിക്കുന്നു.

 

 

ജോ കാവാലം

You must be logged in to post a comment Login