കാക്കി അഴിച്ചു; കറുത്ത കോട്ടിട്ടു

കാക്കി അഴിച്ചു; കറുത്ത കോട്ടിട്ടു

ഇതിനെ സ്വപ്‌നം പോലെ എന്ന് പറയാനാവില്ല. കാരണം സ്വപ്‌നത്തെക്കാള്‍ ശക്തമാണ് യാഥാര്‍ത്ഥ്യം. അതിനെ സാക്ഷാത്കരിക്കാനായിരുന്നു കുട്ടുകാട് പുളിക്കത്തറ ഫ്രാന്‍സീസിന്റെയും മേരിയുടെയും മകനായ ജോണ്‍ പോളിന്റെ എന്നത്തെയും ശ്രമം. ആ ശ്രമത്തിന്റെ സാക്ഷാത്ക്കാരമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഓട്ടോ ഓടിച്ച് പഠനത്തിന് പണം കണ്ടെത്തിയിരുന്ന ജോണ്‍ പോള്‍ ഇന്ന് അഭിഭാഷകനാണ്.

ചെറുപ്പം മുതല്‍ക്കേ ജോണ്‍ പോളിന്റെ മനസ്സില്‍ ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. വക്കീലാകുക. പക്ഷേ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി അത്ര ഭേദമായിരുന്നില്ല. കയര്‍ തൊഴിലാളിയായ പിതാവ് എട്ടുവര്‍ഷം മുമ്പ് മരിച്ചു. പിന്നെ കെഎസ്ഇബി ഉദ്യോഗസ്ഥനായ സഹോദരന്‍ ബെന്നിയുടെ വരുമാനത്തിലായിരുന്നു കുടുംബം മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്നത്.

ജീവിതത്തിലെ ഇത്തരം പ്രതികൂലസാഹചര്യങ്ങളിലും പഠിക്കണമെന്നും വക്കീലാകണമെന്നും ജോണ്‍ ആഗ്രഹിച്ചു. നെറ്റിയിലെ വിയര്‍പ്പ് കൊണ്ട് ജീവിക്കണമെന്ന ആഗ്രഹമാണ് പഴയൊരു ഓട്ടോറിക്ഷാ വാങ്ങാന്‍ പ്രേരിപ്പിച്ചത്. അദ്ധ്വാനിച്ചു പഠിക്കണമെന്ന ആഗ്രഹം ഓട്ടോ ഓടിച്ചുകിട്ടുന്ന കാശുകൊണ്ട് എല്‍എല്‍ബി ക്ക് ചേരാന്‍ കാരണമായി.

തൃശൂര്‍ ഗവ. ലോകോളജിലായിരുന്നു പ്രവേശനം കിട്ടിയത്. ദിവസവും കോളജില്‍ പോയി തിരിച്ചെത്തിയാലുടന്‍ ഓട്ടോയോടിക്കാന്‍ പോകും. രാത്രി പത്തുമണിവരെ വണ്ടി ഓടിക്കും. ഒഴിവുദിവസങ്ങളിലും ഓട്ടോ ഓടിക്കാന്‍ പോകും. ഇങ്ങനെ അദ്ധ്വാനിച്ചു പഠിച്ചുനേടിയ ഈ വിജയത്തിന് മാറ്റേറെയാണ്. ഫസ്റ്റ് ക്ലാസോടെയാണ് എല്‍എല്‍ബി പാസായത്.

പറവൂര്‍ കോടതിയില്‍ ക്രമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാണ് ജോണ്‍ പോള്‍ ആഗ്രഹിക്കുന്നത്.

You must be logged in to post a comment Login