കാടും കുന്നും കയറിയിറങ്ങുന്ന ഒരു ബിഷപ്പ്!

കാടും കുന്നും കയറിയിറങ്ങുന്ന ഒരു ബിഷപ്പ്!

bishopdon-bridgeട്രാഫിക്ക് ബ്ലോക്കിനെ കുറിച്ച് പരാതി പറയുന്ന നാം ന്യൂ പപ്പുവ ഗ്വിനിയയിലെ ബിഷപ്പ് ഡൊണാള്‍ഡ് ലിപ്പര്‍ട്ടിനെ കണ്ടു പഠിക്കണം! ഒടിഞ്ഞുവീഴാറായ ഒരു കാല്‍നടപ്പാലം കടന്നു മലമുകളിലുള്ള സ്വന്തം രൂപതയായ മെന്‍ഡിയിലേക്ക് യാത്ര ചെയ്യുന്ന ഫ്രാന്‍സിസ്‌കന്‍ കപ്പുച്ചിന്‍ സഭാംഗമായ ബിഷപ്പ് ലിപ്പര്‍ട്ടിന്റെ യാത്ര ട്വിറ്ററില്‍ കണ്ട് ജനം വിസ്മയിച്ചു.

കാറില്‍ യാത്ര ചെയ്യുന്ന മെത്രാന്മാരെ കണ്ടു പരിചയിച്ചവരുടെ ധാരണ തിരുത്തിക്കുറിക്കുന്നതാണ് ബിഷപ്പ് ലിപ്പര്‍ട്ടിന്റെ യാത്രകള്‍. വെറും കാല്‍നടയായി അരമണിക്കൂറോളം നടന്നാണ് അദ്ദേഹം ചെങ്കുത്തായ മലമ്പ്രദേശത്തുള്ള സെന്റ് മൈക്കിള്‍ ചര്‍ച്ചിലേക്കു പോയത്. ഒപ്പം 200 യുവാക്കളുമുണ്ടായിരുന്നു.

‘കാറിലാണ് യാത്ര തുടങ്ങിയത്. എന്നാല്‍ പാതി വഴി പിന്നിട്ടപ്പോള്‍ കാര്‍ ഉപേക്ഷിച്ച് കാല്‍നടയാത്ര തുടങ്ങി. മല കയറുന്നതിനു മുമ്പ് ലായ് നദി കടന്നു പോകണമായിരുന്നു. ആടിയിളകുന്ന ഒരു പാലമായിരുന്നു, നദിക്കു കുറുകെ. താഴേക്കു നോക്കാന്‍ ഭയം തോന്നും വിധം കുതിച്ചുപതഞ്ഞൊഴുകുന്ന നദി. പാലത്തിലെ പലകകള്‍ക്കിടയില്‍ വലിയ വിടവുകള്‍. എന്നാല്‍ നാട്ടുകാരുടെ ആവേശം എനിക്കും ധൈര്യം പകര്‍ന്നു,’ ബിഷപ്പ് ട്വിറ്ററില്‍ കുറിച്ചു.

കര്‍ത്താവിന്റെ തിരുശരീരരക്തങ്ങളുടെ തിരുനാളിനോടനുബന്ധിച്ചായിരുന്നു, ഈ യാത്ര. ‘ദിവ്യകാരുണ്യമായിരുന്നു, ഞങ്ങളുടെ യാത്രയുടെ ഇന്ധനം. എല്ല ജനങ്ങള്‍ക്കും സുവിശേഷം പകരാനുള്ള ആവേശം പകരുന്ന അഗ്നിയായി പരിശുദ്ധാത്മാവും.’ മെത്രാന്‍ എഴുതി..

You must be logged in to post a comment Login