കാണ്ടമാല്‍ കലാപം: പ്രതിയെന്നു മുദ്രകുത്തപ്പെട്ട് ജയിലിലാക്കപ്പെട്ട ക്രൈസ്തവന് ഇടക്കാലജാമ്യം

ഒഡീഷ: ഏഴു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഗോര്‍നാഥ് ചലന്‍സെതിന് ജാമ്യം ലഭിച്ചു. ഇതോടെ രാജ്യത്തെ നടുക്കിയ കാണ്ടമാല്‍ കലാപത്തില്‍ പ്രതികളെന്നു മുദ്രകുത്തപ്പെട്ട് ജയിലില്‍ കിടക്കുന്ന മറ്റ് ആറു പേര്‍ക്കും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒഡീഷയിലെ കൊട്ടാര്‍ഗഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്ന ഗോര്‍നാഥ് ചലന്‍സെത് കേസില്‍ പ്രതികളാക്കപ്പെട്ടവരില്‍ അക്ഷരാഭ്യാസമുള്ള ഏകവ്യക്തിയാണ്. ഒരു മീറ്റിങ്ങിന് എത്തണമെന്നു പറഞ്ഞു ക്ഷണിച്ചുവരുത്തിയാണ് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

2008 ലാണ് രാജ്യത്തെ നടുക്കിയ കാണ്ടമാല്‍ കലാപം അരങ്ങേറിയത്. വിശ്വഹിന്ദു പരിഷത് നേതാവായിരുന്ന സ്വാമി ലക്ഷ്മണാനന്ദയും അദ്ദേഹത്തിന്റെ സഹായികളും കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്വം ക്രിസ്ത്യാനികളില്‍ ആരോപിച്ചായിരുന്നു അക്രമം. നൂറോളം ക്രിസ്ത്യാനികള്‍ കലാപത്തില്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ഭവനങ്ങള്‍ അഗ്നിക്കിരയായി. നിരവധി ദേവാലയങ്ങള്‍ കൊള്ളയടിക്കുകയും തകര്‍ക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന ഏറ്റവും വലിയ അക്രമമായിരുന്നു ഇത്.

സംഭവത്തെത്തുടര്‍ന്ന് ഏഴു ക്രിസ്ത്യനികള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തെങ്കിലും ഇവരെ വിട്ടയച്ചില്ല. 2013 ഒക്ടോബറിലാണ് കോടതി ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

കാണ്ടമാല്‍ കലാപത്തില്‍ പ്രതികളായി ജയിലില്‍ കിടക്കുന്ന നിരപരാധികള്‍ക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ പേരില്‍ പ്രത്യേക വെബ്‌സൈറ്റ് ആരംഭിച്ചിരുന്നു. www.kandhamal.nte എന്ന വെബ്‌സൈറ്റിലൂടെ ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ ഒപ്പുശേഖരണവും നടത്തിവരുന്നുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.

You must be logged in to post a comment Login