കാണ്ടമാല്‍ കലാപത്തില്‍ മരിച്ചവരെ രക്തസാക്ഷികളായി ഉയര്‍ത്തണം: കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്

മുംബൈ: കാണ്ടമാല്‍ കലാപത്തില്‍ മരിച്ചവരെ രക്തസാക്ഷികളുടെ നിരയിലേക്ക് ഉയര്‍ത്തണമെന്ന ആവശ്യവുമായി മുംബൈ ആര്‍ച്ച്ബിഷപ്പും ഫ്രാന്‍സിസ് പാപ്പയുടെ എട്ടംഗ ഉപദേശക സമിതിയിലെ അംഗവുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് രംഗത്ത്. ഭാരതത്തിലെ സഭാംഗങ്ങള്‍ ഇതിനായുള്ള ശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

‘വിശ്വാസികളെ രക്തസാക്ഷികളായി ഉയര്‍ത്തുന്നതു സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്ന വത്തിക്കാനിലെ പൊന്തിഫിക്കല്‍ കോണ്‍ഗ്രിഗേഷനുമായി ഇക്കാര്യം ഞാന്‍ സംസാരിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പയുമായും ഇക്കാര്യം വ്യക്തിപരമായി സംസാരിക്കണമെന്നാണ് എന്റെ ആഗ്രഹം. ആധുനിക കാലത്ത് വിശുദ്ധ പദവിയിലേക്കു വരെ ഉയര്‍ത്തപ്പെടാന്‍ അര്‍ഹതയുള്ള നിരവധി രക്തസാക്ഷികളുണ്ട്. ഇവരെക്കുറിച്ച് കൃത്യമായ പഠനങ്ങളും വിവരശേഖരണവും ആവശ്യമാണ്’ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞു.

മുംബൈയില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ കാണ്ടമാല്‍ കലാപത്തിനിരകളായവര്‍ തങ്ങളുടെ ജീവിതസാക്ഷ്യം പറഞ്ഞിരുന്നു. ഇത് തന്നെ വളരെയധികം സ്പര്‍ശിച്ചെന്നും കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login